ക്രിപ്‌റ്റോകറന്‍സി പണമാക്കി മാറ്റാം; ദുബൈ ബാങ്കില്‍ പുതിയ സംവിധാനം
ക്രിപ്‌റ്റോകറന്‍സി ഉപയോഗത്തില്‍ യു.എ.ഇ മൂന്നാം സ്ഥാനത്ത്
ക്രിപ്‌റ്റോകറന്‍സികള്‍ പണമാക്കി ബാങ്കില്‍ നിക്ഷേപിക്കാനും പിന്‍വലിക്കാനും ദുബൈയിലെ ബാങ്കില്‍ സംവിധാനമൊരുങ്ങി. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും ക്രിപ്‌റ്റോ ഡോട്ട് കോമും ചേര്‍ന്നാണ് ഇത്തരമൊരു സംവിധാനം ആരംഭിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ കൈവശമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ ബാങ്കില്‍ ദിര്‍ഹമാക്കി നിക്ഷേപിക്കാം. ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കാം. ആഗോള തലത്തിലുള്ള ഇടപാടുകാരെ കൂടി മുന്നില്‍ കണ്ടാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇത്തരമൊരു പദ്ധതി തുടങ്ങിയത്. തല്‍സമയ ഓണ്‍ലൈന്‍ ഇടപാടുകളിലൂടെയാണ് ഇത് നടപ്പാക്കുന്നത്.
സജീവമാകുന്ന ക്രിപ്‌റ്റോ ഇടപാടുകള്‍
ദുബൈയില്‍ ജനങ്ങള്‍ക്കിടയില്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ സജീവമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകള്‍ ക്രിപ്‌റ്റോ-ദിര്‍ഹം ബന്ധിത പദ്ധതികള്‍ കൊണ്ടു വരുന്നത്. റീട്ടെയ്ല്‍ ഷോപ്പുകളില്‍ ഉള്‍പ്പടെ ക്രിപ്‌റ്റോ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ കൂടി വരുന്നുണ്ട്. ജീവനക്കാര്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയില്‍ ശമ്പളം നല്‍കുന്നതിന് ദുബൈ കോടതി അടുത്തിടെ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. കൂടുതല്‍ മേഖലകളില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ ലോകത്ത് യു.എ.ഇ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും യു.കെയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.