പരിധികള്‍ കടന്നുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ക്രിപ്‌റ്റോകറന്‍സി ഇന്ത്യയെ സഹായിക്കുമെന്ന് എല്‍ഐസി ചെയര്‍മാന്‍

ബാങ്കിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ പുതു സങ്കേതങ്ങളുടെ കടന്നു വരവും സമ്പദ്വ്യവസ്ഥയിലെ പുതുമാറ്റങ്ങളും വിവരിച്ച് എംആര്‍ കുമാര്‍.

Update:2022-03-30 19:51 IST

ക്രിപ്‌റ്റോകറന്‍സികള്‍ പരിധികള്‍ കടന്നുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ഇന്ത്യയെ സഹായിക്കുമെന്ന് എല്‍ഐസി ചെയര്‍മാന്‍ എം ആര്‍ കുമാര്‍. ഹൈബ്രിഡ് ഡിജിറ്റലൈസേഷന്‍, ഡേറ്റ എന്നിവ ഉപഭോക്താക്കളുടെ ആവശ്യകതകള്‍ നിര്‍വഹിക്കാന്‍ സംരംഭങ്ങളെ സഹായിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷിന്‍ ലേണിംഗ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ടെക്‌നോളജി ആവും ഇനി വരുന്ന കാലത്ത് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നും അദ്ദേഹം വിശദമാക്കി.

പുതു സങ്കേതങ്ങളുടെ ചുവടുപിടിച്ച് മുന്നോട്ടുവരുന്നവര്‍ക്കായിരിക്കും ഇനിയുള്ള മേഖലകളില്‍ മുന്നോട്ട് വരാനാകുക എന്നും അദ്ദേഹം പറഞ്ഞു. ധനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്‌മെന്റ് സമിറ്റില്‍ ഡിജിറ്റലായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയില്‍ നടക്കുന്ന ഏകദിന സമ്മിറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ മിനി ഐപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാഴ്‌സലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി മുഖ്യ പ്രഭാഷണം നടത്തി.
മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് എംഡി പ്രിന്‍സ് ജോര്‍ജ്, ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്കായുള്ള സമഗ്ര ബാങ്കിംഗ് സംവിധാനം ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ വോള്‍ഡിന്റെ സഹസ്ഥാപകനും സിടിഒയുമായ സഞ്ജു സോണി കുര്യന്‍, മാര്‍ക്കറ്റ് ഫീഡ് സ്ഥാപകനും സിഇഒയുമായ ഷാരിഖ് ഷംസുദ്ധീന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ എന്നിവര്‍ ബിഎഫ്എസ്‌ഐ സമിറ്റിലെ മുഖ്യാതിഥികളായി.
2020 വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംഘടിപ്പിക്കപ്പെടുന്നത്. രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് എംഡി കെ. പോള്‍ തോമസ്, എന്നിവരോടൊപ്പം ബിസിനസ്, ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് രംഗത്തെ നിരവധി പ്രമുഖര്‍ സംസാരിക്കുന്നുണ്ട്.
പങ്കെടുക്കുന്നവര്‍ക്ക് മുഖ്യ അതിഥികളുമായി സംവദിക്കാനുള്ള അവസരവുമുണ്ട്.
ലൈവ് കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.dhanambfsisummit.com/livestream/


Tags:    

Similar News