ഇ ഡി പുലിയാണ്! വിജയ് മല്യയുള്‍പ്പെടെയുള്ളവരുടെ കോടിക്കണക്കിന് സ്വത്തുക്കള്‍ കണ്ടുകെട്ടി

വിജയ് മല്യ, മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിവരുടെ 18, 170 കോടി രൂപ വരുന്ന ആസ്തികള്‍ ആണ് ഇഡി കണ്ടു കെട്ടിയത്.

Update: 2021-06-23 14:39 GMT

'ഇഡി പുലിയാണ്!' എന്ന് സോഷ്യല്‍മീഡിയ. ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യയടക്കമുള്ളവരുടെ സ്വത്ത് കണ്ട്‌കെട്ടിയതിന്റെ പ്രതികരണങ്ങളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിനെ ജനം പുകഴ്ത്തുന്നത്. മല്യയെക്കൂടാതെ മെഹുല്‍ ചോക്‌സി, നീരവ് മോദി എന്നിങ്ങനെ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ടവരുടെ 18, 170 കോടി രൂപ വരുന്ന ആസ്തികള്‍ ആണ് ഇഡി കണ്ടു കെട്ടിയത്. ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ് ഇത്.

9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് മല്യയുടെ പേരിലുള്ളത്. 2016 മാര്‍ച്ച 2നാണ് മല്യ രാജ്യം വിട്ടത്. ചോക്‌സിയും മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13500 കോടി രൂപയുടെ സാമ്പത്തിക തിരിമറിയാണ് നടത്തിയത്. ഇവര്‍ 2018 ജനുവരിയിലാണ് രാജ്യം വിട്ടത്.
തട്ടിപ്പിലെ ആകെ തുകയുടെ 9371 കോടി രൂപ കേന്ദ്ര സര്‍ക്കാരിനും പൊതുമേഖല ബാങ്കുകള്‍ക്കും കൈമാറിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. കേസില്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്ടത്തിന്റെ 80.45 ശതമാനം നഷ്ടമാണ് ഈടാക്കിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രസ്താവനയില്‍ വിശദമാക്കിയിട്ടുള്ളത്.
ഇഡി കണ്ടെത്തിയ രേഖകളില്‍ വിദേശത്തേക്കും ആഭ്യന്തര തലത്തിലും നടന്ന പണം കൈമാറ്റത്തിന്റെ രേഖകളും ലഭിച്ചതായി വിശദമാക്കുന്നു. നിയമനടപടികള്‍ നേരിടാനായി മല്യയെയും ചോക്‌സിയെയും നീരവ് മോദിയയെും തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികളും തുടരുകയാണ്.

Tags:    

Similar News