ഇസാഫ് ബാങ്കില്‍ നിന്ന് നേടാം കടലാസ് രഹിത മൈക്രോ വായ്പ
പരിസ്ഥിതിസൗഹൃദം; 2022-23ല്‍ 'ഇ-സിഗ്നേചർ' വഴി നല്‍കിയത് അഞ്ചുലക്ഷത്തിലധികം വായ്പകള്‍
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ (എസ്.എഫ്.ബി) ഇസാഫ് ബാങ്കില്‍ നിന്ന് കടലാസ് രഹിതമായി മൈക്രോ വായ്പകള്‍ നേടാം. പേപ്പര്‍രഹിത സംവിധാനമായ ഇ-സിഗ്നേചര്‍ വഴിയാണ് വായ്പാ വിതരണം. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2022-23) ബാങ്ക് ഈയിനത്തില്‍ 5.27 ലക്ഷം മൈക്രോ വായ്പകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
പരിസ്ഥിതി സൗഹൃദം
വായ്പ അനുവദിക്കുന്ന നടപടികള്‍ക്കുള്ള പേപ്പറുകളുടെ ഉപയോഗം ഇ-സിഗ്‌നേചര്‍ സംവിധാനം വഴി വ്യാപകമായി കുറച്ചതിലൂടെ പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കായി മികച്ച സംഭാവന നല്‍കാന്‍ ബാങ്കിന് കഴിഞ്ഞുവെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
വനനശീകരണം, ജല ഉപയോഗം എന്നിവയും കുറയ്ക്കാന്‍ സാധിച്ചു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
65 ലക്ഷം ഇടപാടുകാര്‍
ഇസാഫ് ബാങ്കിന് നിലവില്‍ 65 ലക്ഷം ഉപഭോക്താക്കളുണ്ട്. 60 ശതമാനം മൈക്രോ ബാങ്കിംഗ് ഉപഭോക്താക്കളും (ഏകദേശം 25 ലക്ഷം വായ്പകള്‍) ഇ-സിഗ്നേചര്‍ സംവിധാനത്തിലേക്ക് മാറി.