ഇസാഫ് ബാങ്കിന് മൂന്നാം പാദ ലാഭത്തില്‍ 200 ശതമാനം വര്‍ധന
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി
തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡസിംബര്‍) 112 കോടി രൂപ ലാഭം (Net Profit) നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 37 കോടി രൂപയില്‍ നിന്ന് 199.8 ശതമാനമാണ് വാര്‍ഷിക വര്‍ധന. സെപ്റ്റംബര്‍ പാദത്തില്‍ ലാഭം 140.12 കോടി രൂപയായിരുന്നു. പാദാധിഷ്ഠിത ലാഭത്തില്‍ കുറവു വന്നിട്ടുണ്ട്.
ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം 20.5 ശതമാനം വര്‍ധനയോടെ 288 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 239 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം 32.3 ശതമാനം വര്‍ധനയോടെ 597 കോടി രൂപയിലുമെത്തി.
ബാങ്കിന്റെ മൊത്തം ബിസിനസ് 38.3 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 37,009 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 26,763 കോടി രൂപയായിരുന്നു.
നിക്ഷേപവും വായ്പയും
വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് ബാങ്ക് കൈവരിച്ചത്. മൊത്തം വായ്പകള്‍ മുന്‍ വര്‍ഷത്തെ 12,544 കോടി രൂപയില്‍ നിന്ന് 36.7 ശതമാനം വര്‍ധിച്ച് 17,153 കോടി രൂപയിലെത്തി.
ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 41 ശതമാനം വര്‍ധിച്ച് 18,860 കോടി രൂപയിലെത്തി.
ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 4.2 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 2.2 ശതമാനമായും കുറച്ച് ഗുണനിലവാരം മെച്ചപ്പെടുത്തി.
ബാങ്കിന്റെ ബിസിനസ് വളര്‍ച്ചയ്ക്ക് തുടര്‍ച്ച ഉറപ്പാക്കാനും ശക്തിപ്പെടുത്താനും തന്ത്രപ്രധാന ശ്രമങ്ങളാണ് ബാങ്ക് നടത്തി വരുന്നതെന്ന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
2023 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇസാഫ് ബാങ്കിന് 731 ശാഖകളും 600 എടിഎമ്മുകളുമുണ്ട്.
ഇസാഫ് ഓഹരി
2023 നവംബര്‍ 10നാണ് ഇസാഫ് ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഓഹരി ഇന്ന് 0.51 ശതമാനത്തിന്റെ നേരിയ നഷ്ടത്തോടെ 78.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 12.35 ശതമാനമാണ് ഓഹരിയുടെ നേട്ടം.