കേരളത്തിന് ഒരു ബാങ്ക് കൂടി നഷ്ടമാകുമോ? ഐ.ഡി.ബി.ഐ ബാങ്ക് നിയന്ത്രണം ഫെയര്‍ഫെക്‌സിലേക്ക്

ഓഹരി വിറ്റഴിക്കല്‍ നടപടികളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആര്‍.ബി.ഐ അനുമതിയായതായി റിപ്പോര്‍ട്ട്

Update:2024-08-01 16:17 IST

Prem Watsa

കേന്ദ്രസര്‍ക്കാരിന്റെയും എല്‍.ഐ.സിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്. ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ താത്പര്യമറിയിച്ച മൂന്ന് കമ്പനികള്‍ക്കും ആര്‍.ആര്‍.ബി.ഐയുടെ പച്ചക്കൊടി ലഭിച്ചതായാണ് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ വംശജനും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേംവത്സ നയിക്കുന്ന ഫെയര്‍ഫാക്‌സ് ഇന്ത്യ ഹോള്‍ഡിംഗ്‌സിനാണ് കൂടുതല്‍ സാധ്യതയെന്നാണ് സൂചനകള്‍.

ഫെയര്‍ഫാക്‌സിനെ കൂടാതെ എന്‍.ബി.ഡി എമിറേറ്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും മുന്നോട്ട് വന്നിരുന്നിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് കൊട്ടക് ബാങ്ക് പിന്‍വാങ്ങിയതായാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. എമിറേറ്റ്‌സ് എന്‍.ബി.ഡി കൂടുതല്‍ തുക വാഗ്ദാനം ചെയ്ത് അതിശയിപ്പിച്ചേക്കാമെന്നും സൂചനകളുണ്ട്. ഈ മാസം തന്നെ ഇതിന്റെ സൂക്ഷ്മ പരിശോധന തുടങ്ങുമെന്നുമാണ്  അറിയുന്നത്.
കേരളത്തിന് നഷ്ടമോ?
നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കിയാലും ഐ.ഡി.ബി.ഐ ബാങ്കിനെ നിലനിറുത്തുമെന്ന് ഫെയര്‍ഫാക്‌സ് സര്‍ക്കാരിന് സർക്കാറിന് ഉറപ്പ് നൽകിയതായാണ് അറിയുന്നത്. ഇതാണ് ഐ.ഡിബി.ഐക്ക് മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് മേല്‍ക്കൈ നല്‍കുന്നത്. അങ്ങനെയെങ്കില്‍ കേരളത്തെ സംബന്ധിച്ച് വലിയൊരു നഷ്ടമായിരിക്കുമിത്.
കേരളം ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ (മുന്‍പ് കാത്തലിക് സിറിയന്‍ ബാങ്ക്) മുഖ്യ പ്രമോട്ടറാണ് ഫെയര്‍ഫാക്‌സ്. ഓഹരി വില്‍പ്പന നീക്കം യാഥാര്‍ത്ഥ്യമായാല്‍  സി.എസ്.ബി ബാങ്കിനെ ഐ.ഡി.ബി.ഐ ബാങ്കില്‍ ലയിപ്പിക്കേണ്ടി വരും. കാരണം ഒരാള്‍ക്ക് ഒരേ സമയം രണ്ട് ബാങ്കിന്റ പ്രമോട്ടര്‍ സ്ഥാനം വഹിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. സ്വാഭാവികമായും താരതമ്യേന ഉയര്‍ന്ന വിപണിമൂല്യമുള്ള ഐ.ഡി.ബി.ഐയിലേക്ക് സി.എസ്.ബി ബാങ്കിനെ ലയിപ്പിക്കേണ്ടി വരും. 1.08 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്. സി.എസ്.ബി ബാങ്കിന്റെ വിപണി മൂല്യം 5,834 കോടി രൂപയും.
ഇതിനു മുമ്പ് 2017ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) മാതൃബാങ്കായ എസ്.ബി.ഐയില്‍ ലയിച്ചിരുന്നു. അതോടെ കേരളം ആസ്ഥാനമായ ഏക പൊതുമേഖല ബാങ്കിനെയാണ് സംസ്ഥാനത്തിന് നഷ്ടമായത്. തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി. ബാങ്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ ലയിച്ചാല്‍ കേരളം ആസ്ഥാനമായ ഒരു ബാങ്കിനെ കൂടിയാകും നഷ്ടമാവുക.
ഓഹരി വച്ച് മാറ്റവും 
 ഇടപാടിന്റെ രീതി എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ഇതു വരെ വ്യക്തതയായിട്ടില്ല. കേന്ദ്രസര്‍ക്കാരില്‍ നിന്നും എല്‍.ഐ.സിയില്‍ നിന്നും 60.7 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ കാഷ് ഡീല്‍ ആണ് ഐ.ഡി.ബി.ഐ വാഗ്ദാനം ചെയ്യുന്നതെന്നാണ്  ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം. അതേ സമയം ഇതില്‍ ഓഹരി സ്വാപ്പിംഗ് ഇടപാടുമുണ്ടായേക്കാം. അതായത് മുഴുവന്‍ പണം നല്‍കുന്നതിന് പകരം ഓഹരികള്‍ വച്ചുമാറും.
എല്‍.ഐ.സിക്ക് 49.24 ശതമാനവും കേന്ദ്ര സര്‍ക്കാരിന് 45.48 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഐ.ഡി.ബി.ഐ ബാങ്കിലുള്ളത്. അതായത്, മൊത്തം 94.72 ശതാനം. ഇതില്‍ 60.72 ശതമാനം ഓഹരികള്‍ വിറ്റൊഴിയാനാണ് നീക്കം. സര്‍ക്കാര്‍ 30.48 ശതമാനവും എല്‍.ഐ.സി 30.24 ശതമാനവും ഓഹരികള്‍ വിറ്റൊഴിയും. ഐ.ഡി.ബി.ഐ ബാങ്കിന്റെ നിലവിലെ വിപണി മൂല്യത്തേക്കാള്‍ ഉയര്‍ന്ന മൂല്യം വിലയിരുത്തിയാകും സര്‍ക്കാരും എല്‍.ഐ.സിയും ഓഹരി വിറ്റൊഴിയുക. ഓഹരി വില്‍പ്പനയ്ക്ക് ശേഷം കേന്ദ്ര സര്‍ക്കാരിന് 19 ശതമാനവും എല്‍.ഐ.സിക്ക് 15 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും.
സി.എസ്.ബി ബാങ്കിന് 113.32 കോടി ലാഭം
2024 ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ സി.എസ്.ബി ബാങ്ക് 113.32 കോടി രൂപയുടെ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 132.23 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ ബാങ്കിന്റെ അറ്റ പലിശ വരുമാനം 171.83 കോടി രൂപയായി.  മൊത്ത നിഷ്ക്രിയ  ആസ്തി 1.69 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 0.68 ശതമാനവുമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 55,019 കോടി രൂപയായി. നിക്ഷേപങ്ങള്‍ 22 ശതമാനം വളര്‍ച്ചയോടെ 29,920 കോടിയും വായ്പകള്‍ 18 ശതമാനം വളര്‍ച്ചയോടെ 25,099 കോടിയുമായി.
ഇന്നലെയാണ് സി.എസ്.ബി ബാങ്ക് പ്രവർത്തന ഫലങ്ങൾ പുറത്തു വിട്ടത്. ഓഹരികളിന്ന് 2.55 ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടത്തുന്നത്. ഓഹരി വില 336.35 രൂപയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 12.57 ശതമാനമാണ് ഓഹരിയുടെ നേട്ടം.
അതേസമയം, ഐ.ഡി.ബി ബാങ്ക്  ഓഹരികള്‍ ഇന്ന് നാല് ശതമാനത്തോളം ഇടിവിലാണ്. ഓഹരി വില ഒരുവേള 99.60 രൂപ വരെ താഴ്ന്നിരുന്നു. നിലവില്‍ 100.26 രൂപയിലാണ് വ്യാപാരം. ഒരു വര്‍ഷക്കാലയളവില്‍ 60 ശതമാനത്തോളം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുണ്ട് ഐ.ഡി.ബി.ഐ ബാങ്ക് ഓഹരി.
Tags:    

Similar News