അമിത ജോലിഭാരമെന്നു സംഘടന: ഫെഡറല്‍ ബാങ്ക് ഓഫീസര്‍മാര്‍ സമരത്തിലേക്ക്

ആരോപണങ്ങള്‍ നിഷേധിച്ച് ബാങ്ക്

Update: 2023-06-14 10:14 GMT

Image Courtesy: Vijay/Dhanam

ഫെഡറല്‍ ബാങ്ക് ഓഫീസര്‍മാര്‍ ജൂണ്‍ 26 ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ഉഭയകക്ഷി കരാറുകള്‍ ലംഘിച്ച് മാനേജ്മെന്റ് ഏകപക്ഷീയമായ നിലപാടെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.1,350 ഓളം ഓഫീസുകളിലായി 5,000ത്തോളം ഓഫീസര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.

ബാങ്കിന്റെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നില്ലെന്നതടക്കമുള്ള വിവിധ കാരണങ്ങളാണ് സമരത്തിനു പിന്നിലെന്ന് ഫെഡറല്‍ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷിമിത്ത് പി.ആര്‍ പറഞ്ഞു.

നിയമനങ്ങള്‍  കുറവ്
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പുതിയ ജീവനക്കാരെ നിയമിക്കുന്നതില്‍ മെല്ലെപോക്ക് നയമാണ് ബാങ്ക് പിന്തുടരുന്നതെന്ന്‌ അസോസിയേഷൻ ആരോപിക്കുന്നു. 2018 ലേക്കാള്‍ ബാങ്കിന്റെ ബിസിനസ് ഇരട്ടിയായെങ്കിലും നിയമനങ്ങൾ വളരെ പിന്നിലാണ്. പ്രസവാവധിയും മറ്റുമായി ജീവനക്കാര്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ ആ ഒഴിവുകള്‍ നികത്താതെ നിലവിലുള്ള ജീവനക്കാരിലേക്ക് ജോലിഭാരം ഏല്‍പ്പിക്കുന്ന രീതിയാണ് പിന്തുടരുന്നത്. സേവനങ്ങള്‍ ലഭ്യമാക്കാന്‍ കാലതാമസം വരുന്നത് ഉപയോക്താക്കളുടെ ഭാഗത്തു നിന്ന് വ്യാപകമായ പരാതികള്‍ ഉയരുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഓരോ ശാഖയിലും ഒരാള്‍ എന്ന നിലയിലെങ്കിലും പുതിയ നിയമനം നടത്തണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

അതേസമയം, അസോസിയേഷന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഫെഡറല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷവും ബാങ്കിന്റെ വളര്‍ച്ചാ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉതകുന്ന തരത്തില്‍ വലിയ തോതില്‍ നിയമനങ്ങള്‍ നടത്തി. മാത്രമല്ല നിയമനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ബാങ്ക് അവകാശപ്പെട്ടു.

താങ്ങാനാകാത്ത ടാര്‍ഗറ്റ്, സ്ഥലം മാറ്റൽ 
 ബിസിനസ് കൂടുന്നതിനനുസരിച്ച് ടാര്‍ഗറ്റുകളും ഉയര്‍ത്തുകയാണ് ബാങ്ക് എന്നാണ് ജീവനക്കാർ പറയുന്നത്. ആവശ്യത്തിനു ജീവനക്കാരില്ലാത്ത അവസരത്തില്‍ ബ്രാഞ്ച് മാനേജര്‍മാരോടു പോലും ആലോചിക്കാതെ ഉയര്‍ന്ന ടാര്‍ഗറ്റ് നിശ്ചയിക്കുന്നത് ജീവനക്കാരെ നിരുത്സാഹപ്പെടുത്തതിനും പ്രവര്‍ത്തന ക്ഷമത കുറയ്ക്കാനും ഇടയാക്കുന്നു. മാത്രമല്ല ഇത് അപകടകരമായ ബിസിനസ് രീതി അവംലംബിക്കാന്‍ ബാങ്ക് മാനേജര്‍മാരെ നിര്‍ബന്ധിതരാക്കുന്നുണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു.
എല്ലാവര്‍ഷവും നടക്കുന്ന  പൊതു സ്ഥലം മാറ്റലിനു പുറമെ വ്യക്തിഗത സ്ഥലം മാറ്റങ്ങള്‍ നടത്തുന്നുവെന്നതാണ് മറ്റൊരു പ്രശ്‌നം. ജോലികള്‍ തീര്‍ക്കാനും മറ്റുമായി ബാങ്കിംഗ് സമയം കഴിഞ്ഞ് വളരെ വൈകിയും ഓഫീസില്‍ തുടരേണ്ട അവസ്ഥ ജീവനക്കാര്‍ക്കുണ്ട്. ഇത് ജീവനക്കാരുടെ വർക്ക്- ലൈഫ് ബാലൻസിനെ മോശമായി ബാധിക്കുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

സുതാര്യത വേണം 

ജീവനക്കാരുടെ പെര്‍ഫോമന്‍സിന് അനുസരിച്ച് ഇന്‍സെന്റീവ് നല്‍കുന്നുണ്ടെങ്കിലും അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ സുതാര്യമാകണമെന്നും ആവശ്യമുയരുന്നുണ്ട്. വന്‍ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ട് പുറത്തുനിന്ന് ഉന്നതതല നിയമനങ്ങള്‍ നടത്തുന്നതിനെയും അസോസിയേഷന്‍ എതിര്‍ക്കുന്നു.  കൂടാതെ അസോസിയേഷന്റെ അംഗങ്ങളെ പ്രമോഷനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഗണിക്കാത്തതും ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ വിവിധ ശാസ്ത്രീയമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ടാർറ്റുകളും പ്രൊമോഷനും സ്ഥലമാറ്റവുമൊക്കെ നടത്തുന്നതെന്നും യാഥാർഥ്യം മനസിലാക്കാതെയാണ് അസോസിയേഷന്റെ തീരുമാനമെന്നുമാണ് ബാങ്ക് ആരോപിക്കുന്നത്. 
കഴിഞ്ഞ വർഷവും ഇത്തരത്തില്‍ സമരവുമായി അസോസിയേഷന്‍ രംഗത്തെത്തിയെങ്കിലും ബാങ്ക് ഹൈക്കോടതിയില്‍ നിന്ന്  സമരത്തിന് സ്‌റ്റേ വാങ്ങുകയായിരുന്നു. സമരവുമായി മുന്നോട്ട് പോകുമെന്ന് അസോസിയേഷന്‍ പറയുന്നുണ്ടെങ്കിലും ഇത്തവണയും ബാങ്ക് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയേക്കാനാണ്‌ സാധ്യത.
Tags:    

Similar News