സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കൂട്ടി ഫെഡറല്‍ ബാങ്ക്
മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15% ശതമാനം പലിശ നേടാം
സ്ഥിര നിക്ഷേപങ്ങളിലൂടെ (എഫ്.ഡി) നേട്ടം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുംവിധം പലിശനിരക്ക് ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്. സ്ഥാപകദിനാഘോഷത്തോടും ഉത്സവ സീസണോടനുബന്ധിച്ചുമാണ് നിരക്ക് വര്‍ധന. പുതിയ നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്കാണ് ഈ നിരക്ക് ലഭിക്കുക. കാലാവധിക്കു മുന്‍പ് പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് 7.90 ശതമാനമാണ് പുതിയ നിരക്ക്. മറ്റുള്ളവര്‍ക്ക് യഥാക്രമം 7.65 ശതമാനവും 7.40 ശതമാനവുമാണ് 400 ദിവസത്തെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശനിരക്ക്.
13 മാസം മുതല്‍ 21 മാസം വരെ കാലാവധിയുള്ള (400 ദിവസം ഉള്‍പ്പെടാതെ), കാലാവധിക്ക് ശേഷം മാത്രം പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.05 ശതമാനവും മറ്റുള്ളവര്‍ക്ക് 7.55 ശതമാനവും പലിശ ലഭിക്കും. ഇതേ കാലയളവിലെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പിന്‍വലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 7.80%, 7.30% എന്നിങ്ങനെയാണ് പുതിയ നിരക്ക്.