നിങ്ങള്‍ ചെറുപ്പമാണോ; കോടിപതിയാകണോ? പയറ്റാം ഈ വിദ്യകള്‍
ധനികരാകാന്‍ മുന്നിലുള്ളത് ഒട്ടേറെ വഴികള്‍, പ്രധാനം ജീവിത ലക്ഷ്യം
കോടിപതിയാകാന്‍ ഇഷ്ടമില്ലാത്ത ആരാണ് ഈ ലോകത്തുള്ളത്? കോടികളുടെ സമ്പാദ്യമുണ്ടാക്കി ആഢംബര ജീവിതം നയിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാകും. എന്നാല്‍ കോടികളുണ്ടാക്കുന്നത് അസാധ്യമായ കാര്യമാണെന്ന് ധരിച്ചു വെച്ചിരിക്കുന്നവരാണധികവും. കയ്യില്‍ പണമുള്ളവര്‍ക്കേ കൂടുതല്‍ പണമുണ്ടാക്കാന്‍ കഴിയൂ എന്നൊരു ധാരണയുണ്ട്. അത് മൂലം നിരാശരായി പിന്തിരിയുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇതൊരു തെറ്റായ ധാരണയാണ്. നമ്മുടെ വരുമാനമൊന്നുമല്ല പണക്കാരനാകാനുള്ള ഘടകം. വരുമാനം എങ്ങനെ ചെലവഴിക്കുന്നു, എത്ര സമ്പാദ്യമാക്കി മാറ്റുന്നു എന്നതാണ് പ്രധാനം. ചെറുപ്പ കാലത്തെ സമ്പാദ്യശീലമാണ് ഒരാളെ പ്രായമാകുമ്പോള്‍ പണക്കാരനാക്കുന്നത്. വരുമാനത്തെ മികച്ച രീതിയില്‍ വിനിയോഗിക്കുന്നതാണ് പ്രധാനം. വര്‍ഷം തോറും ഏഴു മുതല്‍ പത്തുവരെ ശതമാനം വരെ വരുമാനം നൽകുന്ന മ്യൂച്ച്വല്‍ ഫണ്ടുകള്‍ പോലുള്ള നിക്ഷേപങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ സഹായകമാണ്. ധന സമ്പാദനത്തില്‍ മൂന്നു കാര്യങ്ങള്‍ക്ക് ഉയര്‍ന്ന സ്ഥാനമുണ്ട്. കഠിനാധ്വാനം, വ്യക്തിപരമായ അച്ചടക്കം, തന്ത്രപരമായ സാമ്പത്തിക ആസൂത്രണം എന്നിവയാണിത്. ധനികരാകാന്‍ ഉയര്‍ന്ന വരുമാനം വേണമെന്ന ധാരണ ശരിയല്ല. മികച്ച ആസൂത്രണത്തോടെ വരുമാനം നിക്ഷേപമാക്കി മാറ്റേണ്ടതുണ്ട്. ചെറുപ്പത്തില്‍ തന്നെ ഈ ശീലങ്ങള്‍ തുടങ്ങിയാല്‍ കോടീശ്വരനിലേക്കുള്ള വഴി ഏറെ ദൈര്‍ഘ്യമുള്ളതാകില്ല.
വേണം സാമ്പത്തിക ആസൂത്രണം
നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പായി നിങ്ങളുടെ വരുമാനം, ചിലവുകള്‍, സമ്പാദ്യ ശേഷി എന്നിവയെ കുറിച്ച് കൃത്യമായി മനസിലാക്കണം. ശരാശരി ജീവിത ചിലവുകള്‍, ചിലവിടുന്നതിന്റെ സ്വഭാവം എന്നിവയെ കുറിച്ചും അറിയണം. അത്യാവശ്യ ചിലവുകളെ കുറിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കാം. വാടക, യാത്രാ ചിലവുകള്‍, പലവ്യഞ്ജന ചിലവുകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റ് ചിലവുകളുടെ സ്ഥിരം സ്വഭാവത്തെ കുറിച്ച് മനസിലാക്കാന്‍ സഹായിക്കും. ഈ ചിലവുകള്‍ക്കുള്ളില്‍ തുടരാന്‍ പരമാവധി ശ്രമം വേണം.
മികച്ച തന്ത്രങ്ങള്‍, സ്ഥിരത
വരുമാനമുണ്ടാക്കുന്നതില്‍ മികച്ച തന്ത്രങ്ങള്‍ക്കും അവ നടപ്പാക്കുന്നതിനും പ്രധാന സ്ഥാനമുണ്ട്. ഇതിന് മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കണം. നമ്മുടെ ലക്ഷ്യങ്ങള്‍ തയ്യാറാക്കുന്നതിനും നിക്ഷേപിക്കാന്‍ കഴിയുന്ന തുക എത്രയെന്ന് തീരുമാനിക്കുന്നതിനും ധനസമ്പാദനത്തിനുള്ള രൂപരേഖയുണ്ടാക്കുന്നതിനും ഇത്തരം ആപ്പുകള്‍ സഹായകമാണ്. നിക്ഷേപ പദ്ധതികളെ കുറിച്ച് വിവരങ്ങള്‍ ആര്‍ജ്ജിക്കേണ്ടതും ആവശ്യമായ ഗവേഷണങ്ങള്‍ നടത്തേണ്ടതും പ്രധാനമാണ്.
ജീവിത ലക്ഷ്യം പ്രധാനം
ഓരോരുത്തരുടെയും സാമ്പത്തിക മോഹങ്ങള്‍ വ്യത്യസ്തമാണ് എന്നതിനാല്‍ ഓരോ വ്യക്തിക്കും സ്വന്തമായ ജീവിത ലക്ഷ്യം മുന്നിലുണ്ടാകേണ്ടത് ആവശ്യമാണ്. ആദ്യം ലക്ഷ്യമിടുന്ന ഒരു കോടി രൂപ സമ്പാദിച്ചാല്‍, പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്തി അതിലെത്താനുള്ള ശ്രമങ്ങള്‍ തുടരണം. പുതിയ വീട്, വാഹനം എന്നിവ വാങ്ങല്‍, വിവാഹം, സ്വന്തമായൊരു ബിസിനസ്, റിട്ടയര്‍മെന്റ് തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങളും മുന്നിലുണ്ടാകണം. നിങ്ങളുടെ സമ്പാദ്യം വിശാലമായ ലക്ഷ്യങ്ങളെ ഉള്‍കൊള്ളാന്‍ പര്യാപ്തമാണോ എന്നതും പ്രധാനമാണ്. റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ്ണം, ഓഹരി നിക്ഷേപങ്ങള്‍, റിട്ടയര്‍മെന്റ് പ്ലാനുകള്‍ എന്നിവക്ക് ഇത് പര്യാപ്തമാകുന്നുണ്ടോ എന്നും ചിന്തിക്കേണ്ടതുണ്ട്. ജീവിതത്തിലെ ആവശ്യങ്ങളിലും ലക്ഷ്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടാകാം. ഇതിനനുസരിച്ച് സാമ്പത്തിക തന്ത്രങ്ങളെ മാറ്റാനും കഴിയണം.
നേരത്തെ തുടങ്ങാം, തുടരാം
നിക്ഷേപങ്ങള്‍ എത്രയും നേരത്തെ തുടങ്ങുന്നോ അത്രയും നല്ലതാണ്. കൂടുതല്‍ കാലത്തേക്ക് നിക്ഷേപം തുടരാന്‍ കഴിയുന്നത് ലക്ഷ്യങ്ങളെ വേഗത്തില്‍ അടുപ്പിക്കും. സമ്പാദ്യം വേഗത്തില്‍ വളരുന്നതിനും ഇത് സഹായിക്കും. റിസ്‌ക്കുകളെ നേരിടുന്നതിനുള്ള പ്രായോഗിക രീതി കൂടിയാണിത്. നിങ്ങള്‍ 15 ശതമാനം വാര്‍ഷിക വരുമാനം പ്രതീക്ഷിച്ച് മാസന്തോറം 20,000 രൂപ ഓഹരി വിപണിയില്‍ എസ്.ഐ.പി രീതിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 13 വര്‍ഷത്തിനുള്ളില്‍ വരുമാനം ഒരു കോടിയിലെത്തും. നേരെ മറിച്ച് പത്തു വര്‍ഷത്തിനുള്ളില്‍ ഇതേ രീതിയില്‍ മറ്റു നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ നിങ്ങള്‍ 24 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കേണ്ടതുണ്ട്. ഇതാകട്ടെ കൂടുതല്‍ റിസ്‌ക് ഉള്ള കാര്യവുമാണ്. ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപങ്ങള്‍ ഒഴിവാക്കി പ്രതിമാസ നിക്ഷേപത്തിന്റെ തോത് കൂട്ടുകയാണ് മുന്നിലുള്ള മികച്ച വഴി. നിക്ഷേപ സ്വഭാവം നേരത്തെ തുടങ്ങി ദീര്‍ഘകാലത്തേക്ക് തുടരുന്നതാണ് സുരക്ഷിതമായ രീതി.
വൈവിധ്യങ്ങളുടെ പോര്‍ട്ട്‌ഫോളിയോ
ചെറുപ്രായത്തില്‍ തന്നെ വ്യത്യസ്തങ്ങളായ നിക്ഷേപ പദ്ധതികളുടെ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കേണ്ടതുണ്ട്. റിസ്‌കുകള്‍ എടുക്കാന്‍ താല്‍പര്യമുള്ള കാലമാണ് യുവത്വം. നിക്ഷേപ സാധ്യതകളുടെ വൈവിധ്യങ്ങളെ കുറിച്ച് മനസിലാക്കാന്‍ ഇത് ഉപകരിക്കും. ദീര്‍ഘകാലത്തേക്ക് ഗുണകരമാകുകയും ചെയ്യും. ഒരു കോടി രൂപ സമ്പാദിക്കണമെങ്കില്‍ ഏറെ ക്ഷമ വേണമെന്ന് ആദ്യം മനസിലാക്കണം.വിവിധ നിക്ഷേപ മേഖലകളെ കുറിച്ച് ആഴത്തില്‍ പഠിച്ച് ബുദ്ധിപരമായ മാനേജ്‌മെന്റിലൂടെ നിക്ഷേപങ്ങള്‍ നടത്തണം. ഓഹരി വിപണിയില്‍ നേരിട്ടും എസ്.ഐ.പി മുഖേനയും നിക്ഷേപം നടത്തുന്നതിനും അനുകൂലമാണ് ഈ പ്രായം. വിവിധ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതുമുണ്ട്. സ്ഥിര നിക്ഷേപങ്ങള്‍, കടപത്രങ്ങള്‍, നികുതി ആനുകൂല്യ നിക്ഷേപങ്ങള്‍ എന്നിവയും തള്ളിക്കളയേണ്ടവയല്ല. കോമ്പൗണ്ടിംഗ് രീതിയില്‍ മികച്ച വരുമാനം നല്‍കുന്നവയാണവ. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നത് അപ്രതീക്ഷിത സാഹചര്യങ്ങളില്‍ പിന്തുണയായി മാറും. വലിയ മോഹങ്ങളെ ലക്ഷ്യം വെക്കുന്ന യുവാക്കള്‍ക്ക് മുമ്പില്‍ സജീവമായ തൊഴില്‍ കാലമാണുള്ളത്. വിവിധ വിപണികളെ കുറിച്ച് വിശദമായ വിവരങ്ങളെല്ലാം ലഭിക്കുന്ന കാലത്ത്, തങ്ങള്‍ക്ക് അനുകൂലമായ നിക്ഷേപ രീതികളെ കുറിച്ച് തന്ത്രപരമായ തീരുമാനമെടുക്കാനും വെല്ലുവിളികളെ തിരിച്ചറിയാനും യുവാക്കള്‍ക്ക് കഴിയണം. സാമ്പത്തിക അച്ചടക്കത്തില്‍ വിട്ടുവീഴ്ചകള്‍ പാടില്ല. കോമ്പൗണ്ടിംഗ് നിക്ഷേപ പദ്ധതികളില്‍ നിന്നുള്ള വരുമാനം ഏറെ കാലമെടുക്കുന്നതാണ്. എസ്.ഐ.പികളിലൂടെയുള്ള തുടര്‍ച്ചയായ നിക്ഷേപ ശീലമാണ് അഭികാമ്യം. ചെറുതല്ലാത്ത നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടര്‍ന്നാല്‍, കോടിപതിയാകാനുള്ള നിങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകും. നിക്ഷേപ സാധ്യതകളെ കുറിച്ച് വിവരം നേടുക, ലക്ഷ്യം നിലനിര്‍ത്തുക, അച്ചടക്കം പാലിക്കുക, ക്ഷമാശീലരാകുക..കോടിപതിയിലേക്കുള്ള എളുപ്പ വിദ്യകളാണിവ.