എൻ.ബി.എഫ്.സികളുടെ സ്വർണ, ഓഹരി വായ്‌പകൾക്ക് പ്രിയം കുറയുന്നു

വ്യക്തിഗത, വിദ്യാഭ്യാസ വായ്‌പകളിൽ മികച്ച വളർച്ച

Update: 2023-12-28 05:14 GMT

Image by Canva

2023-24 ജൂൺ പാദത്തെ അപേക്ഷിച്ച് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സികൾ) അനുവദിച്ച വായ്‌പയിൽ സെപ്റ്റംബർ പാദത്തിൽ 15,741 കോടി രൂപയുടെ കുറവ് ഉണ്ടായതായി ഫിനാൻഷ്യൽ ഇൻഡസ്ട്രി ഡെവലപ്പ്മെന്റ് കൗൺസിലും ക്രെഡിറ്റ് ബ്യൂറോ സി.ആർ.ഐ.എഫും ചേർന്ന് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. സ്വർണ, ഓഹരി വായ്‌പകളിലെ കുറവ് മൂലം മൊത്തം അനുവദിച്ച വായ്‌പകൾ ജൂൺ പാദത്തിലെ 4 ലക്ഷം കോടിയിൽ നിന്ന് 3.85 ലക്ഷം കോടിയായി കുറഞ്ഞെന്ന് ഇക്കോണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. എന്നാൽ മുൻ വർഷത്തെ സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് 11,154 കോടി രൂപയുടെ (3%) വർധനയുണ്ട്.

സ്വർണ, ഓഹരി വായ്‌പ
സ്വർണ വായ്‌പയിൽ 9 ശതമാനം വാർഷിക വളർച്ച ഉണ്ടായെങ്കിലും ജൂൺ പാദത്തെ അപേക്ഷിച്ച് 30 ശതമാനം ഇടിവ് ഉണ്ടായി. കടം എടുക്കന്നതിലെ മുൻഗണനകൾ മാറിയതോ സ്വര്‍ണ വിപണിയിലെ ഏറ്റക്കുറച്ചിലുകളോ ആകാം ഇടിവിന് കാരണമെന്ന് കരുതുന്നു.
ഓഹരി ഈടായി സ്വീകരിച്ച് നൽകുന്ന വായ്‌പകൾക്ക് റിസർവ് ബാങ്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതാണ് ഈ വിഭാഗത്തിൽ വളർച്ച കുറയാൻ കാരണം. ഓഹരി മൂല്യത്തിന്റെ 50 ശതമാനത്തിൽ അധികം വായ്‌പ നൽകരുതെന്ന് റിസർവ് ബാങ്ക് എൻ.ബി.എഫ്.സികൾക്ക് നിർദേശം നൽകിയിരുന്നു. ഓഹരി വായ്‌പ സെപ്റ്റംബർ പാദത്തിൽ 77 
ശതമാനം
 കുറഞ്ഞ് 853 കോടി രൂപയായി.
അഫോർഡബിൾ ഹൗസിംഗ് വിഭാഗത്തിലാണ് എൻ.ബി.എഫ്.സികൾ കൂടുതലായി ഭവന വായ്‌പകൾ നൽകുന്നത്. ഇതിൽ സെപ്റ്റംബർ പാദത്തിൽ ഒരു ശതമാനം ഇടിവ് ഉണ്ടായി.
വിദ്യാഭ്യാസ, വ്യക്തിഗത വായ്‌പ
വിദ്യാഭ്യാസ വായ്‌പയിൽ മുൻ പാദത്തെ അപേക്ഷിച്ച് സെപ്റ്റംബർ പാദത്തിൽ 74 ശതമാനം വളർച്ച നേടി. മൊത്തം 12,422 കോടി രൂപ അനുവദിച്ചു. വ്യക്തിഗത വായ്‌പകളിൽ 10 ശതമാനം വളർച്ച നേടി. 64,778 കോടി രൂപയാണ് അനുവദിച്ചത്. കൺസ്യൂമർ വായ്‌പകൾ ഇക്കാലയളവിൽ 12 ശതമാനം കുറഞ്ഞു.


Tags:    

Similar News