വ്യത്യസ്ത സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സംയോജിത ലൈസന്‍സ്; നിര്‍ദ്ദേശങ്ങളുമായി ധനമന്ത്രാലയം

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്റെയും മുഴുവന്‍ സമയ അംഗങ്ങളുടെയും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Update:2022-12-02 16:27 IST

ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വ്യത്യസ്ത സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുന്ന സംയോജിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പടെ ഇന്‍ഷുറന്‍സ് നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് ധനമന്ത്രാലയം. മിനിമം മൂലധന ആവശ്യകതകള്‍ നിറവേറ്റുന്നുണ്ടെങ്കില്‍ വിവിധ ഇന്‍ഷുറന്‍സ് ബിസിനസ്സുകള്‍ക്ക് റെഗുലേറ്ററില്‍ നിന്ന് വ്യത്യസ്ത ലൈസന്‍സുകള്‍ ഇവിടെ വേണ്ടി വരില്ല.

ഇതിന് 1938-ലെ ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി ആവശ്യമാണ്. ഇത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണെന്ന് ഐആര്‍ഡിഎഐ മുന്‍ അംഗം നിലേഷ് സാത്തേ പറഞ്ഞു. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്റെയും മുഴുവന്‍ സമയ അംഗങ്ങളുടെയും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 1999-ലെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് ആക്ട് പ്രകാരം മുഴുവന്‍ സമയ അംഗങ്ങളുടെയും ചെയര്‍പേഴ്സന്റെയും വിരമിക്കല്‍ പ്രായം ഇപ്പോള്‍ 62 ആണ്. ഇത് 65 ആക്കി ഉയര്‍ത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലെഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലുകളുടെ ഘടനയില്‍ മാറ്റം, മ്യൂച്വല്‍ ഫണ്ട് പോലെ മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കുക തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങളും ധനമന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ സര്‍ക്കാരിന് അയച്ച ശുപാര്‍ശകളുടെ ഭാഗമാണ് ഈ നിര്‍ദ്ദിഷ്ട ഭേദഗതികളില്‍ പലതും. ഈ ഭേദഗതികള്‍ പോളിസി ഉടമകളുടെ സാമ്പത്തിക ഭദ്രത വര്‍ധിപ്പിക്കുമെന്നും അവരുടെ വരുമാനം മെച്ചപ്പെടുത്തുമെന്നും പറയുന്നു.

Tags:    

Similar News