ലോകത്തെ ഏഴാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി; അറ്റാദായത്തില്‍ 30 ശതമാനം വര്‍ധന

ബാങ്കിന്റെ വിപണി മൂല്യം 12.66 ലക്ഷം കോടി ആയി

Update:2023-07-17 17:44 IST

Photo credit: VJ/Dhanam   

ജൂണില്‍ അവസാനിച്ച പാദത്തില്‍ 11,952 കോടി രൂപ അറ്റാദായം (net profit) നേടി എച്ച്.ഡി.എഫ്.സി ബാങ്ക്. മുന്‍ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എച്ച്.ഡി.എഫ്.സി- എച്ച്.ഡി.എഫ്.സി ബാങ്ക് ലയനത്തിനു ശേഷം പുറത്തുവന്നിട്ടുള്ള ആദ്യ റിസള്‍ട്ടാണിത്.

അറ്റ വരുമാനത്തിലും എച്ച്.ഡി.എഫ്.സി ബാങ്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. മുന്‍വര്‍ഷം ഇതേ പാദത്തിലെ 25,870 കോടി രൂപയില്‍ നിന്ന് 32,829 കോടി രൂപയിലേക്കാണ് ബാങ്കിന്റെ അറ്റ വരുമാനം വര്‍ധിച്ചത്. 26.9 ശതമാനമാണ് വര്‍ധന.

അറ്റ പലിശ വരുമാനം (net interest income-NII) 19,481 കോടി രൂപയില്‍നിന്ന് 21.1 ശതമാനം വര്‍ധിച്ച് 23,599 കോടിയായി. മൊത്തം നിഷ്‌ക്രിയ ആസ്തി (gross npi) മാര്‍ച്ച് പാദത്തിലെ 1.12 ശതമാനത്തില്‍നിന്ന് 1.17 ശതമാനമായി ഉയര്‍ന്നു. മൊത്തം നിക്ഷേപം 19.13 ലക്ഷം കോടി. വാര്‍ഷിക വര്‍ധന 19.2 ശതമാനം.

സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ 10.7 ശതമാനമാണ് വര്‍ധന. സേവിംഗ്‌സ് അക്കൗണ്ടില്‍ 5.6 ലക്ഷം കോടിയും കറന്റ് അക്കൗണ്ടില്‍ 2.52 ലക്ഷം കോടിയും നിക്ഷേപം സമാഹരിച്ചു.

ഏഴാമത്തെ വലിയ ബാങ്ക്

ബാങ്ക് ലയനത്തിനു ശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഓഹരി ഉടമകള്‍ക്ക് നല്‍കിയ എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ ഓഹരികള്‍ തിങ്കളാഴ്ചയാണ് (17 July 2023) എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ ബാങ്കിന്റെ വിപണി മൂല്യം 12.66 ലക്ഷം കോടി രൂപ (15426 കോടി ഡോളര്‍) ആയി. ഇതോടെ ലോകത്തെ ഏഴാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക്.

ജെ.പി മോര്‍ഗന്‍ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, ഐ.സി.ബി.സി, അഗ്രികള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന, വെല്‍സ് ഫാര്‍ഗോ, എച്ച്.എസ്.ബി.സി എന്നിവരാണ് എച്ച്ഡി.എഫ്.സി ബാങ്കിനും മുന്നേ സ്ഥാനം പിടിച്ചിട്ടുള്ളത്.

എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരി 2.06  ശതമാനം ഉയർന്ന്  1,678.35 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയത്.


Tags:    

Similar News