ഉയര്‍ന്ന അറ്റാദായത്തില്‍ എച്ച്ഡിഎഫ്സി ബാങ്ക്; പ്രവര്‍ത്തനച്ചെലവിലും വര്‍ധന

കറണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 12 ശതമാനം വര്‍ധിച്ചു

Update:2023-01-14 15:24 IST

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം 18.5 ശതമാനം ഉയര്‍ന്ന് 12,259 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഏകദേശം 25 ശതമാനം വര്‍ധിച്ച് 22,988 കോടി രൂപയായി. അവലോകന പാദത്തില്‍ പ്രവര്‍ത്തന ലാഭം 13.4 ശതമാനം വര്‍ധിച്ച് 19,024 കോടി രൂപയായി.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പകളുടെ 1.23 ശതമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.26 ശതമാനമായിരുന്നു. അവലോകന പാദത്തില്‍ അറ്റ നിഷ്‌ക്രിയ ആസ്തി മൊത്തം വായ്പകളുടെ 0.33 ശതമാനമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 0.37 ശതമാനമായിരുന്നു.

ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം മുന്‍ പാദത്തിലെ 16.92 ശതമാനത്തിനെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 17.66 ശതമാനം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 19.53 ശതമാനമായിരുന്നു. പ്രധാന അറ്റ പലിശ മാര്‍ജിന്‍ മൊത്തം ആസ്തികളില്‍ 4.1 ശതമാനവും പലിശ വരുമാന ആസ്തിയെ അടിസ്ഥാനമാക്കി 4.3 ശതമാനവുമാണ്.

ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ് 26.5 ശതമാനം വര്‍ധിച്ച് 12,464 കോടി രൂപയായി. ഇതോടെ ചെലവ്-വരുമാന അനുപാതം 39.6 ശതമാനം രേഖപ്പെടുത്തി. മൊത്തം വായ്പാ ചെലവ് അനുപാതം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 0.94 ശതമാനത്തെ അപേക്ഷിച്ച് 0.74 ശതമാനമാണ്. മൊത്തം നിക്ഷേപം 20 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 17.3 ലക്ഷം കോടി രൂപയായി.

കറണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ 12 ശതമാനം വര്‍ധിച്ചു. ഇതില്‍ സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപം 5.35 ലക്ഷം കോടി രൂപയും കറന്റ് അക്കൗണ്ട് നിക്ഷേപം 2.28 ലക്ഷം കോടി രൂപയുമായി. ഡിസംബര്‍ 31 വരെയുള്ള മൊത്തം നിക്ഷേപത്തിന്റെ 44.0 ശതമാനവും കറണ്ട്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളാണ്. ബാങ്കിന്റെ അടിയന്തര ആവശ്യങ്ങള്‍ക്കായി മാറ്റി വയ്ക്കുന്ന തുക 6.3 ശതമാനം ഇടിഞ്ഞ് 2,806 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടു.

Tags:    

Similar News