അറ്റാദായത്തില്‍ 17.6 ശതമാനം വര്‍ധന: രണ്ടാം പാദത്തില്‍ മുന്നേറ്റവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്
8,834.30 കോടി രൂപയാണ് ജുലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 17.6 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞവര്‍ഷത്തെ ഇതേകാലയളവിലെ 7,513.11 കോടിയില്‍നിന്ന് 8,834.30 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്. ബാങ്കിന്റെ അറ്റ പലിശ വരുമാനം കഴിഞ്ഞവര്‍ഷത്തെ കാലയളവില്‍നിന്ന് 12.1 ശതമാനം വര്‍ധിച്ച് 17,684.40 കോടി രൂപയായി. കഴിഞ്ഞവര്‍ഷത്തെ രണ്ടാം പാദത്തില്‍ 15,776.40 രൂപയായിരുന്നു അറ്റ പലിശ വരുമാനം. കഴിഞ്ഞ പാദത്തിലെ അടിസ്ഥാന പലിശ വരുമാനം 4.1 ശതമാനമായി.
കൂടാതെ, ബാങ്കിന്റെ രണ്ടാം പാദത്തിലെ നീക്കിയിരിപ്പും കരുതല്‍ ധനവും മുന്‍വര്‍ഷത്തെ 3,703.50 കോടിയില്‍നിന്ന് 3,924.70 കോടി രൂപയായും ഉയര്‍ന്നു. രണ്ടാം പാദത്തിലെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 1.35 ശതമാനമാണ്. ഒന്നാം പാദത്തില്‍ ഇത് 1.47 ശതമാനവും കഴിഞ്ഞവര്‍ഷത്തിലെ ഇതേ കാലയളവില്‍ 1.37 ശതമാനവുമായിരുന്നു നിഷ്‌ക്രിയ ആസ്തി.
ജൂണ്‍ പാദത്തില്‍ 1.67 ശതമാനവും മുന്‍ വര്‍ഷത്തെ ഇതേകാലയളവിലെ 1.41 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം ക്രെഡിറ്റ് ചെലവ് അനുപാതം 1.3 ശതമാനമാണ്. പ്രവര്‍ത്തനത്തിന് മുമ്പുള്ള ലാഭം 14.4 ശതമാനം ഉയര്‍ന്ന് 1,5807.30 കോടി രൂപയായി. മുന്‍വര്‍ഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ നിക്ഷേപം 14.4 ശതമാനം ഉയര്‍ന്ന് 14,06,343 കോടി രൂപയായതായും ബാങ്ക് വ്യക്തമാക്കുന്നു.