ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബാങ്കുകളുടെ നിരയിലേക്ക് എച്ച്.ഡി.എഫ്.സി
ലയനത്തോടെ വിപണിമൂല്യം 14.10 ലക്ഷം കോടി രൂപ, 8,300ല്‍ അധികം ശാഖകള്‍,12 കോടി ഉപയോക്താക്കള്‍
എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡും (HDFC Bank Ltd) ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും (Housing Development Finance Corp) ലയിക്കുന്നതോടെ ആഗോളതലത്തില്‍ വിപണിമൂല്യത്തില്‍ നാലാം സ്ഥാനത്തെത്തുന്ന ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക് മാറുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്. ഇതോടെ ഏകദേശം 14.10 ലക്ഷം കോടി രൂപയാകും ഇതിന്റെ വിപണിമൂല്യം.
ജെ.പി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍ എന്നിവയാണ് ഇക്കാര്യത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് ലിമിറ്റഡിന്റേയും ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റേയും ലയനം ജൂലൈ ഒന്നിന് യാഥാര്‍ഥ്യമാകും.
ഉപയോക്താക്കള്‍ക്ക് ആശങ്ക വേണ്ട
ഉപയോക്താക്കളില്‍ പലരും ഈ ബാങ്ക് ലയനം നടക്കുന്നതില്‍ ആശങ്കയിലാണ്. എന്നാല്‍ ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബാങ്ക് അറിയിച്ചു. എച്ച്.ഡി.എഫ്.സിയില്‍ സ്ഥിര നിക്ഷേപം നടത്തിയവരോട് എച്ച്.ഡി.എഫ്.സി ബാങ്ക് അവരുടെ സ്ഥിര നിക്ഷേപ എക്കൗണ്ട് തുടരണോ അതോ പിന്‍വലിക്കണോ എന്ന് അന്വേഷിക്കും. എച്ച്.ഡി.എഫ്.സി 12 മുതല്‍ 120 മാസം വരെയുള്ള എഫ്.ഡികള്‍ക്ക് 6.56% മുതല്‍ 7.21% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്.ഡി.എഫ്.സി ബാങ്ക് 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള എഫ്.ഡിക്ക് 3% മുതല്‍ 7.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
ഇവിടെ സ്ഥിര നിക്ഷേപ എക്കൗണ്ട് തുടരുന്നവര്‍ക്ക് ഈ രണ്ട് ഓപഷനുകളില്‍ ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ലയന ശേഷം, ഉപയോക്താക്കള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കും. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ അനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ലയനത്തിന് പിന്നാലെ ഓഹരിയിലും മാറ്റമുണ്ടാകും. നിബന്ധനകള്‍ പ്രകാരം എച്ച്.ഡി.എഫ്.സിയുടെ ഓരോ 25 ഓഹരികള്‍ക്കും എച്ച്.ഡി.എഫ്.സി ഓഹരി ഉടമകള്‍ക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഓഹരികള്‍ ലഭിക്കും.
12 കോടി ഉപയോക്താക്കള്‍
ലയനം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ എച്ച്.ഡി.എഫ്.സി ബാങ്കിന് ഏകദേശം 12 കോടി ഉപയോക്താക്കളുണ്ടാകും. ബാങ്കിന്റെ ബ്രാഞ്ച് ശൃംഖല 8,300 ല്‍ അധികമായി ഉയരുകയും മൊത്തം ജീവനക്കാരുടെ എണ്ണം 1,77,000 ല്‍ അധികമായി ഉയരുകയും ചെയ്യും. 2022 ഏപ്രില്‍ നാലിനായിരുന്നു 4000 കോടി ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ലയനത്തിന്റെ തീരുമാനം പ്രഖ്യാപിച്ചത്.