ആരോഗ്യ ഇന്‍ഷ്വറന്‍സിന് പുതിയ 'മേല്‍നോട്ടക്കാരന്‍'; ഐ.ആര്‍.ഡി.എ.ഐയെ മാറ്റിയേക്കും

ബജറ്റില്‍ പ്രതീക്ഷിക്കാം പുതിയ പരിഷ്‌കാരം

Update:2024-01-29 15:22 IST

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് രംഗത്ത് സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ഇടക്കാല ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. ലൈഫ് ഇന്‍ഷ്വറന്‍സ്, ജനറല്‍ ഇന്‍ഷ്വറന്‍സ് എന്നിവയ്ക്ക് പ്രത്യേക ലൈസന്‍സ് നടപ്പാക്കുന്നതിനൊപ്പം ഹെല്‍ത്ത് ഇന്‍ഷ്വറന്‍സിനെ പ്രത്യേക റെഗുലേറ്ററിന് കീഴിലാക്കുമെന്നുമാണ് അറിയുന്നത്.

ചികിത്സാ ചെലവ് ഏകീകരിക്കല്‍, വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കല്‍ എന്നിവ കാര്യക്ഷമമാക്കാന്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് മേഖലയ്ക്ക് മാത്രമായി ഒരു റെഗുലേറ്ററുടെ ആവശ്യകതയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പുതിയ നീക്കം. ആരോഗ്യമന്ത്രാലയവുമായി ഇത് സംബന്ധിച്ച് കുറച്ച് കാലമായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും കൃത്യമായ പദ്ധതി തയാറായിട്ടില്ല. നിലവില്‍ ഐ.ആര്‍.ഡി.എ.ഐയാണ് ഇന്‍ഷുറന്‍സ് മേഖലയുടെ മൊത്തത്തിലുള്ള നിയന്ത്രിതാവ്.

എന്‍ട്രി ബാരിയര്‍ നീക്കി ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനുള്ള നീക്കവും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങളുടെ പ്രീമിയം കുറച്ച് കൂടുതല്‍ പേരിലേക്ക് കടന്നെത്താനാണ് ശ്രമം. എന്നാല്‍ ഇന്‍ഷ്വറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തിമാത്രമേ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാകൂ. 2047 ഓടെ രാജ്യത്തെല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.

ജി.എസ്.ടി ഇളവ്
ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസികള്‍ക്കുള്ള ജി.എസ്.ടി കുറയ്ക്കാനുള്ള നിര്‍ദേശവും ജി.എസ്.ടി കൗണ്‍സിലിന് നല്‍കും. നിലവിലിത് 18 ശതമാനമാണ്. ലൈഫ് ഇന്‍ഷ്വറന്‍സുകള്‍ക്ക് 5 ശതമാനമാണ് ജി.എസ്.ടി. ഇതിനു സമാനമാക്കണമെന്നാണ് ഇന്‍ഡസ്ട്രിയുടെ ആവശ്യം.
ഇതുകൂടാതെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനുള്ള ഇന്‍കം ടാക്‌സ് കിഴിവ് 25,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്താനും നിര്‍ദേശമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്കിത് വീണ്ടും വര്‍ധിപ്പിച്ചേക്കും. എന്നാല്‍ ഇതേ കുറിച്ചൊന്നും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളെ (DBUs) ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സാമ്പത്തിക ഉത്പന്നങ്ങള്‍ നല്‍കാന്‍ അനുവദിക്കാനും ഉദ്ദേശിക്കുന്നുണ്ട്. 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകളെയാണ് ആദ്യഘട്ടത്തില്‍ ഇതിനായി തിരഞ്ഞെടുക്കുക. 2022ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 75 ഡി.ബി.യുകള്‍ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്.
ഇന്‍ഷ്വറന്‍സ് പോളിസികള്‍ മിസ് സെല്ലിംഗ് നടത്തുന്നതിനെതിരെ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. ജനറല്‍ ഇന്‍ഷ്വറന്‍സ് ഇന്‍ഡസ്ട്രിക്കായി പ്രത്യേക ഏജന്‍സി ചാനലും നടപ്പാക്കിയേക്കും.
Tags:    

Similar News