അതായത് വായ്പയെടുത്ത് വീട് വെയ്ക്കാനോ ഫഌറ്റ് വാങ്ങാനോ ഒക്കെ അനുകൂലസമയമാണിപ്പോള്‍.
പുതിയൊരു ഭവന വായ്പ എടുക്കാന്‍ പോകുന്നവരും നിലവിലുള്ള വായ്പ മറ്റേതെങ്കിലും ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ ഇപ്പോള്‍ ശ്രമിക്കുന്നവരും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
1. നിങ്ങളുടെ യഥാര്‍ത്ഥ പലിശ നിരക്ക് എത്രയാണ്?
ബാങ്കുകളും ഭവനവായ്പാ സ്ഥാപനങ്ങളും 6.75 ശതമാനം പലിശ നിരക്കൊക്കെ വാഗ്ദാനം ചെയ്യുമ്പോള്‍ നിങ്ങളെടുക്കുന്ന വായ്പയുടെ യഥാര്‍ത്ഥ പലിശ നിരക്ക് എത്രയായിരിക്കുമെന്ന് തിരക്കിയിരിക്കണം. ഏറ്റവും കുറഞ്ഞ നിരക്ക് പരസ്യത്തില്‍ കാണുന്ന സ്ഥാപനത്തിലേക്ക് പോയാലും ഒരു പക്ഷേ ആ പലിശ നിരക്ക് നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല. നിങ്ങളുടെ പ്രായം, വരുമാനം, ക്രെഡിറ്റ് സ്‌കോര്‍, വായ്പാ കാലവധി, എത്ര തുക മൂല്യമുള്ള വീട് വെയ്ക്കാനോ/ ഫഌറ്റ് വാങ്ങാനാണോ നിങ്ങള്‍ വായ്പ എടുക്കുന്നത്, അതിന്റെ എത്രശതമാനമാണ് വായ്പയായി ആവശ്യപ്പെടുന്നത്, പുതിയ വായ്പയാണോ, റീഫിനാന്‍സിംഗാണോ, സ്ത്രീയാണോ പുരുഷനാണോ തുടങ്ങി നിരവധി ഘടകങ്ങള്‍ പലിശ നിരക്കിനെയും ബാധിക്കും. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് എത്ര പലിശയ്ക്ക് വായ്പ ലഭിക്കുമെന്ന് ആദ്യമേ പരിശോധിക്കുക.
2. എന്താണ് ബെഞ്ച് മാര്‍ക്ക്?
പല ബാങ്കുകളും ഇപ്പോള്‍ ഭവന വായ്പയുടെ ബെഞ്ച് മാര്‍ക്കായി റിപ്പോ നിരക്കാണ് അവലംബിക്കുന്നത്. അതായത് റിസര്‍വ് ബാങ്കിന്റെ പണനയത്തിലെ റിപ്പോ നിരക്ക് അധിഷ്ഠിതമായാണ് ഭവനവായ്പാ പലിശ നിരക്ക് നിശ്ചയിക്കപ്പെടുക. എന്‍ ബി എഫ് സികളും ഭവനവായ്പാ കമ്പനികളും സ്വീകരിക്കുന്നത് മറ്റേതെങ്കിലും ബെഞ്ച്മാര്‍ക്കുകളാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ റിപ്പോ ലിങ്ക്ഡ് ഹോം ലോണാണ് നല്ലത്. എന്നാല്‍ റിപ്പോ നിരക്ക് ഉയര്‍ന്നു തുടങ്ങിയാല്‍ അത് ഭവനവായ്പാ പലിശ നിരക്കിലും പ്രതിഫലിക്കും.
3. മറഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ എന്തെല്ലാം?
ഭവന വായ്പ തെരഞ്ഞെടുക്കുമ്പോള്‍ പലിശ നിരക്കിന് പുറമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന മറ്റ് ചാര്‍ജ്ജുകളെ കുറിച്ച് കൂടി അറിഞ്ഞിരിക്കണം. പ്രോസസ് ഫീസുണ്ടോ?, ലീഗല്‍ ഫീസ്, എക്കൗണ്ട് ഓപ്പറേറ്റിംഗ് ഫീസ്, ഇനി വായ്പ നേരത്തേ അടച്ചാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ ബാധ്യതകളോ ഉണ്ടോ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ തിരക്കണം.
4. എന്തെല്ലാം സേവനങ്ങള്‍ ലഭിക്കും?
കോവിഡ് വന്നതോടെ ഏതാണ്ടെല്ലാ കാര്യങ്ങളും ഡിജിറ്റലായി ചെയ്യാമെന്നായിട്ടുണ്ട്. ഭവന വായ്പയ്ക്കായി പലവട്ടം തിരക്കുള്ള ബാങ്ക് ശാഖകള്‍ കയറിയിറങ്ങേണ്ടി വരുമോ അല്ലെങ്കില്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ സേവനം ലഭിക്കുമോ എന്നൊക്കെ നോക്കണം. ഡിജിറ്റലായി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക, അതിന് മികച്ച സേവനം ലഭിക്കുക, നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം ഉണ്ടാവുക എന്നിങ്ങനെയുള്ള കാര്യങ്ങളും പരിശോധന വിധേയമാക്കണം. പലിശ നിരക്കിലെ കുറവ് മാത്രമല്ല സേവന മികവ് കൂടി പരിഗണിച്ചുവേണം ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കാന്‍.
5. ശാഖകള്‍ സമീപത്തുണ്ടോ?
എല്ലാം ഡിജിറ്റലായെങ്കിലും ശാഖകള്‍ വഴിയുള്ള സേവനം വേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ അതിനായി ഏറെ സഞ്ചരിക്കേണ്ടി വരരുത്. അതുകൊണ്ട് വ്യാപകമായി ശാഖകളുള്ള ബാങ്ക്/ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നതാണ് നല്ലത്.