ഡിജിറ്റല്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളിതാ
ഡിജിറ്റല്‍ പണമിടപാടുകള്‍ ശ്രദ്ധയോടെ നടത്തിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വരെ മറ്റുള്ളവര്‍ കൈക്കലാക്കും
ഡിജിറ്റല്‍വിദ്യ എല്ലാവരിലേക്കും എത്തിയതോടെ ഇപ്പോള്‍ പഴ്‌സില്‍ പണം സൂക്ഷിക്കുന്നതും നേരിട്ട് പണം അടയ്ക്കുന്നതുമൊക്കെ പലരും ജീവിതത്തില്‍നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ട്. കറന്റ് ബില്ല് മുതല്‍ സ്‌കൂള്‍ ഫീസ് വരെ ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാം, സമയനഷ്ടം കുറയ്ക്കാം തുടങ്ങിയ ഗുണങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റിനുണ്ട്. എന്നാല്‍ ശ്രദ്ധയോടെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിയില്ലെങ്കില്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകാനും സാധ്യതയുണ്ട്. ഡിജിറ്റല്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യുന്നത് ഒഴിവാക്കുക
ഓണ്‍ലൈനായി എന്തെങ്കിലും വാങ്ങുകയോ മറ്റ് ഇടപാടുകളോ നടത്തുമ്പോള്‍ നിങ്ങളുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും സേവ് ചെയ്യാതിരിക്കുക. വീണ്ടും ഇടപാടുകള്‍ നടത്തുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍ പൂര്‍ണമായി നല്‍കുന്നത് ഒഴിവാക്കാനും വേഗത്തില്‍ ഇടപാടുകള്‍ നടത്താനും കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. ഇടപാടുകള്‍ കഴിഞ്ഞാലും നിങ്ങളുടെ കാര്‍ഡ് വിവരങ്ങള്‍ ആരും തിരിച്ചറിയാതിരിക്കാന്‍ സേവ് ചെയ്യുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലത്.
2. ഇടപാടുകള്‍ക്ക് പ്രൈവറ്റ് വിന്‍ഡോ ഉപയോഗിക്കുക
ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് പ്രൈവറ്റ് വിന്‍ഡോ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. സംശയമുള്ള ആപ്പുകളും വെബ്‌സൈറ്റുകള്‍ ഒഴിവാക്കേണ്ടതാണ്. ആപ്ലിക്കേഷന്‍ സ്റ്റോറില്‍ നിര്‍ദേശിച്ചിരിക്കുന്ന വിശ്വസനീയമായ ഔദ്യോഗിക ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടത്.
3. പാസ്‌വേര്‍ഡ് മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക
നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്ക് അക്കൗണ്ടുകളുടെ പാസ്വേഡുകള്‍ കൂടുതല്‍ ശക്തമായിരിക്കണം. ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുത്. സൈബര്‍ ആക്രമണത്തിന് ഇരയാകാതിരിക്കാന്‍ ഇന്റര്‍നെറ്റ് ബാങ്ക് അക്കൗണ്ടുകളുടെ ഇടയ്ക്കിടെ മാറ്റം വരുത്തേണ്ടതാണ്.
നിങ്ങളുടെ പാസ്വേഡുകള്‍ അല്ലെങ്കില്‍ എടിഎം പിന്‍ പോലുള്ള വിശദാംശങ്ങള്‍ നിങ്ങളോട് ആരെങ്കിലും ചോദിച്ചാല്‍ നിങ്ങളുടെ ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കൂടുതല്‍ സുരക്ഷിതമായ മാര്‍ഗമാണ് ഒറ്റത്തവണ പാസ്വേഡുകള്‍ (ഒടിപി).
4. പബ്ലിക് കംപ്യൂട്ടറുകളും വൈഫൈ നെറ്റ്‌വര്‍ക്കുകളും ഉപയോഗിക്കുന്നത് ഒഴിവാക്കുക
സൈബര്‍ ആക്രമണങ്ങള്‍, മോഷണം തുടങ്ങിയവയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പബ്ലിക് കംപ്യൂട്ടറുകളും വൈഫൈ നെറ്റ്‌വര്‍ക്കുകളും ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
വിശ്വസനീയമായ സൈറ്റുകള്‍ ഉയര്‍ന്ന തലത്തിലുള്ള പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഓണ്‍ലൈന്‍ പേയ്മെന്റ് ഇടപാടുകള്‍ക്കായി ഇത്തരം വെബ്സൈറ്റുകള്‍ മാത്രം ഉപയോഗിക്കുക.
5. ആപ്പുകള്‍ സൂക്ഷിക്കണം
ആപ്ലിക്കേഷന്‍ സ്റ്റോറിലും പ്ലേ സ്റ്റോറിലും, നിയമവിരുദ്ധമായ നിരവധി ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിക്കും. വെരിഫൈഡ് അല്ലാത്ത, കുറഞ്ഞ ഡൗണ്‍ലോഡുകള്‍ ഉള്ള, നെഗറ്റീവ് റിവ്യു ഉള്ള ഇത്തരം ആപ്പുകള്‍ ഡിജിറ്റല്‍ പണമിടപാടി ഉപയോഗിക്കരുത്.