നിങ്ങളുടെ ഭവന വായ്പയ്ക്ക് പിലശയിളവ് ലഭിക്കുന്നില്ലേ? എങ്ങനെ നേടിയെടുക്കാം

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചിട്ടും തങ്ങളെടുത്ത വായ്പയുടെ പലിശ മാത്രം താഴാത്തതെന്തേ എന്ന പരാതിയാണോ? പലിശ കുറയാന്‍ നിങ്ങള്‍ ചെയ്യേണ്ടതിതാണ്

Update:2021-05-12 10:51 IST

ഭവനവായ്പാ നിരക്ക് മുമ്പെങ്ങുമില്ലാത്ത വിധം കുറവാണിന്ന്. 6.50 ശതമാനം പലിശയ്ക്ക് വരെ വായ്പ നല്‍കുന്ന ബാങ്കുകളുണ്ട്. നിലവിലുള്ള വായ്പകള്‍ക്കും ഈ ഇളവ് ലഭിക്കേണ്ടതാണ്. എന്നാല്‍ കൂടിയ പലിശ തന്നെ ഇപ്പോഴും നല്‍കേണ്ടി വരുന്നു എന്ന പരാതിയാണോ? കുറഞ്ഞ പലിശ നിരക്ക് ലഭ്യമാക്കാന്‍ വഴികളുണ്ട്.

വായ്പ ഏതു പദ്ധതി പ്രകാരം?
ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന വായ്പ ഏത് പദ്ധതി പ്രകാരമാണെന്ന് മനസ്സിലാക്കുക. പലിശ നിരക്ക് കണക്കാക്കുന്നത് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിആര്‍എല്‍) പ്രകാരമാണോ എക്‌സ്‌റ്റേണല്‍ ബെഞ്ച് മാര്‍ക്ക് ലെന്‍ഡിംഗ് (ഇബിഎല്‍ആര്‍) പ്രകാരമാണോ എന്നാണ് നോക്കേണ്ടത്. കുറച്ചു മുമ്പ് എടുത്ത വായ്പകള്‍ക്ക് എംസിആര്‍എല്‍ പദ്ധതിയാണ് പിന്തുടര്‍ന്നിരുന്നത്.
റിസര്‍വ് ബാങ്കിന്‍െ റിപ്പോ നിരക്കുകള്‍ക്കനുസരിച്ച് പലിശ നിരക്ക് മാറുന്നുവെന്നതാണ് ഇബിഎല്‍ആറിന്റെ നേട്ടവും കോട്ടവും. കാരണം റിപ്പോ നിരക്ക് കുറയ്ക്കുന്നതനുസരിച്ച് പലിശ നിരക്കിലും കുറവു വരും, കൂടിയാല്‍ പലിശ കൂടുകയും ചെയ്യും. അടുത്തിടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതാണ് ബാങ്കുകള്‍ ഭവന വായ്പാ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിയത്.
നിലവില്‍ വായ്പയെടുത്തിരി്ക്കുന്നവര്‍ക്ക് പലിശയിളവിന്റെ ഗുണം ലഭിക്കാന്‍ ബാങ്കുകളുമായി ബന്ധപ്പെടുകയാണ് വേണ്ടത്. എംസിആര്‍എല്‍ പ്രകാരമാണ് വായ്പയെടുത്തിരിക്കുന്നതെങ്കില്‍ ഇബിഎല്‍ആറിലേക്ക് മാറാന്‍ അപേക്ഷ നല്‍കുക. അപേക്ഷയോടൊപ്പം സ്വിച്ച് ഓവര്‍ ചെയ്യുന്നതിനായി പല ബാങ്കുകളും വ്യത്യസ്ത ഫീസും ഈടാക്കാറുണ്ട്. ഉദാഹരണത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5900 രൂപയാണ് പുതിയ പദ്ധതിയിലേക്ക് മാറാന്‍ ഈടാക്കുന്നത്.
എല്ലാവര്‍ക്കും ഗുണമോ?
പലിശയിളവ് ലഭിക്കുന്നു എന്നു കേട്ട് ചാടി പുറപ്പെടുന്നതിന് മുമ്പ് അത് തങ്ങള്‍ക്ക് ഗുണകരമാകുമോ എന്ന് പരിശോധിക്കണം. കാരണം അടച്ചു തീരാന്‍ കുറച്ച് വര്‍ഷങ്ങള്‍ മാത്രമുള്ളവര്‍ക്കും ചെറിയ തുകയുള്ളവര്‍ക്കും ലാഭകരമാണമെന്നില്ലെന്ന് എസ്ബിഐ മംഗലാപുരം ശാഖ ചീഫ് മാനേജര്‍ മീര ബി എസ് അഭിപ്രായപ്പെടുന്നു. പലിശയിളവിലൂടെ ലഭിക്കുന്ന നേട്ടത്തേക്കാള്‍ കൂടുതലാണ് സ്വിച്ച് ഓവര്‍ ചാര്‍ജ് എങ്കില്‍ മാറിയതു കൊണ്ട്് കാര്യമില്ലല്ലോ.
ഉദാഹരണത്തിന് ഉദാഹരണത്തിന് ഒരാള്‍ 20 വര്‍ഷ കാലാവധിയില്‍ 9 ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വായ്പയെടുത്തുവെന്ന് കരുതുക. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ എംസിആര്‍എല്‍ പ്രകാരം പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ നല്‍കേണ്ടി വരുന്നു. ഇനി, ഇബിഎല്‍ആറിലേക്ക് മാറുകയും പലിശ നിരക്ക് 6-7 ശതമാനമാകുകയും ചെയ്താല്‍ കുറഞ്ഞത് 2-3 ലക്ഷത്തിന്റെ കുറവ് പലിശയിലുണ്ടാകും. സ്വിച്ച് ഓവര്‍ ചാര്‍ജ് നല്‍കിയാലും നഷ്ടമില്ല. അതേസമയം ഒരു വര്‍ഷം കൊണ്ട് അടച്ചു തീരുന്നതും രണ്ടു ലക്ഷം രൂപ വരെയൊക്കെ മാത്രമേ അടച്ചു തീര്‍ക്കാനുള്ളൂ എന്നുമാണെങ്കില്‍ പുതിയ പദ്ധതിയിലേക്ക് മാറുന്നതു കൊണ്ട് വലിയ കാര്യമില്ല.
ഇടയ്ക്കിടെ പരിശോധിക്കാം
എംസിആര്‍എല്‍ പ്രകാരം പലിശ നിരക്കില്‍ മാറ്റം വരുന്നത് ചുരുങ്ങിയത് ആറുമാസത്തിലാണെങ്കില്‍ ഇബിഎല്‍ആര്‍ പ്രകാരം ഓരോ മൂന്നു മാസത്തിലും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് പ്രഖ്യാപിക്കുന്നതിനനുസരിച്ച് മാറ്റം വരാം. അതുകൊണ്ട് ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ബാങ്ക് ശാഖയില്‍ നേരിട്ട് പോയോ നിരക്കിലുണ്ടായിരിക്കുന്ന കുറവിന്റെ പ്രയോജനം ലഭ്യമാക്കാം.


Tags:    

Similar News