മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കേണ്ടത് എങ്ങനെ? ചില ഗുണകരമായ വഴികള്‍

തിടുക്കം കൂട്ടരുത്, ക്ഷമയാണ് പ്രധാനം

Update:2024-09-03 11:45 IST

അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ബുദ്ധിപരമായി നിക്ഷേപിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ആവശ്യങ്ങള്‍ക്കായി അത് പിന്‍വലിക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതയും. മ്യൂച്ച്വല്‍ ഫണ്ടുകളിലെ നിക്ഷേപം കൂടുതല്‍ ജനകീയമാകുന്ന കാലത്ത് ഇത്തരം ഫണ്ടുകളില്‍ തന്ത്രപരമായി എങ്ങനെ നിക്ഷേപിക്കാമെന്നും ആവശ്യമുള്ള സമയങ്ങളില്‍ എങ്ങനെ പിന്‍വലിക്കാമെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഏറെ പ്രചാരമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്.ഐ.പി) പോലെ നിക്ഷേപകര്‍ക്ക് ഏറെ സഹായകമാകുന്നതാണ് സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാനുകളും (എസ്.ഡബ്ല്യു.പി). ഇത്തരം പ്ലാനുകളില്‍ വര്‍ഷങ്ങളെടുത്ത് സമ്പാദിക്കുന്ന പണം, മ്യൂച്ച്വല്‍ ഫണ്ടുകളിലൂടെ വളരുകയും പിന്‍വലിക്കല്‍ ആയാസ രഹിതവും ലാഭകരവുമായി മാറുകയും ചെയ്യുന്നു.

നിക്ഷേപമാണ് പ്രധാനം

പിന്‍വലിക്കാന്‍ തുനിയുന്നതിന് മുമ്പ് നിക്ഷേപം ശക്തമാണെന്ന് ഉറപ്പിക്കേണ്ടതുണ്ട്. വലിയ തുക ഒന്നിച്ചോ പ്രതിമാസ ഗഡുക്കളായോ മ്യൂച്ച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കലാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി മികച്ച മ്യൂച്ച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കാം. ആവശ്യമായ അകൗണ്ടുകളെടുത്ത് നിക്ഷേപം തുടങ്ങാം. മികച്ച നിക്ഷേപങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ ആവശ്യമെങ്കില്‍ ഈ മേഖലയിലെ സേവനദാതാക്കളുമായി ബന്ധപ്പെടണം. മാസം തോറും നിശ്ചിത തുക നിക്ഷേപിച്ചു തുടങ്ങുന്നതോടെയാണ് ശക്തമായ സമ്പാദ്യത്തിലേക്കുള്ള വഴി തുറക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ക്ഷമ കാണിക്കുമ്പോള്‍ നിക്ഷേപം കൂടുതല്‍ വളരുന്നു.

പിന്‍വലിക്കാനുള്ള വഴികള്‍

എസ്.ഐ.പിയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷമെങ്കിലും തടസ്സമില്ലാതെ പ്രതിമാസ നിക്ഷേപം നടത്തിയ ശേഷം പണം പിന്‍വലിക്കാന്‍ തുടങ്ങുന്നതാണ് മികച്ച രീതിയെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. നിക്ഷേപം പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് പകരം ഗഡുക്കളായി പിന്‍വലിക്കാം. എല്ലാ മാസവും നിശ്ചിത തിയ്യതികളില്‍ നിക്ഷേപത്തിന്റെ ഒരു ഭാഗം ബാങ്ക് അകൗണ്ടിലേക്ക് എത്തുന്ന രീതിയില്‍ ക്രമീകരിക്കാം. ഇത് മൂലം രണ്ട് ഗുണങ്ങളാണുള്ളത്. ആവശ്യത്തിനുള്ള പണം മാത്രം കൈകളിലെത്തും. ബാക്കി വരുന്ന നിക്ഷേപം മ്യൂച്ച്വല്‍ ഫണ്ടുകളില്‍ തന്നെ വളരാനുള്ള സാധ്യത കൂടുതലാണ്. ഒറ്റ തവണയായി നിക്ഷേപിക്കുന്ന വലിയ തുകകളും ഇതേ രീതിയില്‍ പിന്‍വലിക്കുന്നതും ഗുണകരമാണ്.

ആദ്യ വര്‍ഷത്തെ കടമ്പകള്‍

നിക്ഷേപം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് പിന്‍വലിച്ചാല്‍ 20 ശതമാനം നികുതി നല്‍കേണ്ടി വരും. അതേസമയം ഒരു വര്‍ഷത്തിന് ശേഷം ചെറിയ തുകകളാണ് പിന്‍വലിക്കുന്നതെങ്കില്‍ നികുതിയുടെ ആഘാതം കുറയും. നിക്ഷേപത്തിന്റെ നാലു ശതമാനത്തില്‍ താഴെ മാത്രം പിന്‍വലിക്കുകയെന്നതാണ് ഈ മേഖലയിലെ വിദഗ്ധർ  നല്‍കുന്ന ഉപദേശം. അങ്ങനെയെങ്കില്‍ നിങ്ങളുടെ നിക്ഷേപത്തിന് കാര്യമായ കോട്ടം സംഭവിക്കാതിരിക്കുകയും അത് വളരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

Tags:    

Similar News