കറന്‍സി രഹിത വിപണിയിലേക്ക് ചുവടുവെച്ച് മാലദ്വീപും; കൈപിടിക്കാന്‍ ഇന്ത്യ
ടൂറിസം മേഖലക്ക് കരുത്താകും
കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള യാത്രയില്‍ ഇന്ത്യയെ മാതൃകയാക്കാന്‍ മാലദ്വീപും. യു.പി.ഐ പേയ്‌മെന്റ് സംവിധാനം നടപ്പാക്കുന്നതിന് മാലദ്വീപ് ഇന്ത്യയുമായി കരാര്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും സുപ്രധാനമായ ഈ കരാറിലെത്തിയത്. ഇന്ത്യയില്‍ വിജയകരമായി മുന്നേറുന്ന യു.പി.ഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) സംവിധാനം മാലദ്വീപിലും വരുന്നതോടെ അവിടുത്തെ ആഭ്യന്തര വിപണി കൂടുതല്‍ ചലനാത്മകമാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും.
ടൂറിസ്റ്റുകള്‍ ഇനി പണം കരുതേണ്ട
ഇന്ത്യയിലെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനും മാലദ്വീപ് സാമ്പത്തിക വികസന,വാണിജ്യ മന്ത്രാലയവും തമ്മിലാണ് ഇതിനുള്ള ധാരണയായത്. യു.പി.ഐ സംവിധാനം നിലവില്‍ വരുന്നതോടെ മാലദ്വീപില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇനി അവിടുത്തെ കറന്‍സിയായ 'റുഫിയ' കയ്യില്‍ കരുതേണ്ടി വരില്ല. ഒരു റുഫിയക്ക് 5.45 ഇന്ത്യന്‍ രൂപയാണ് വിനിമയ നിരക്ക്. ബാങ്ക് ട്രാന്‍സ്ഫര്‍ കൂടുതല്‍ എളുപ്പമാകുന്നതോടെ യാത്രകള്‍ സുരക്ഷിതമായി മാറും. ദ്വീപിന്റെ പ്രധാന വരുമാനം ടൂറിസത്തില്‍ നിന്നാണ്. മൊത്ത ആഭ്യന്തര വളര്‍ച്ചയുടെ 40 ശതമാനം ഈ മേഖലയില്‍ നിന്നാണ്. വിദേശനാണ്യത്തില്‍ 60 ശതമാനം കൊണ്ടു വരുന്നത് ടൂറിസം മേഖലയാണ്.
40 ശതമാനം യു.പി.ഐ ഇടപാടുകള്‍ ഇന്ത്യയില്‍
ലോകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള യു.പി.ഐ ഇടപാടുകളുടെ 40 ശതമാനം നടക്കുന്നത് ഇന്ത്യയിലാണെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറുമായി നടത്തിയ ചര്‍ച്ചക്കിടെയാണ് എസ്.ജയശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഈ മേഖലയില്‍ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വിപ്ലവം സൃഷ്ടിക്കുകയാണ്. മാലദ്വീപുമായുള്ള കരാര്‍ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ഗുണകരമാകും. ദ്വീപില്‍ യു.പി.ഐ സംവിധാനം ഉടനെ നിലവില്‍ വരുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.