സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളില്‍ പോയവര്‍ഷം 70 ശതമാനം കുറവ്, കാരണമിതാണ്
കുറയുന്നത് തുടര്‍ച്ചയായ രണ്ടാം തവണ
സ്വിസ് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള ഇന്ത്യക്കാരുടെ 2023ലെ നിക്ഷേപത്തില്‍ 70 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട സ്വിറ്റ്‌സര്‍ലാന്റ് സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 1.04 ബില്യന്‍ സ്വിസ് ഫ്രാങ്കാണ് (ഏകദേശം 9711 കോടി രൂപ) ഇന്ത്യയിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപം. നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് നിക്ഷേപക്കണക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 14 വര്‍ഷത്തെ ഏറ്റവും കൂടിയ നിക്ഷേപം രേഖപ്പെടുത്തിയ 2021ന് ശേഷമാണിത്. 3.83 ബില്യന്‍ സ്വിസ് ഫ്രാങ്ക് (ഏകദേശം 35,000 കോടി രൂപ) ആയിരുന്നു ആ വര്‍ഷം നിക്ഷേപമായെത്തിയത്. 2006ലെ 6.5 ബില്യന്‍ സ്വിസ് ഫ്രാങ്കിന്റെ (ഏകദേശം 60,921 കോടി രൂപ) നിക്ഷേപമാണ് സമീപകാലത്തെ റെക്കോര്‍ഡ്.
കാരണമിത്
കടപ്പത്രങ്ങളിലും വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിലും കുറവുണ്ടായതാണ് ഇപ്പോഴത്തെ താഴ്ചയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെ മറ്റ് ബാങ്ക് ശാഖകള്‍ വഴി ഉപയോക്താക്കള്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് കുറഞ്ഞതും ഇടിവിന് കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ഉപയോക്താക്കളുടെ നിക്ഷേപമായി 31 കോടി സ്വിസ് ഫ്രാങ്ക് (ഏകദേശം 2900 കോടി രൂപ)യാണ് ബാങ്കുകള്‍ക്ക് ലഭിച്ചത്. 2022ല്‍ ഇത് 39.4 കോടി സ്വിസ് ഫ്രാങ്കായിരുന്നു. മുന്‍വര്‍ഷം 111 കോടി സ്വിസ് ഫ്രാങ്കുണ്ടായിരുന്ന മറ്റ് ബാങ്കുകള്‍ വഴിയുള്ള നിക്ഷേപം 2023ല്‍ 42.7 കോടിയായി കുറഞ്ഞു. കള്ളപ്പണം കണ്ടെത്താനായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ കടുപ്പിച്ചതും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കള്ളപ്പണത്തെക്കുറിച്ച് മിണ്ടില്ല
ഇന്ത്യക്കാരുടെ അക്കൗണ്ടിലുള്ള പണത്തെക്കുറിച്ച് വെളിപ്പെടുത്താറുണ്ടെങ്കിലും അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന തുകയെക്കുറിച്ച് സ്വിസ് ബാങ്കുകള്‍ പ്രതികരിക്കാറില്ല. അക്കൗണ്ട് ഉടമകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിബന്ധനയാണ് ഇതിന് പിന്നില്‍. മറ്റൊരു രാജ്യത്തെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വലിയ തോതില്‍ ഇന്ത്യക്കാർ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന തുക കള്ളപ്പണത്തിന്റെ കൂട്ടത്തില്‍ പെടുത്താനാവില്ലെന്നാണ് സ്വിസ് ബാങ്കുകളുടെ നിലപാട്.