എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ്: സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ?

ലോകത്തെ പത്താമത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് വിപണിയാണെങ്കിലും ഇന്‍ഷ്വറന്‍സ് വ്യാപനം വളരെ കുറവ്

Update: 2023-12-10 05:30 GMT

2047 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കുമോ? മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്‍ഷ്വറന്‍സ് എടുത്തിട്ടുള്ള ആളുകളുടെ എണ്ണത്തില്‍ ഇന്ത്യ വളരെ പിന്നിലായതിനാലാണ് ദി ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) ഈ വലിയ ലക്ഷ്യം മുന്നില്‍ വെച്ചിരിക്കുന്നത്. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ അതികായര്‍ എന്നതാണ് സ്വാഗതാര്‍ഹമായ കാര്യം. ഇന്ത്യ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയും ലോകത്തെ പത്താമത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് വിപണിയുമാണെങ്കിലും ഇന്‍ഷ്വറന്‍സ് വ്യാപനം വളരെ കുറവാണ്.

20 ശതമാനത്തില്‍ താഴെ
ലൈഫ് ഇന്‍ഷ്വറന്‍സ് എടുത്തിരിക്കുന്നവരുടെ എണ്ണം 3.2 ശതമാനവും ജനറല്‍ ഇന്‍ഷ്വറന്‍സിന്റേത് കേവലം ഒരു ശതമാനവുമാണ്. ഗ്രാമീണ ജനസംഖ്യയില്‍ 10 ശതമാനത്തോളം പേര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സുണ്ട്. എന്നാല്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് എടുത്തിരിക്കുന്നവര്‍ 20 ശതമാനത്തില്‍ താഴെയാണ്.
യാഥാര്‍ത്ഥ്യം ഇതാണെങ്കിലും 23 ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളും 33 നോണ്‍ ഇന്‍ഷ്വറന്‍സ് കമ്പനികളും ഉള്‍പ്പെടെ 57 ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഇന്ത്യയിലുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റികളുടെ (SLBC) മാതൃകയില്‍ സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് പ്ലാന്‍ തയാറാക്കുന്നതിനുള്ള സാധ്യത ആരാഞ്ഞു വരികയാണെന്ന ഐ.ആര്‍.ഡി.എ.ഐ ചെയര്‍മാന്‍ ദേബാശിഷ് പാണ്ഡെയുടെ പ്രഖ്യാപനം ഈ സാഹചര്യത്തില്‍ സ്വാഗതാര്‍ഹമാണ്.
ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബാങ്കുകളും തമ്മിലുള്ള ഏകോപനം സാധ്യമാക്കുക എന്ന ലക്ഷ്യവുമായി 1977ല്‍ തുടക്കം കുറിച്ച സംസ്ഥാന തലത്തിലുള്ള ഫോറമാണ് എസ്.എല്‍.ബി.സി. ബാങ്കുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സേവനങ്ങളും ബാങ്കിംഗ് ശീലവും വ്യാപിപ്പിക്കുന്നതില്‍ എസ്.എല്‍.ബി.സികള്‍ വിജയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കമ്പനികള്‍ ആവേശത്തില്‍
ഗ്രാമങ്ങളിലും നഗരങ്ങളിലും വന്‍ വിജയം നേടിയ മ്യൂച്വല്‍ ഫണ്ട് പ്രചാരണ ക്യാമ്പയ്‌നുകളുടെ മാതൃക പിന്തുടരാനും ഇന്‍ഷ്വറന്‍സ് മേഖല പദ്ധതിയിടുന്നു. ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കുന്നതിനായി ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളെ ആരോഗ്യ ഇന്‍ഷ്വറന്‍സ് നല്‍കാന്‍ അനുവദിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. പുതിയ നീക്കങ്ങളില്‍ ഈ മേഖലയിലെ മുന്‍നിര കമ്പനികള്‍ ആവേശത്തിലാണ്. ഇതിലൂടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.
Tags:    

Similar News