നിക്ഷേപകരെ അവഗണിച്ച് ബാങ്കുകൾ; പലിശ കൂടുമ്പോൾ ആർക്കാണ് നേട്ടം?
റിസർവ് ബാങ്ക് രണ്ടു തവണയായിട്ടാണ് റീപോ നിരക്ക് നാലിൽ നിന്നു 4.9 ശതമാനമായി ഉയർത്തിയത്.
വിലക്കയറ്റത്തിൽ ഞെങ്ങി ഞെരുങ്ങുന്ന ജനങ്ങൾക്ക് കൂനിന്മേൽ കുരു പോലെയാണ് വായ്പ പലിശ വർധനവും വന്നിരിക്കുന്നത്. റീപോ ലിങ്ക്ഡ് വായ്പകൾക്കാണ് പലിശ കൂടുക. കാരണം റിസർവ് ബാങ്ക് രണ്ടു തവണയായിട്ടാണ് റീപോ നിരക്ക് നാലിൽ നിന്നു 4.9 ശതമാനമായി ഉയർത്തിയത്.
ആർ ബി ഐ നയപ്രഖ്യാപനം വന്നതോടെ വാണിജ്യ ബാങ്കുകൾ വായ്പാ പലിശയും കൂട്ടി. അക്കാര്യത്തിൽ ഒട്ടും കാലതാമസം ഉണ്ടായില്ല എന്നത് എടുത്തു പറയണം. എന്നാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടുന്നതിൽ മിക്ക ബാങ്കുകളും ആലോചന തുടരുന്നതേ ഉള്ളൂ.
ചുരുക്കം ചില ബാങ്കുകൾ വലിയ നിക്ഷേപങ്ങൾക്ക് (ഒരു കോടി രൂപയ്ക്കു മുകളിൽ) അൽപം നിരക്ക് കൂട്ടി. റീപാേ നിരക്ക് കൂടുമ്പോൾ വായ്പകൾക്കു പലിശ കൂട്ടാൻ മടിക്കാത്തവർ നിക്ഷേപകരുടെ കാര്യത്തിൽ തികഞ്ഞ ഉദാസീനത പുലർത്തുന്നു.
നിലവിലുള്ള വായ്പയുടെ പലിശ കൂട്ടും. എന്നാൽ നിലവിലെ നിക്ഷേപത്തിനു പലിശ വർധിപ്പിക്കില്ല. അതിനു കാലാവധി കഴിയണം. അഞ്ചു വർഷ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിച്ചാൽ 7.23 ശതമാനം കിട്ടുമെങ്കിൽ ബാങ്കുകളിലെ അഞ്ചു വർഷ നിക്ഷേപത്തിൻ്റെ ശരാശരി വരുമാനം 5.72 ശതമാനം മാത്രം.
1.51 ശതമാനം കുറവ്. ക്രൂരമായ തമാശ റീപോ നിരക്കിനു താഴെ ബാങ്കുകൾക്കു പണം കിട്ടുമ്പോഴാണ് റീപാേ കൂട്ടിയ ഉടനേ വായ്പാ പലിശ കൂട്ടിയത് എന്നതാണ്.
നേട്ടമാർക്ക് ?
റീപോ നിരക്കുയർത്തുന്നത് വഴി ഉടനെ ഒരു നേട്ടം ആർക്കും തന്നെ ലഭിക്കാൻ ഇടയില്ലെന്നതാണ് സത്യം. എന്നാൽ പലിശ നിരക്ക് റീപോ ലിങ്ക്ഡ് ആക്കിയിട്ടുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ചില ബാങ്കുകൾ മെയ് മാസം തന്നെ നിരക്കുയർത്തിയിരുന്നു.
സ്ഥിര നിക്ഷേപങ്ങൾക്കൊപ്പംസേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്കും പല ബാങ്കുകളും ഉയര്‍ത്തിയിരുന്നു. നിലവില്‍ ഏറ്റവുമധികം നിക്ഷേപ പലിശ നിരക്ക് നൽകുന്നത് ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവരൊക്കെയാണ്.
റീപോ ലിങ്ക്ഡ് വായ്പകൾക്ക് പലിശ ഉയർത്തിയെങ്കിലും പല ബാങ്കുകളും അവരുടെ നിക്ഷേപ പലിശ ഉയർത്തിയതായി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എന്നാൽ ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ശരാശരി എട്ടു ശതമാനത്തിലെത്തുമെന്നാണ് വിലിയിരുത്തല്‍.
രണ്ടോ മൂന്നോ പാദങ്ങളിലായി ഒരുശതമാനത്തിലേറെ വര്‍ധന പ്രതീക്ഷിക്കാം. കോവിഡിനു തൊട്ടുമുമ്പുള്ള സാഹചര്യത്തിലേയ്ക്ക് വൈകാതെ എത്തിയേക്കും. പൊതുവെ റിപ്പോ നിരക്കുമായി ബന്ധപ്പെട്ടാണ് പലിശ നിരക്കില്‍ വ്യതിയാനം ഉണ്ടാകുന്നത്.
ഒരുവര്‍ഷത്തിനുള്ളില്‍ റിപ്പോ ആറുശതമാനംവരെ ഉയരാനുള്ള സാധ്യതയുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം മൂലമുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും കോവിഡിനെ തുടര്‍ന്ന് വിപണിയിലെ പണലഭ്യത ഉയര്‍ത്തിയതും ആസാധാരണ സാഹചര്യമാണ് വിപണിയിലുണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധനകൂടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു.
എങ്ങനെ നേട്ടമുണ്ടാക്കാൻ കഴിയും ?
പലിശ നിരക്ക് ഘട്ടംഘട്ടമായി ഉയരുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലയളവില്‍ ഇപ്പോള്‍ സ്ഥിര നിക്ഷേപമിടുന്നത് അനുയോജ്യമല്ല. ബാങ്കുകളാകട്ടെ ഹ്രസ്വകാലയളവിലെതിനേക്കാള്‍ ദീര്‍ഘകാലയളവിലെ നിക്ഷേപ പലിശയാകും ആദ്യംകൂട്ടുക. ഭാവിയില്‍ പലിശ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ധനകാര്യ സ്ഥാപനങ്ങള്‍ ദീര്‍ഘകാലത്തേയ്ക്കുള്ള പലിശയില്‍ ആദ്യം വര്‍ധനവരുത്തുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എഫ്ഡിയിടാന്‍ ഉദ്ദേശിക്കുന്നവര്‍ ആറ് മാസമോ പരമാവധി ഒരുവര്‍ഷമോ കാലാവധിയില്‍ നിക്ഷേപം നടത്തുന്നതാകും അനുയോജ്യം.