പലിശഭാരം ഉടന്‍ കുറയില്ല, വായ്പയെടുത്തവര്‍ക്കും പുതിയ വായ്പതേടുന്നവര്‍ക്കും തിരിച്ചടി

ഉയര്‍ന്ന പലിശ എത്രകാലം തുടരുമെന്ന് പറയാനാകില്ലെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

Update: 2023-10-21 09:08 GMT

രാജ്യത്ത് പലിശനിരക്ക് ഉടന്‍ കുറയ്ക്കില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ്. എത്രകാലം ഉയര്‍ന്ന പലിശ നിരക്ക് തുടരുമെന്ന് പറായാനാകില്ലെന്നും ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമാകുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്കും പുതിയ വായ്പ തേടുന്നവര്‍ക്കും തിരിച്ചടിയാണിത്. പുതുതായി വായ്പയെടുക്കാനിരിക്കുന്നവര്‍ക്ക് അടുത്ത കാലത്തൊന്നും കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാനുള്ള അവസരമുണ്ടാകില്ല. നിലവില്‍ വായ്പയെടുത്തിട്ടുള്ളവര്‍ ഉയര്‍ന്ന പലിശ നിരക്കില്‍ തുടരേണ്ടി വരികയും ചെയ്യും. ഫിക്‌സഡ് നിരക്കില്‍ വായ്പയെടുത്തിട്ടുള്ളവരെ ഇത് ബാധിക്കില്ലെങ്കിലും ഫ്‌ളോട്ടിംഗ് നിരക്കില്‍ വായ്പയെടുത്തിട്ടുള്ളവര്‍ക്ക് പലിശ ഭാരം ഉയര്‍ന്നു തന്നെ നില്‍ക്കും.

പണപ്പെരുപ്പം കുറയ്ക്കാന്‍

പണനയത്തില്‍ പണപ്പെരുപ്പം കുറയ്ക്കുന്നതിനാണ് മുന്‍ഗണന. പണപ്പെരുപ്പ നിരക്കുകള്‍ നാല് ശതമാനമായി നിയന്ത്രിക്കുകയാണ് ആര്‍.ബി.യുടെ ലക്ഷ്യം. പണപ്പെരുപ്പം ആറ് ശതമാനം വരെ ഉയര്‍ന്നാലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നാല് ശതമാനത്തില്‍ തന്നെ നിയന്ത്രിക്കണമെന്നാണ് കേന്ദ്രം നല്‍കിയിട്ടുള്ള നിര്‍ദേശം. ജൂലൈയില്‍ പണപ്പെരുപ്പം 7.44 ശതമാനം വരെ എത്തിയിരുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ഇത് കുറഞ്ഞു വരുന്നുണ്ട്. പലിശ നിരക്കുകള്‍ ഉയര്‍ത്തിയാണ് ആര്‍.ബി.ഐ പണപ്പെരുപ്പത്തിന് കടിഞ്ഞാണിടുന്നത്.

ആഗോള തലത്തില്‍ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് പ്രധാനമായും നോക്കേണ്ടത്. ഒന്ന് രാജ്യത്തിന്റ മാക്രോ ഇക്കണോമിക് അടിത്തറയും സാമ്പത്തിക മേഖലയും എത്രത്തോളം ശക്തമാണെന്നാണ്. ഈ രണ്ടു ഘടകങ്ങളും ഇന്ത്യയെ സംബന്ധിച്ച്‌ മികച്ച നിലയിലാണെന്നും ശക്തികാന്തദാസ് പറയുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ കൂടിയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

Tags:    

Similar News