ഉരുള്‍പൊട്ടല്‍ മേഖലയില്‍ കൂടുതല്‍ വായ്പ നല്‍കിയത് കേരള ഗ്രാമീണ്‍ ബാങ്ക്

വായ്പകളില്‍ 40 ശതമാനം ഗ്രാമീണ്‍ ബാങ്കിന്റേത്

Update:2024-08-20 14:22 IST

Image : Kerala Gramin Bank - findyourbank.in 


ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ വയനാട്ടിലെ മുണ്ടക്കൈ മേഖലയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക പിന്തുണ നല്‍കിയിരുന്നത് കേരള ഗ്രാമീണ്‍ ബാങ്ക്. ദുരന്തമേഖലയില്‍ ഏറ്റവും കൂടുതല്‍ വായ്പകള്‍ അനുവദിച്ചിരുന്നത് ഗ്രാമീണ്‍ ബാങ്കാണെന്ന് കണക്കുകള്‍ പറയുന്നു. ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന 12 ബാങ്കുകളാണ് വിവിധ വായ്പകളിലായി 35 കോടി രൂപ അനുവദിച്ചിരുന്നത്. ഈ വായ്പകളില്‍ 40 ശതമാനത്തിലേറെ അനുവദിച്ചത് മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീണ്‍ ബാങ്കിന്റെ ശാഖകള്‍ മുഖേനയാണ്. 15.44 കോടി രൂപയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഗ്രാമീണ്‍ ബാങ്ക് വായ്പ നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ ബാങ്ക് (6.69 കോടി), കേരള ബാങ്ക് (4.92 കോടി), ബാങ്ക് ഓഫ് ബറോഡ (2.01 കോടി), സൗത്ത് ഇന്ത്യന്‍ ബാങ്ക്(1.36 കോടി), കനറ ബാങ്ക് (1.29 കോടി), കാര്‍ഷിക വികസന ബാങ്ക് (1.02 കോടി), എസ്.ബി.ഐ (99 ലക്ഷം), ഇന്ത്യന്‍ ബാങ്ക് (15.87 ലക്ഷം), പഞ്ചാബ് നാഷണല്‍ ബാങ്ക് (55 ലക്ഷം), ഇസാഫ് (49 ലക്ഷം), ഫെഡറല്‍ ബാങ്ക് (34.05 ലക്ഷം) എന്നിങ്ങിനെയാണ് വിവിധ ബാങ്കുകള്‍ നല്‍കിയിട്ടുള്ള വായ്പകള്‍.

പിഴവുകള്‍ തിരുത്തി, ദുരിത ബാധിതര്‍ക്കൊപ്പം

ദുരന്ത ബാധിതരായ മുന്നു പേരില്‍ നിന്ന് വായ്പാ തിരിച്ചടവ് തുക പിടിച്ചെടുത്തതിലുള്ള സാങ്കേതിക പിഴവ് പെട്ടെന്ന് തന്നെ തിരുത്തിയാണ് ഗ്രാമീണ്‍ ബാങ്ക് അശരണരായവര്‍ക്കൊപ്പം നില്‍ക്കുന്നത്. വിലങ്ങാട് ബ്രാഞ്ചില്‍ നിന്ന് വായ്പയെടുത്തവരുടെ ഈ മാസത്തെ ഗഡു ഈടാക്കിയതായി കണ്ടെത്തിയ ഉടന്‍ തന്നെ ബാങ്ക് ചെയര്‍പേഴ്സൺ വിമല വിജയ ഭാസ്‌കര്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. മൂന്നു പേരുടെയും അക്കൗണ്ടുകളില്‍ നിന്ന് ഈടാക്കിയ തുക തിരിച്ചു നല്‍കാനും ചെയര്‍പേഴ്സണ്‍ ബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു. സാങ്കേതിക പിഴവ് മൂലമാണ് പണം പിടിച്ചതെന്ന് കണ്ടെത്തിയതായി സംഭവ ദിവസം ഡല്‍ഹിയിലായിരുന്ന ചെയര്‍പേഴ്സണ്‍ പറഞ്ഞു. പിഴവ് കണ്ടെത്തിയ ഉടന്‍ തന്നെ തുക അക്കൗണ്ടിലേക്ക് തിരിച്ചയച്ചതായി വിമല വിജയഭാസ്‌കര്‍ പറഞ്ഞു.

വായ്പ എഴുതിത്തള്ളുന്നത് പരിഗണിക്കും

ദുരന്തബാധികരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യം ബാങ്കിന്റെ സജീവ പരിഗണനയിലുണ്ടെന്ന് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റെഗുലേറ്ററി സമിതിയുടെയും നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള തീരുമാനം ബാങ്ക് എടുക്കുമെന്നും വിമല വിജയ ഭാസ്‌കര്‍ പറഞ്ഞു. ദുരന്തമേഖലയിലുള്ളവരുടെ 35 കോടി രൂപയുടെ വായ്പ എഴുതി തള്ളാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമതി വിവിധ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags:    

Similar News