സാമ്പത്തിക തട്ടിപ്പില്‍ തട്ടിവീഴുന്ന മലയാളി

എന്തുകൊണ്ടാണ് മലയാളികള്‍ നിരന്തരം സാമ്പത്തിക തട്ടിപ്പുകളില്‍ ബലിയാടാകുന്നത്?

Update:2023-02-05 13:00 IST

ലോകത്തിന്റെ ഏത് കോണില്‍ പോയാലും മലയാളികളുണ്ട്. എന്നാല്‍ കഴിവും സാക്ഷരതയുമുള്ള നമ്മള്‍ തന്നെ സാമ്പത്തിക തട്ടിപ്പുകളില്‍ ബലിയാടാകുന്നു. നെറ്റ്‌വർക്ക് മാര്‍ക്കറ്റിംഗ് തട്ടിപ്പ്, ക്രിപ്‌റ്റോ തട്ടിപ്പ്, ബാങ്ക് പിന്‍ നമ്പര്‍ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പ് തുടങ്ങി ചെറുതും വലുതുമായി മലയാളികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന തട്ടിപ്പുകളുടെ എണ്ണം ദിവസവും വര്‍ധിച്ചുവരികയാണ്. വര്‍ഷങ്ങളായി ഇത്തരം തട്ടിപ്പില്‍ നിരന്തരം ഇരയാകുന്ന മലയാളികള്‍ക്ക് നഷ്ടമായ കോടികളെ കുറിച്ച് കൃത്യമായ കണക്കും അധികൃതരുടെ കയ്യിലില്ല.

അടുത്തിടെയാണ് രാജ്യത്തെ പ്രമുഖ വാല്യു ഇന്‍വെസ്റ്ററായ മലയാളിയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഒരു മൊബൈല്‍ ആപ്പിലൂടെ വന്‍ തട്ടിപ്പ് നടത്തിയ വിവരം പുറത്തുവന്നത്. ഈ ആപ്പിലൂടെ ആയിരങ്ങളും ലക്ഷങ്ങളും നിക്ഷേപം നടത്തിയവരുണ്ട്. ആപ്പ് പ്രവര്‍ത്തിക്കാതാവുകയും നിക്ഷേപകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് തട്ടിപ്പാണല്ലോ എന്ന് നിക്ഷേപകര്‍ മനസിലാക്കുന്നത്.

സൈബര്‍ ക്രൈം വിഭാഗം, പ്രമുഖനായ വാല്യു ഇന്‍വെസ്റ്ററെ ബന്ധപ്പെട്ടതോടെയാണ് വ്യാജ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളുണ്ടാക്കി നടത്തിയ തട്ടിപ്പിനെ കുറിച്ച് വ്യക്തമാക്കുന്നത്. തട്ടിപ്പുകളില്‍ ഇരയാവാന്‍ മലയാളിക്ക് പ്രത്യേക മിടുക്കുള്ളതുപോലെ തോന്നും. ആട്, മാഞ്ചിയം തൊട്ട് ഇപ്പോള്‍ പ്രവീണ്‍ റാണയുടെ കേസ് വരെ മലയാളികള്‍ പെട്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നിരവധിയാണ്.

മൂന്നര കോടി മുതല്‍ 1,600 കോടിവരെ

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 24 വന്‍സാമ്പത്തിക തട്ടിപ്പു കേസുകളാണ്. മൂന്നര കോടി മുതല്‍ 1,600 കോടി രൂപ വരെയുള്ള തട്ടിപ്പുകളും ഇതിലുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ തന്നെ രേഖകളില്‍ കാണിക്കുന്ന തുകയുടെ എത്രയോ മടങ്ങാണ് യഥാര്‍ത്ഥത്തില്‍ തട്ടിച്ച തുക. പരാതി നല്‍കിയാല്‍ പണം എവിടെ നിന്ന് കിട്ടിയതാണെന്ന് കാണിക്കേണ്ടി വരുമെന്നതിനാല്‍ പലരും യഥാര്‍ത്ഥ തുക വെളിപ്പെടുത്താന്‍ മടിക്കുന്നു. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ തട്ടിപ്പിന്റെ 50 ശതമാനം പോലും പുറത്തുവരാറില്ല.

'400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കാസര്‍കോട്ടെ ജി.ബി.ജി നിധി ലിമിറ്റഡ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്ത പലിശ 80 ശതമാനമാണ്. അവര്‍ക്ക് 100 ശതമാനമെങ്കിലും ലാഭം കിട്ടിയാലേ ഇത്തരത്തില്‍ നല്‍കാനാവൂ. രാജ്യത്തെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ ഇത്തരത്തിലുള്ള നേട്ടം ഉണ്ടാക്കാനാവില്ല. അതുകൊണ്ടു തന്നെ അത് തട്ടിപ്പിലേക്കുള്ള വഴിയാണെന്ന് ആദ്യമേ മനസിലാക്കണം. നിങ്ങള്‍ നിക്ഷേപം നടത്തുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍, പ്രവര്‍ത്തന ചരിത്രം എന്നിവയൊക്കെ മനസിലാക്കി മാത്രം നിക്ഷേപം നടത്തുക'' ഹൈക്കോടതി അഭിഭാഷകന്‍ ബാലസുബ്രഹ്‌മണ്യന്‍ പറഞ്ഞു.

കുഴിയില്‍ ചാടുന്നവരും 'സമ്പന്നര്‍'

തട്ടിപ്പിനിരയാവുന്നവരില്‍ സാധാരണക്കാര്‍ 20-30 ശതമാനം പേര്‍ മാത്രമാണ്. ബാക്കിവരുന്ന 70-80 ശതമാനവും ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ളവരാണ്. പലരും അനധികൃതമായി സമ്പാദിച്ച പണമാണ് ഇത്തരം ഇരട്ടിപ്പ് സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത്. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ്. കേരളം കണ്ട വലിയ തട്ടിപ്പ് കേസുകളിലൊന്നായ 2017ലെ പാറശാല നിര്‍മല്‍ കൃഷ്ണ ചിറ്റ്സ് തട്ടിപ്പ് കേസ് ഇതുവരെയും അവസാനിച്ചിട്ടില്ല. മറ്റു പല സംഭവങ്ങളിലും ഇതുതന്നെ സ്ഥിതി.

തൃശ്ശൂരില്‍ 200 കോടിയോളം തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയെപ്പറ്റി ഒരു വര്‍ഷം മുമ്പ് പോലിസില്‍ പരാതി ലഭിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാതെ ഒത്തുതീര്‍ക്കുകയായിരുന്നു. റാണയുടെ പോലിസ് ബന്ധമായിരുന്നു കാരണം. മുന്‍പ് സ്പെഷ്യല്‍ ബ്രാഞ്ച് പോലിസ് റാണക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

'സാമ്പത്തിക തട്ടിപ്പുകളുടെ എണ്ണത്തില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കേസുകളും പരാതികളും രണ്ടു വര്‍ഷത്തിനിടെ 300 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ തന്നെ നിരവധി തട്ടിപ്പുകള്‍ നടന്നു. പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ ശ്രദ്ധിക്കുന്നുണ്ട്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. തട്ടിപ്പുകളില്‍ പെടാതിരിക്കുക എന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പോംവഴി.''എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

കേസിനും ഫലമില്ല

തട്ടിപ്പിനിരയായവര്‍ക്ക് പ്രതികളുടെ ആസ്തി ജപ്തി ചെയ്ത് കിട്ടുന്ന തുക ആനുപാതികമായി വീതിച്ചു നല്‍കുകയാണ് ചെയ്യുക. എന്നാല്‍ മനഃപൂര്‍വം തട്ടിപ്പിനിറങ്ങുന്നവരുടെ പേരില്‍ ആസ്തിയൊന്നും ഉണ്ടാകാറുമില്ല. തട്ടിപ്പുകള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം പോലിസിന്റെ ജാഗ്രതക്കുറവാണെന്നും ആരോപണമുണ്ട്. ആദ്യമെത്തുന്ന പരാതിയില്‍ മാത്രം കേസെടുക്കുകയും പിന്നീടെത്തുന്ന പരാതിക്കാരോട് ആദ്യത്തെ കേസില്‍ സാക്ഷി ചേരാന്‍ നിര്‍ദേശിക്കുകയുമാണ് പോലിസ് ചെയ്യുന്നത്.

എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പലപ്പോഴും ആദ്യത്തെ പരാതിയിലെ തുക മാത്രമേ കാണിക്കുകയുള്ളൂ. അതോടെ കേസിന്റെ ബലം കുറഞ്ഞ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുങ്ങുന്നു. ഇത്തരം സംഭവങ്ങളില്‍ ഓരോ പരാതിയും പ്രത്യേകം കേസായി പരിഗണിക്കണമെന്ന് 2022 നവംബറിലെ സുപ്രീം കോടതി ഉത്തരവ് (അനുഭവ് മിത്തല്‍ വേഴ്സസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍) ഉണ്ട്. എന്നാല്‍ കേരളത്തില്‍ അടുത്തിടെ ഉണ്ടായ കേസുകളെല്ലാം ഒറ്റക്കേസായി എടുക്കുകയാണ് ഉണ്ടായിരിക്കുന്നത്.

എന്തൊക്കെ ശ്രദ്ധിക്കണം

കൃത്യമായ തെളിവുണ്ടെങ്കില്‍ തട്ടിപ്പു നടത്തിയ ആള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാം.

ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ നിശ്ചിത തുക കൈമാറുമ്പോള്‍ അതിന്റെ കൃത്യമായ രേഖകള്‍ സൂക്ഷിച്ചു വെയ്ക്കുക.

ജോയ്ന്റ് അക്കൗണ്ടുകളിലേക്ക് പണം അയക്കുമ്പോള്‍ അക്കൗണ്ടിന്റെ നിജസ്ഥിതി പരിശോധിക്കുക.

അഞ്ചു വര്‍ഷത്തിനിടെ തകര്‍ന്നുപോയതും തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെട്ടതുമായ സ്ഥാപനങ്ങളുടെ രീതികളുമായി നിങ്ങള്‍ നിക്ഷേപിക്കാന്‍ പോകുന്ന സ്ഥാപനത്തിന്റെയോ വ്യക്തികളുടേയോ സംരംഭ നടത്തിപ്പിന് സാമ്യമുണ്ടേയെന്ന് പരിശോധിക്കുക.

Tags:    

Similar News