ധനലക്ഷ്മി ബാങ്കിന് ഒടുവില്‍ ചെയര്‍മാനെ കിട്ടി; രണ്ടുവര്‍ഷത്തിന് ശേഷം!

കെ.എന്‍. മധുസൂദനന്‍ ചെയര്‍മാന്‍; മൂന്ന് വര്‍ഷത്തേക്കുള്ള നിയമനം റിസര്‍വ് ബാങ്ക് അംഗീകരിച്ചു

Update: 2023-09-27 06:03 GMT

Image : K.N. Madhusoodanan (Dhanlaxmi Bank website)

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചെയര്‍മാനെ ലഭിച്ചു. നിലവില്‍ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായ കെ.എന്‍. മധുസൂദനനെ മൂന്ന് വര്‍ഷക്കാലാവധിയില്‍ ഇടക്കാല ചെയര്‍മാനായി നിയമിക്കാന്‍ റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കി. നിയമനം ഇന്നലെ (സെപ്റ്റംബര്‍ 26) പ്രാബല്യത്തില്‍ വന്നു.

2022 നവംബര്‍ 9നാണ് കെ.എന്‍. മധുസൂദനന്‍ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡംഗമായത്. മാവനാല്‍ ഗ്രാനൈറ്റ്‌സിന്റെ (Mavanal Granites Private Limited) പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ കെ.എന്‍. മധുസൂദനന് ധനലക്ഷ്മി ബാങ്കില്‍ 2022 നവംബര്‍ 9 പ്രകാരം 0.19 ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് ബാങ്കിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. മാവനാല്‍ ഗ്രാനൈറ്റ്‌സിന് 0.17 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

വിവിധ ബിസിനസുകളില്‍ പങ്കാളിയായ മദുസൂദനന്‍ വജ്ര സാന്‍ഡ് ആന്‍ഡ് ഗ്രാനൈറ്റ് മൈനിംഗ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, മാവനാല്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെയും മാനേജിംഗ് ഡയറക്ടറാണ്. കൂടാതെ കെ.എന്‍.എം പ്ലാന്റേഷന്‍സ്, കെ.എന്‍.എം ഫാംസ് എന്നിവയുടെ ഡെസിഗ്നേറ്റഡ് പാര്‍ട്ണറുമാണ്.

രണ്ടുവര്‍ഷത്തിന് ശേഷം ചെയര്‍മാന്‍

ഇടക്കാല ചെയര്‍മാനായിരുന്ന ജി. സുബ്രഹ്‌മണ്യ അയ്യര്‍ 2021 ഡിസംബറില്‍ രാജിവച്ചശേഷം ധനലക്ഷ്മി ബാങ്കില്‍ ചെയര്‍മാന്‍ പദവി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. അയ്യര്‍ക്ക് തൊട്ടുമുമ്പ് ചെയര്‍മാന്‍ പദവി വഹിച്ചിരുന്ന സജീവ് കൃഷ്ണന്‍ 2020 ജൂണില്‍ രാജിവച്ചൊഴിഞ്ഞിരുന്നു.
മറ്റൊരു സ്വതന്ത്ര ഡയറക്ടറായ ജി. രാജഗോപാലന്‍ നായരെ ഇടക്കാല ചെയര്‍മാനായി നിയമിക്കണമെന്ന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡും നോമിനേഷന്‍ ആന്‍ഡ് റെമ്യൂണറേഷന്‍ കമ്മിറ്റിയും (എന്‍.ആര്‍.സി) ചേര്‍ന്ന് നല്‍കിയ ശുപാര്‍ശ കഴിഞ്ഞ മേയില്‍ റിസര്‍വ് ബാങ്ക് തള്ളിയിരുന്നു.
രാജിയും വോട്ടിനിട്ട് ഒഴിവാക്കലും
മാനേജിംഗ് ഡയറക്ടര്‍, മറ്റ് ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കഴിഞ്ഞദിവസം ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടര്‍ ശ്രീധര്‍ കല്യാണസുന്ദരം രാജിവച്ചിരുന്നു.
ബാങ്കിന്റെ തലപ്പത്ത് നിന്ന് പ്രമുഖര്‍ രാജിവച്ചൊഴിയുന്നത് ആദ്യമല്ല. ചെയര്‍മാനായിരുന്ന സജീവ് കൃഷ്ണന് പിന്നാലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.എന്‍. മുരളി, ജി. വെങ്കടനാരായണന്‍ എന്നിവരും രാജിവച്ചിരുന്നു.
റിസര്‍വ് ബാങ്ക് നിയമിച്ച മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന സുനില്‍ ഗുര്‍ബക്‌സാനിയെ 2020 സെപ്റ്റംബറില്‍ ഓഹരി ഉടമകളുടെ പൊതുയോഗം എതിര്‍വോട്ട് ചെയ്ത് പുറത്താക്കിയിരുന്നു. നിലവില്‍ ജെ.കെ. ശിവനാണ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയും.
ഓഹരികളില്‍ നേട്ടം
ഇന്നലെ വ്യാപാര സമയത്തിന് ശേഷമാണ് പുതിയ ചെയര്‍മാനെ നിയമിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ധനലക്ഷ്മി ബാങ്ക് സമര്‍പ്പിച്ചത്. ഇന്ന് രാവിലത്തെ സെഷനില്‍ എന്‍.എസ്.ഇയില്‍ 1.60 ശതമാനം നേട്ടവുമായി 28.55 രൂപയിലാണ് ധനലക്ഷ്മി ബാങ്ക് ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
Tags:    

Similar News