കൊട്ടക് മഹീന്ദ്ര ബാങ്കില്‍ സ്ഥിര നിക്ഷേപത്തിന് 7.70% വരെ പലിശ
പലിശനിരക്ക് കൂട്ടി ബാങ്ക്
സ്ഥിരനിക്ഷേപത്തെ (എഫ്.ഡി) ആശ്രയിക്കുന്നവര്‍ക്ക് നേട്ടവുമായി പലിശനിരക്ക് ഉയര്‍ത്തി പ്രമുഖ സ്വകാര്യബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. രണ്ടുകോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് സാധാരണ ഉപഭോക്താക്കള്‍ക്ക് 7.20 ശതമാനം പലിശ നേടാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഗ്ദാനം 7.70 ശതമാനം വരെയാണ്. 390 മുതല്‍ രണ്ടുവര്‍ഷത്തില്‍ താഴെവരെയുള്ള വിവിധ നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകം.
180 ദിവസക്കാലാവധിയുള്ള എഫ്.ഡിയുടെ പലിശ ബാങ്ക് 6 ശതമാനത്തില്‍ നിന്ന് 6.50 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനം പലിശ ലഭിക്കും.
ആര്‍.ഡിയിലും നിക്ഷേപിക്കാം
കൊട്ടക് ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റിലും (ആര്‍.ഡി) ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 6 മാസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപിക്കാവുന്ന വിവിധ ആര്‍.ഡി പദ്ധതികള്‍ ബാങ്കിലുണ്ട്. 6 മുതല്‍ 7.20 ശതമാനം വരെ പലിശ സാധാരണ ഉപഭോക്താക്കള്‍ക്ക് നേടാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.50 മുതല്‍ 7.70 ശതമാനം വരെ.