നഷ്ട സാധ്യതകള്‍ കുറയ്ക്കും; നിക്ഷേപ രീതികളില്‍ മാറ്റം വരുത്താന്‍ എല്‍ഐസി
രാജ്യത്തെ എറ്റവും വലിയ ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വസ്റ്റര്‍ കൂടിയാണ് പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി
വിപണിയില്‍ ലിസ്റ്റ് ചെയ്തതോടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) നിക്ഷേപ രീതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകായണെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ സ്ഥാപനമായ എല്‍ഐസി രാജ്യത്തെ എറ്റവും വലിയ ഇന്‍സ്റ്റിറ്റ്യുഷണല്‍ ഇന്‍വസ്റ്റര്‍ കൂടിയാണ്. ഏകദേശം 10 ട്രില്യണ്‍ രൂപയുടെ ഇക്വിറ്റി നിക്ഷേപങ്ങളാണ് എല്‍ഐസിക്ക് ഉള്ളത്. 41 ട്രില്യണോളമാണ് എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ (asset under management) മൂല്യം.
സിമന്റ് നിര്‍മ്മാണം, പവര്‍ ജനറേഷന്‍ കമ്പനികള്‍, ഡിസ്‌കോമുകള്‍ (discoms) എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട കമ്പനികളിലെ നിക്ഷേപം കുറയ്ക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണ് എല്‍ഐസി. ഇത്തരം കമ്പനികളിലെ നിക്ഷേപം കുറയ്ക്കുന്നതിലൂടെ നിഷ്‌ക്രിയ ആസ്തികളില്‍ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകള്‍ തടയുകയാണ് ലക്ഷ്യം. എല്‍ഐസി ബോര്‍ഡ് ആയിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.
ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളുടെ നിക്ഷേപ മിച്ചത്തിന്റെ 50% സര്‍ക്കാര്‍ സെക്യൂരിറ്റികളിലും കുറഞ്ഞത് 15% ഇന്‍ഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട ആസ്തികളിലും നിക്ഷേപിക്കണം എന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) മാനദണ്ഡം. എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്, എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ്, ഐഡിബിഐ ബാങ്ക് തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ ഓഹരികള്‍ വെട്ടിക്കുറയ്ക്കാനും എല്‍ഐസി പദ്ധതിയിടുന്നതായാണ് വിവരം
എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡില്‍ 45.24 ശതമാനം ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്. എല്‍ഐസി മ്യുച്വല്‍ ഫണ്ടില്‍ നേരിട്ട് 49 ശതമാനവും എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് വഴി 16 ശതമാനം ഓഹരികളും് എല്‍ഐസിക്കുണ്ട്. മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ 35.3 ശതമാനം ഓഹരികളാണ് എന്‍ഐസി ഹൗസിംഗ് ഫിനാന്‍സിന് ഉള്ളത്.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒയിലൂടെ ലിസ്റ്റ് ചെയ്യപ്പെട്ട എല്‍ഐസിയുടെ ഓഹരികള്‍ തുടര്‍ച്ചയായി ഇടിയുകയാണ്. ഇന്നലെ 1.85 ശതമാനം ഇടിഞ്ഞ് 825.30 രൂപയിലായിരുന്നു എല്‍ഐസി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.