മുന്നേറ്റമില്ലാതെ എല്‍.ഐ.സിയുടെ മാര്‍ച്ചുപാദ ലാഭം; കേന്ദ്രത്തിന് ₹3,600 കോടി ലാഭവിഹിതം, ഓഹരിക്ക് നഷ്ടം
കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 51 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍
കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയുമായ എല്‍.ഐ.സി (LIC) ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച 2023-24 സാമ്പത്തിക വര്‍ഷത്തെ അന്തിമ ലാഭവിഹിതമായി (Final Dividend) ഓഹരിക്ക് 6 രൂപ വീതം പ്രഖ്യാപിച്ചു.
കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായ കേന്ദ്രസര്‍ക്കാരിന് ഇതുപ്രകാരം 3,662 കോടി രൂപ ലഭിക്കും. എല്‍.ഐ.സിയില്‍ കേന്ദ്രസര്‍ക്കാരിനുള്ളത് 96.50 ശതമാനം ഓഹരി പങ്കാളിത്തമാണ്.
കുതിപ്പില്ലാതെ ലാഭം
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 13,782 കോടി രൂപയുടെ ലാഭമാണ് എല്‍.ഐ.സി നേടിയത്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 13,191 കോടി രൂപയേക്കാള്‍ 4.5 ശതമാനം മാത്രം അധികം. എങ്കിലും ഓഹരിക്ക് 6 രൂപവീതം ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്യുകയായിരുന്നു.
മാർച്ചുപാദത്തിൽ ജീവനക്കാരുടെ വേതനക്കുടിശിക ഉൾപ്പെടെ വീട്ടാനും മറ്റ് ആനുകൂല്യങ്ങൾ നൽകാനുമായി കൂടുതൽ തുക നീക്കിവച്ചത് ലാഭത്തെ ബാധിച്ചു. മുൻവർഷത്തെ സമാനപാദത്തിലെ 10,381 കോടി രൂപയിൽ നിന്ന് കഴിഞ്ഞപാദത്തിൽ 13,780 കോടി രൂപയായാണ് ഈ ബാധ്യത ഉയർന്നത്.
അതേസമയം, ഈയിനത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം ആകെ നീക്കിവച്ച തുക മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞു. 40,094 കോടി രൂപയിൽ നിന്ന് 39,584 കോടി രൂപയായാണ് കുറഞ്ഞത്.
ആദ്യവര്‍ഷ പ്രീമിയത്തില്‍ എല്‍.ഐ.സി തന്നെ മുന്നില്‍
ഇന്‍ഷ്വറന്‍സ് കമ്പനികളുടെ മുഖ്യ വരുമാനസ്രോതസ്സുകളിലൊന്നായ ആദ്യവര്‍ഷ പ്രീമിയത്തില്‍ 58.87 ശതമാനം വിപണിവിഹിതവുമായി എല്‍.ഐ.സി തന്നെയാണ് ഒന്നാംസ്ഥാനത്ത്.
വ്യക്തിഗത പ്രീമിയം ബിസിനസില്‍ 38.44 ശതമാനവും ഗ്രൂപ്പ് പ്രീമിയം ബിസിനസില്‍ 72.30 ശതമാനവും വിപണിവിഹിതം എല്‍.ഐ.സിക്കുണ്ട്.
ഏറിയും കുറഞ്ഞും പ്രീമിയം വരുമാനം
എല്‍.ഐ.സിയുടെ മൊത്തം പ്രീമിയം വരുമാനം കഴിഞ്ഞവര്‍ഷം 4.74 ലക്ഷം കോടി രൂപയില്‍ നിന്ന് നേരിയ വളര്‍ച്ചയുമായി 4.75 ലക്ഷം കോടി രൂപയായി. മൊത്തം വ്യക്തിഗത പ്രീമിയം വരുമാനം 2.92 ലക്ഷം കോടി രൂപയായിരുന്നത് 3.03 ലക്ഷം കോടി രൂപയായി മെച്ചപ്പെട്ടു.
ഗ്രൂപ്പ് ബിസിനസ് ടോട്ടല്‍ പ്രീമിയം പക്ഷേ 1.81 ലക്ഷം കോടി രൂപയില്‍ നിന്ന് 1.71 ലക്ഷം കോടി രൂപയിലേക്ക് കുറഞ്ഞു.
മൊത്തം ആസ്തിയിലെ നാഴികക്കല്ല്
എല്‍.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) മാര്‍ച്ച് 31ലെ കണക്കുപ്രകാരം 51.21 ലക്ഷം കോടി രൂപയാണ്. തൊട്ടുമുന്‍ സാമ്പത്തികവര്‍ഷത്തെ 43.97 ലക്ഷം കോടി രൂപയേക്കാള്‍ 16.48 ശതമാനം വളര്‍ച്ച.
വ്യക്തിഗത വിഭാഗത്തില്‍ 2.03 കോടി പോളിസികള്‍ കഴിഞ്ഞവര്‍ഷം കമ്പനി വിതരണം ചെയ്തു. 2022-23ല്‍ ഇത് 2.04 കോടിയായിരുന്നു.
പുതിയ ബിസിനസ് മൂല്യം (Value of New Business/VNB) 9,156 കോടി രൂപയില്‍ നിന്ന് 9,583 കോടി രൂപയായി മെച്ചപ്പെട്ടു; വര്‍ധന 4.66 ശതമാനം. അറ്റ വി.എന്‍.ബി മാര്‍ജിന്‍ 16.20 ശതമാനത്തില്‍ നിന്ന് 16.80 ശതമാനമായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമാണ്.
എല്‍.ഐ.സിയുടെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 2.56 ശതമാനത്തില്‍ നിന്ന് 2.01 ശതമാനമായി കുറഞ്ഞുവെന്നതും നേട്ടമാണ്.
ഓഹരിയും ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള നേട്ടവും
കഴിഞ്ഞവര്‍ഷം എല്‍.ഐ.സി നടത്തിയത് 1.3 ലക്ഷം കോടി രൂപയുടെ ഓഹരി നിക്ഷേപമാണ്. കടപ്പത്രങ്ങളില്‍ 78,000 കോടി രൂപയും നിക്ഷേപിച്ചു.
നിക്ഷേപങ്ങളിലൂടെ 60,000 കോടി രൂപയുടെ ലാഭം എല്‍.ഐ.സി സ്വന്തമാക്കി. പുറമേ 21,000 കോടി രൂപയുടെ നികുതി റീഫണ്ടും കമ്പനിക്ക് ലഭിച്ചു.
ഇന്നലെ എല്‍.ഐ.സിയുടെ ഓഹരിവില 0.58 ശതമാനം ഉയര്‍ന്നിരുന്നു. ഇന്ന് വ്യാപാരം നടക്കുന്നത് 0.62 ശതമാനം താഴ്ന്ന് 1,029.60 രൂപയിലാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 70 ശതമാനം നേട്ടം എല്‍.ഐ.സി ഓഹരി സമ്മാനിച്ചിട്ടുണ്ട്. 6.51 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.
ലക്ഷ്യം ഇരട്ടയക്ക വളര്‍ച്ച
നടപ്പുവര്‍ഷം (2024-25) എല്‍.ഐ.സിക്ക് ലക്ഷ്യം ബിസിനസില്‍ ഇരട്ടയക്ക വളര്‍ച്ചയാണെന്ന് ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി പ്രതികരിച്ചു.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2023-24) മൊത്തം കണക്കെടുത്താല്‍ എല്‍.ഐ.സിയുടെ ലാഭം 36,397 കോടി രൂപയില്‍ നിന്ന് 40,676 കോടി രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്.