എല്‍.ഐ.സി ഇനി 'ഡൈവ്' ചെയ്യും; വരുന്നൂ പുതിയ ഫിന്‍ടെക് സംരംഭം
പ്രഖ്യാപനവുമായി ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തി
സേവനങ്ങളുടെ ഡിജിറ്റല്‍വത്കരണം ഉഷാറാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ധനകാര്യ ടെക്‌നോളജി വിഭാഗത്തിന് (Fintech) തുടക്കമിടാന്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സി ഒരുങ്ങുന്നു. ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മൊഹന്തിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണ നടപടികളുടെ ഭാഗമായി ഡിജിറ്റല്‍ ഇന്നൊവേഷന്‍ ആന്‍ഡ് വാല്യൂ എന്‍ഹാന്‍സ്‌മെന്റ് (ഡൈവ്/DIVE) എന്ന പദ്ധതിക്ക് തുടക്കമിടുകയും കണ്‍സള്‍ട്ടന്റിനെ നിയോഗിക്കുകയും ചെയ്തിരുന്നു. എല്‍.ഐ.സിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഉപയോക്താക്കള്‍ക്കും ലോകോത്തര സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ നല്‍കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ആദ്യഘട്ടത്തില്‍ ഉപയോക്താക്കളിലേക്ക്
ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങളുടെ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണമാണ് ആദ്യഘട്ടത്തില്‍ ഉന്നമിടുന്നത്. നിലവില്‍ മൂന്ന് വഴികളിലൂടെയാണ് കമ്പനി ഉപയോക്താക്കളെ നേടുന്നത്. ഏജന്റുമാര്‍, ബാങ്ക് അഷ്വറന്‍സ്, നേരിട്ടുള്ള വില്‍പന എന്നിവയാണവ.
ക്ലെയിം സെറ്റില്‍മെന്റുകള്‍, വായ്പകള്‍, മറ്റ് സേവനങ്ങള്‍ എന്നിവ ഒറ്റ ക്ലിക്കില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഇടപാടുകാര്‍ക്ക് എല്‍.ഐ.സിയുടെ ഓഫീസിലെത്താതെ തന്നെ വീട്ടിലിരുന്നും മറ്റും സേവനങ്ങള്‍ നേടാന്‍ കഴിയുമെന്നും സിദ്ധാര്‍ത്ഥ മൊഹന്തി പറഞ്ഞു.
വരുന്നൂ, പുതിയ ഉത്പന്നങ്ങളും
നടപ്പുവര്‍ഷം (2023-24) തന്നെ എല്‍.ഐ.സി പുതിയ 3-4 ഉത്പന്നങ്ങള്‍ പുറത്തിറക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. പുതിയ ബിസിനസ് പ്രീമിയം (New business premium) വളര്‍ച്ച രണ്ടക്ക നിലവാരത്തില്‍ കൈവരിക്കുകയാണ് ലക്ഷ്യം. ആദ്യ ഉത്പന്നം ഡിസംബര്‍ ആദ്യം അവതരിപ്പിക്കും.
ഓഹരികളില്‍ കുതിപ്പ്
കഴിഞ്ഞ വെള്ളിയാഴ്ച 10 ശതമാനത്തിലധികമാണ് എല്‍.ഐ.സി ഓഹരികള്‍ മുന്നേറിയത്. ലിസ്റ്റിംഗിന് ശേഷം ആദ്യമായായിരുന്നു എല്‍.ഐ.സി ഓഹരികള്‍ 10 ശതമാനത്തിലധികം വളര്‍ച്ച ഒരു വ്യാപാര സെഷനില്‍ കുറിച്ചിട്ടത്. വ്യാപാരാന്ത്യത്തില്‍ എന്‍.എസ്.ഇയില്‍ 9.71 ശതമാനം നേട്ടവുമായി 677.70 രൂപയിലാണ് എല്‍.ഐ.സി ഓഹരി വിലയുള്ളത്.