ഉപയോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ്: ഇസാഫ് ബാങ്കും എഡല്‍വെയിസും കൈകോര്‍ക്കുന്നു
ഇസാഫ് ബാങ്കിന്റെ ശാഖകളില്‍ 75 ശതമാനവും ഗ്രാമീണ മേഖലകളില്‍
ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ വ്യാപകമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എഡല്‍വെയിസ് ടോക്കിയോ ലൈഫുമായി കൈകോര്‍ത്ത് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. രാജ്യമെമ്പാടുമുള്ള ഇസാഫ് ബാങ്ക് ഉപയോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് സേവനങ്ങളാണ് ഇതുവഴി ലഭിക്കുക.
ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗവുമാണ് എഡല്‍വെയിസുമായുള്ള സഹകരണമെന്നും ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനായി ഇസാഫ് സഹകരിക്കുന്ന നാലാമത്തെ കമ്പനിയാണ് എഡല്‍വെയിസെന്നും ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.
എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയെന്ന ഐ.ആര്‍.ഡി.എ.ഐയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷ്യത്തിന് കരുത്തേകാന്‍ ഇസാഫുമായുള്ള സഹകരണം സഹായിക്കുമെന്ന് എഡല്‍വെയിസ് ടോക്കിയോ ലൈഫ് ഇന്‍ഷ്വറന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സുമിത് റായ് പറഞ്ഞു.
താഴെതട്ടിലുള്ളവര്‍ക്കും ഇന്‍ഷ്വറന്‍സ്
നിലവില്‍ 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 831 ശാഖകളും 70 ലക്ഷം ഇടപാടുകാരും ഇസാഫ് ബാങ്കിനുണ്ട്. 37,000 കോടി രൂപയാണ് മൊത്തം ബിസിനസ് മൂല്യം. ശാഖകളില്‍ 75 ശതമാനവും ഗ്രാമീണ മേഖലകളിലാണ്. ഉപയോക്താക്കളില്‍ ഭൂരിഭാഗവും വനിതകളുമാണ്.
നിലവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിനാണ് ഇസാഫ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത്. സ്ത്രീ സ്വയംസഹായ സഹകരണ സംഘങ്ങളെ കേന്ദ്രീകരിച്ചാണിത്. എഡല്‍വെയിസുമായുള്ള സഹകരണത്തിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്കും വൈവിദ്ധ്യമാര്‍ന്ന ഇന്‍ഷ്വറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്ന് കെ. പോള്‍ തോമസ് പറഞ്ഞു.