ലോണ്‍ മോറട്ടോറിയം: വായ്പ എടുത്തവര്‍ അറിയേണ്ട കാര്യങ്ങള്‍

കഴിഞ്ഞ ദിവസം ആര്‍ബിഐ പ്രഖ്യാപിച്ച ലോണ്‍ മോറട്ടോറിയം നിരവധി പേര്‍ക്ക് ആശ്വാസമാകും. നിങ്ങള്‍ ലോണ്‍ എടുത്തിട്ടുണ്ടോ, എങ്ങനെയാണ് ഈ മോറട്ടോറിയം നിങ്ങള്‍ ഉപകരിക്കുക. ലോണ്‍ മോറട്ടോറിയത്തെക്കുറിച്ച് വായ്പക്കാര്‍ അറിയാന്‍.

Update:2021-05-07 14:26 IST

കഴിഞ്ഞ ദിവസം ആര്‍ ബി ഐ പ്രഖ്യാപിച്ച രണ്ടാം വട്ട ലോണ്‍ മൊറട്ടോറിയം ആശ്വാസമാകുക ചെറുകിട സംരംഭകരുള്‍പ്പെടെ നിരവധി പേര്‍ക്ക്. കോവിഡ് പ്രതിസന്ധിക്കിടയില്‍ വ്യക്തികള്‍ക്കും ആശ്വാസ നടപടിയാണ് ആര്‍ബിഐ എടുത്തിട്ടുള്ളത്. മോറട്ടോറിയം അനുസരിച്ച് 25 കോടിയില്‍ താഴെ വായ്പകള്‍ ഉള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും പുതിയ ആനുകൂല്യം ലഭിക്കും.

കോവിഡിന്റെ ഒന്നാം വ്യാപനത്തില്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ മൊറട്ടോറിയം സ്വീകരിക്കാത്തവര്‍ക്കാണ് പുതിയ വായ്പ ക്രമീകരണം അനുവദിക്കുക. കഴിഞ്ഞ തവണയും സ്വീകരിച്ചവര്‍ക്ക് നിലവിലെ മൊറട്ടോറിയം കാലാവധി നീട്ടാന്‍ ബാങ്കുകളോട് അപേക്ഷിക്കാം.
കഴിഞ്ഞ വായ്പ പുനഃക്രമീകരണത്തിലൂടെ രണ്ട് വര്‍ഷം വരെ എം എസ് എം ഇ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നു. എന്നാല്‍ അന്ന് മോറട്ടോറിയം സ്വീകരിക്കാത്ത പലര്‍ക്കും തിരിച്ചടവിന്റെ അവസാന കാലാവധിയായ ഡിസംബര്‍ 2020 ന് തിരിച്ചടയ്ക്കാനാകാത്ത പ്രതിസന്ധി വന്നിരുന്നു. വലിയ പലിശയും ഇത് ഉണ്ടാക്കുന്നുണ്ട്. അവരുടെ ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ മൊറട്ടോറിയം ഏറെ ഉപകാരപ്രദമാണ്.
പുതിയ മൊറട്ടോറിയം ആവശ്യമുള്ള ഇടപാടുകാര്‍ 2021 സെപ്റ്റംബര്‍ 30 ന് മുമ്പ് ബാങ്കുകളില്‍ അപേക്ഷ നല്‍കണം. രേഖകളെല്ലാം കൃത്യമാണെങ്കില്‍ അപേക്ഷ ലഭിച്ച് 90 ദിവസത്തിനകം മൊറട്ടോറിയം അനുവദിക്കണമെന്നും ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ തന്നെ ബ്രാഞ്ചുമായി ബന്ധപ്പെടുക.


Tags:    

Similar News