നിബന്ധനകളില്‍ വ്യത്യാസം, മണപ്പുറം ഫിനാൻസും ബെയ്ൻ ക്യാപിറ്റലും തമ്മിലുളള ഇടപാട് വൈകും

മികച്ച പ്രകടനം നടത്തുന്ന സ്വർണ വായ്പാ പോർട്ട്‌ഫോളിയോ മാത്രം ഏറ്റെടുക്കാൻ ബെയ്ന്‍ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്

Update:2024-12-05 16:29 IST

Image by Canva

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ വായ്പ കമ്പനിയായ മണപ്പുറം ഫിനാൻസിൻ്റെ പ്രൊമോട്ടർമാരും അമേരിക്കയിലെ പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റലും തമ്മിലുള്ള ഇടപാടില്‍ കാലതാമസം നേരിടാന്‍ സാധ്യത. പ്രൊമോട്ടർമാർ ബെയ്‌നിലേക്ക് പൂർണ്ണമായോ ഭാഗികമായോ ഓഹരി വിൽപന നടത്തുന്നതിനുള്ള ചർച്ചകൾ നവംബർ ആദ്യവാരമാണ് ആരംഭിച്ചത്. എന്നാല്‍ നിബന്ധനകളിലെ വ്യത്യാസങ്ങൾ കാരണം ഇടപാടില്‍ കാലതാമസം ഉണ്ടായേക്കാമെന്ന് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടപാടിനായി മണപ്പുറത്തിൻ്റെ പ്രൊമോട്ടർമാർ മുന്നോട്ടുവച്ച നിബന്ധനകളുമായി ബെയ്ൻ യോജിക്കാത്തതാണ് ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം. 
മണപ്പുറം ഫിനാൻസിൽ 35.25 ശതമാനം ഓഹരി 
വി.പി.നന്ദകുമാറിൻ്റെയും കുടുംബത്തിൻ്റെയും നേതൃത്വത്തിൽ പ്രൊമോട്ടർമാർക്കാണ്.
മണപ്പുറം ഫിനാൻസിൽ നിയന്ത്രിക്കാന്‍ ആവശ്യമായ ഓഹരികൾ ഏറ്റെടുക്കാൻ നോക്കിയിരുന്ന ബെയ്ൻ മികച്ച പ്രകടനം നടത്തുന്ന സ്വർണ വായ്പാ പോർട്ട്‌ഫോളിയോ മാത്രം ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മണപ്പുറം ഫിനാൻസിൻ്റെയും അതിൻ്റെ അനുബന്ധ ബിസിനസുകളുടെയും സമ്പൂർണ്ണ ഏറ്റെടുക്കലായിരിക്കണം നടത്തേണ്ടതെന്നാണ് പ്രമോട്ടർമാരുടെ നിലപാട്.
മണപ്പുറം മാനേജ്‌മെൻ്റിന് കീഴിലുള്ള മൊത്തം ആസ്തി 2024 സെപ്‌റ്റംബർ 30 വരെ 45,716 കോടി രൂപയാണ്. ഇതില്‍ 53 ശതമാനവും (24,365 കോടി രൂപ) സ്വർണ വായ്പകളാണ്. മൈക്രോഫിനാൻസ് ഇന്‍സ്റ്റിറ്റ്യുഷന്‍ വായ്പകൾ (24 ശതമാനം), വാഹന വായ്പകൾ (11 ശതമാനം), ഭവന വായ്പകൾ (4 ശതമാനം), എംഎസ്എംഇ വായ്പകൾ (7 ശതമാനം) എന്നിങ്ങനെയാണ് മൊത്തം ആസ്തിയുടെ വിഭജനം.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് 28.5 ശതമാനം ഓഹരികളും 9.5 ശതമാനം മ്യൂച്വൽ ഫണ്ടുകളുമുള്ള കമ്പനിയാണ് മണപ്പുറം ഫിനാൻസ്.
Tags:    

Similar News