മണപ്പുറം ഫിനാന്‍സ് വിദേശ കറന്‍സി ബോണ്ടുകളിറക്കി ₹4,000 കോടി സമാഹരിക്കുന്നു; ബോര്‍ഡ് മീറ്റിംഗ് 19ന്
കഴിഞ്ഞ ഫെബ്രുവരിയില്‍ കടപ്പത്രങ്ങളിറക്കി 600 കോടി രൂപ സമാഹരിച്ചിരുന്നു
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) മണപ്പുറം ഫിനാന്‍സ് വിദേശ കറന്‍സി ബോണ്ടുകള്‍ (external commercial borrowings/ ECBs) വഴി 500 മില്യണ്‍ ഡോളര്‍ (ഏകദേശം 4,180 കോടി രൂപ) സമാഹരിക്കാനൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി യു.എസ് ഡോളര്‍ ബോണ്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിഗണിക്കും. ഒന്നോ അതിലധികമോ തവണകളായി പരമാവധി 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള നിര്‍ദേശമായിരിക്കും മുന്നോട്ടു വയ്ക്കുക.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങള്‍ വഴി 6,000 കോടി രൂപ സമാഹരിക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെയാണ് പുതിയ നീക്കം. ഏപ്രില്‍ 19ന് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗില്‍ ഇ.സി.ബി നിര്‍ദേശം അംഗീകരിച്ചേക്കും. പലിശയും മറ്റു വിശദാംശങ്ങളും അതിനുശേഷമാകും തീരുമാനിക്കുക.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
ഇന്ത്യന്‍ കമ്പനികള്‍ വിദേശ കറന്‍സികളിലിറക്കുന്ന ബോണ്ടുകളാണ് ഇ.സി.ബികള്‍. കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് വിദേശ വിപണികളില്‍ നിന്ന് പണം സമാഹരിക്കാനാരുങ്ങുന്നത്.
എന്താണ് നേട്ടം
വിദേശ പണസമാഹരണം വഴി കമ്പനിയുടെ മൂലധന പര്യാപ്തത ഉയര്‍ത്താന്‍ സാധിക്കും. നിലവില്‍ നിയമം അനുശാസിക്കുന്ന മൂലധനപര്യാപ്തത 10 ശതമാനമാണെങ്കില്‍ മണപ്പുറത്തിനിത് 31 ശതമാണ്. മാത്രമല്ല കുറഞ്ഞ ചെലവില്‍ പണം സമാഹരിക്കുന്നത് വഴി കമ്പനിയുടെ മാര്‍ജിന്‍ കൂട്ടാനും സാധിക്കും. 2024 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 9.1 ശതമാനമായിരുന്നു കോസ്റ്റ് ഓഫ് ഫണ്ടിംഗ്. ഇതിനു തൊട്ട് മുന്‍ വര്‍ഷമിത് 8.5 ശതമാനമായിരുന്നു.
ഇ.സി.ബി വഴി മുന്‍പ് 5,000 കോടി രൂപ മണപ്പുറം ഫിനാന്‍സ് സമാഹരിച്ചിരുന്നു. കമ്പനിയുടെ മൊത്തം ഫണ്ടിംഗിന്റെ 1.6 ശതമാനമായിരുന്നുവിത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള മണപ്പുറം ഫിനാന്‍സിന്റെ വിപുലീകരണപദ്ധതികള്‍ക്കായാണ് പണം സമാഹരിക്കുന്നത്.
കഴിഞ്ഞ മാസം പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി (പൊതു വിപണിയില്‍ ഇറക്കാതെ സ്വകാര്യ നിക്ഷേപകരുമായി നേരിട്ടുള്ള ധാരണയിലൂടെയുള്ള ഓഹരി വില്‍പ്പന) കടപ്പത്രങ്ങളിലൂടെ 600 കോടി രൂപ മണപ്പുറം ഫിനാന്‍സ് സമാഹരിച്ചിരുന്നു.
ഓഹരിയില്‍ ചാഞ്ചാട്ടം
ഇ.സി.ബി സമാഹരണത്തെകുറിച്ച് ഇന്നലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചതിനു പിന്നാലെ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ 1.7 ശതമാനം ഉയര്‍ന്നെങ്കിലും വ്യാപാരാന്ത്യത്തില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
2024 സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മണപ്പുറം ഫിനാന്‍സിന്റെ സംയോജിത ലാഭം 575.31 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ 393.49 കോടി രൂപയേക്കാള്‍ 46 ശതമാനം അധികമാണിത്. ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പ്രകാരം മണപ്പുറം ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 27 ശതമാനം വളര്‍ച്ചയോടെ 40,385 കോടി രൂപയാണ്.