മാസ്റ്റര്‍കാര്‍ഡ് വിലക്ക് ബാധിക്കുന്നത് ഈ ബാങ്കുകളെ; വിശദാംശങ്ങളറിയാം
രാജ്യത്തെ 5 സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമായിരിക്കും മാസ്റ്റര്‍ കാര്‍ഡ് വിലക്ക് ബാധിക്കുക.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഏര്‍പ്പെടുത്തിയ മാസ്റ്റര്‍കാര്‍ഡ് വിലക്ക് രാജ്യത്തെ 5 സ്വകാര്യ ബാങ്കുകളെയും ഒരു ബാങ്കിതര ധനകാര്യ സ്ഥാപനത്തെയുമാകും കൂടുതല്‍ ബാധിക്കുക. ഡെബിറ്റ് കാര്‍ഡുകളില്‍ കൂടുതലും മാസ്റ്റര്‍കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തന്നവര്‍ക്കാകും വിലക്ക് തല വേദനയാകുക.
കാര്‍ഡ് സംവിധാനം പൂര്‍ണമായും മാസ്റ്റര്‍ കാര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആര്‍ബിഎല്‍ ബാങ്ക്, യെസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ് എന്നീ ധനകാര്യ സ്ഥാപനങ്ങളെയാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി ബാധിക്കും. രാജ്യത്തെ മറ്റ് കാര്‍ഡ് ദാതാക്കളായ റൂപെ, വിസ കാര്‍ഡുകളുമായി ഈ ബാങ്കുകള്‍ക്ക് ഇടപാടുകളില്ല.
ഡാറ്റ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസമാണ് റിസര്‍വ്ബാങ്ക് മാസ്റ്റര്‍ കാര്‍ഡിന് വിലക്കേര്‍പ്പെടുത്തിയത്. 2018 ഏപ്രിലില്‍ പ്രഖ്യാപിച്ച ഡാറ്റ സംഭരണ മാനദണ്ഡങ്ങള്‍, എല്ലാ സിസ്റ്റം പ്രൊവൈഡര്‍മാരും കാര്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയിലെ പ്രസ്തുത സിസ്റ്റത്തില്‍ സംഭരിച്ച് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് ആറ് മാസത്തെ സമയപരിധിയും ആര്‍ബിഐ നല്‍കിയിരുന്നു.
മാസ്റ്റര്‍ കാര്‍ഡ് പുതുതായി ഉപയോക്താക്കള്‍ക്കായി നല്‍കുന്നതിനാണ് വിലക്ക്. എസ്ബിഐ കാര്‍ഡ്‌സിന്റെ 86 ശതമാനം ഇടപാടും വിസ കാര്‍ഡുമായി സഹകരിച്ചാണ്. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് എന്നിവയുടെ 40ശതമാനത്തോളം ഇടപാടുകളും മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചാണ്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 45ശതമാനം ക്രഡിറ്റ് കാര്‍ഡ് ഇടപാടുകളും മാസ്റ്റര്‍കാര്‍ഡുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
പൂര്‍ണമായും പുതിയ കാര്‍ഡുകള്‍ നല്‍കുന്നവര്‍ക്ക് മാത്രമല്ല പുതിയ ഉപഭോക്താക്കള്‍ക്കായി ഇനി ഈ ബാങ്കുകള്‍ക്കൊന്നും മാസ്റ്റര്‍ കാര്‍ഡ് നല്‍കാന്‍ നിവൃത്തിയില്ല. ഇവര്‍ മറ്റ് പണമിടപാട് ശൃംഖലകളിലേയ്ക്ക് മാറേണ്ടിവരും. വിസ കാര്‍ഡുമായും റുപേ കാര്‍ഡുമായും സഹകരിക്കാന്‍ ബാങ്കുകള്‍ തയ്യാറാണെങ്കിലും ദിവസങ്ങളെടുക്കും ഉപയോക്താക്കള്‍ക്ക് കാര്‍ഡ് ലഭ്യമാകാന്‍. പുതിയ കാര്‍ഡുകള്‍ ഇഷ്യൂ ചെയ്യുന്നതിലും നിലവില്‍ മാസ്റ്റര്‍കാര്‍ഡ് തന്നെ പുതുക്കാനപേക്ഷിച്ചവര്‍ക്കും കാര്‍ഡ് തടസ്സങ്ങളുണ്ടാകുവാന്‍ സാധ്യതയുണ്ട്.