എച്ച്.ഡി.എഫ്.സി ലയനം: നിക്ഷേപകരുടെ പലിശ കുറയുമോ?

എച്ച്.ഡി.എഫ്.സി ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്.

Update:2023-06-22 12:20 IST

എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സി ലിമിറ്റഡും തമ്മിലെ ലയനം ഉടനുണ്ടാകും. എങ്ങനെയാണ് ഈ മെഗാ ലയനം ഭവന വായ്പ, കടപ്പത്ര നിക്ഷേപകര്‍, സ്ഥിരനിക്ഷേപകര്‍ തുടങ്ങിയ ഇടപാടുകാരെ ബാധിക്കുക?

എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ നിക്ഷേപകര്‍
എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശനിരക്കാണ് നിക്ഷേപകര്‍ക്ക് എച്ച്.ഡി.എഫ്.സി ലിമിറ്റഡ് നല്‍കുന്നത്. 12 മുതല്‍ 15 മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപകര്‍ക്ക് 7.3 ശതമാനം പലിശ നിലവില്‍ എച്ച്.ഡി.എഫ്.സി ലിമിറ്റഡില്‍ ലഭിക്കും. സമാന പദ്ധതിക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കുന്നത് 7.1 ശതമാനമാണ്.
ലയനശേഷവും താത്കാലികമായി എച്ച്.ഡി.എഫ്.സി ലിമിറ്റഡ് ഇടപാടുകാര്‍ക്ക് ഉയര്‍ന്ന പലിശ തന്നെ അനുവദിച്ചേക്കും. എന്നാല്‍, നിക്ഷേപം പുതുക്കുമ്പോഴോ തുടര്‍ന്നുള്ള പുതിയ നിക്ഷേപങ്ങള്‍ക്കോ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പലിശ നിരക്ക് ബാധകമാകാനാണ് സാദ്ധ്യതയേറെ. അതായത്, നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറയാനാണ് സാദ്ധ്യത.
നിക്ഷേപം പിന്‍വലിക്കല്‍
നിലവില്‍ എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ സ്ഥിരനിക്ഷേപകര്‍ക്ക് കുറഞ്ഞത് മൂന്നുമാസം പിന്നിട്ടശേഷമേ നിക്ഷേപം പിന്‍വലിക്കാന്‍ അനുമതിയുള്ളൂ. ഇത്തരത്തില്‍ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ പലിശനിരക്ക് കുറയ്ക്കാനും സാദ്ധ്യതയുണ്ട്.
എന്നാല്‍, എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഇടപാടുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നിക്ഷേപം പിന്‍വലിക്കാം. നിശ്ചിതതുക ബാങ്ക് പിഴ ഈടാക്കുമെന്ന് മാത്രം.
നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ്
എച്ച്.ഡി.എഫ്.സി ബാങ്കിലെ നിക്ഷേപങ്ങള്‍ക്ക് 5 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. നിക്ഷേപത്തുകയ്ക്കും (പ്രിന്‍സിപ്പല്‍) പലിശയ്ക്കും  പരിരക്ഷ ബാധകമാണ്. ലയനശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഉപഭോക്താക്കള്‍ക്കും ഈ നേട്ടം ലഭിക്കും.
ഭവന വായ്പകള്‍
ലയനശേഷം എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ ഇടപാടുകാര്‍ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഇടപാടുകാരായി മാറും. ഭവന വായ്പാ കമ്പനിയായ എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ അടിസ്ഥാന പലിശനിരക്ക് റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരമുള്ള എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് (ഇ.ബി.എല്‍.ആര്‍) അടിസ്ഥാനമായുള്ളതല്ല. ഇത് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് മാത്രമാണ് ബാധകം.
ലയനശേഷം, എച്ച്.ഡി.എഫ്.സി ലിമിറ്റഡിലെ വായ്പകള്‍ക്കും ഇ.ബി.എല്‍.ആര്‍ ബാധകമാകും. ഇത് പലിശനിരക്ക് കുറയാന്‍ വഴിയൊരുക്കും.
കടപ്പത്രങ്ങള്‍
ലയനശേഷവും എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ നിലവിലെ കടപ്പത്ര നിബന്ധനകളില്‍ മാറ്റം വരുത്താന്‍ സാദ്ധ്യതയില്ല. കാലാവധി (മെച്യൂരിറ്റി) പൂര്‍ത്തിയാകുംവരെ അതിന്റെ നിബന്ധനകള്‍ തുടര്‍ന്നേക്കും. ഫലത്തില്‍ ലയനം കടപ്പത്ര നിക്ഷേപകരെ ബാധിച്ചേക്കില്ല.
Tags:    

Similar News