ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സാമന്തയും

കൂടുതല്‍ ശാഖകള്‍ തുറന്നുകൊണ്ട് രാജ്യത്തുടനീളം സാന്നിധ്യം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്

Update: 2024-03-21 12:01 GMT

ചടങ്ങിൽ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സാമന്തയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാറും ഹോള്‍ ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാറും

ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളിലൊന്നായ (NBFC) ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ (ICL Fincorp) പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രശസ്ത സിനിമാ താരങ്ങളായ മമ്മൂട്ടിയും സാമന്തയും. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ നാളിതുവരെയുള്ള വിശ്വസ്തയ്ക്കും, മികവിനുമുള്ള അംഗീകാരമാണിതെന്നും ബിസിനസ് സാമ്പത്തിക രംഗത്ത് ബ്രാന്‍ഡിന്റെ സ്ഥാനം ഉറപ്പിക്കാൻ ഇത് സഹായകരമാകുമെന്നും കമ്പനി അഭിപ്രായപ്പെട്ടു.

ഇന്ത്യയൊട്ടാകെ അംഗീകരിക്കപ്പെട്ട പ്രഗല്‍ഭരായ വ്യക്തികളെ ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്നതു വഴി വളര്‍ച്ചയുടെ പുതുയുഗത്തിന് തുടക്കം കുറിയ്ക്കുകയാണെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍ പറഞ്ഞു. വിപുലീകരണ പദ്ധതികള്‍ വേഗത്തിലാക്കാനും പൊതുജനങ്ങളുമായി നിലനില്‍ക്കുന്ന ബന്ധം വളര്‍ത്താനുമാണ് മമ്മൂട്ടിയെയും സാമന്തയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിച്ചതെന്നും കമ്പനി പറഞ്ഞു.

സാന്നിധ്യം വര്‍ധിപ്പിക്കും

32 വര്‍ഷത്തെ പാരമ്പര്യമുള്ള ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന് കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്. കൂടുതല്‍ ശാഖകള്‍ തുറന്നുകൊണ്ട് രാജ്യത്തുടനീളം സാന്നിധ്യം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഐ.സി.എല്‍ ഇന്‍വെസ്റ്റ്മെന്റ് എല്‍.എൽ സി, ഐ.സി.എല്‍ ഗോള്‍ഡ് ട്രേഡിംഗ്, ഐ.സി.എല്‍ ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് എന്നീ സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട് കമ്പനി മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു.

നിരവധി സാമ്പത്തിക സേവനങ്ങള്‍

സ്വര്‍ണ വായ്പ, ബിസിനസ് വായ്പ, വാഹന വായ്പ, പ്രോപ്പര്‍ട്ടി വായ്പ, ഇന്‍വെസ്റ്റ്മെന്റ് ഓപ്ഷനുകള്‍, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, ക്രിട്ടിക്കല്‍ ഇന്‍ഷുറന്‍സ്, ഭവന ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങള്‍ കമ്പനി നല്‍കി വരുന്നുണ്ട്. കൂടാതെ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഫാഷന്‍, ഹെല്‍ത്ത് ഡയഗ്‌നോസ്റ്റിക്‌സ്, ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലും കമ്പനി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.  

Tags:    

Similar News