എച്ച്ഡിഎഫ്‌സി- എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം: 5 നേട്ടങ്ങള്‍

ലയനം എല്ലാ മേഖലയിലും എച്ച്ഡിഎഫ്‌സിയുടെ കരുത്ത് വര്‍ധിപ്പിക്കും

Update: 2022-04-04 08:45 GMT

ഇന്ത്യന്‍ ബാങ്കിംഗ് മേഖല സമീപകാലത്ത് കണ്ട ഏറ്റവും വലിയ ഇടപാടാവും എച്ച്ഡിഎഫ്‌സി ലിമിറ്റഡ് (ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍)- എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കും ഭവന വായ്പ രംഗത്തെ ഭീമനും ഒന്നിക്കുമ്പോള്‍ അത് സമ്പദ് വ്യവസ്ഥയ്ക്കും കരുത്താവും.

കഴിഞ്ഞ വര്‍ഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്, രാജ്യത്തെ വര്‍ധിച്ചുവരുന്ന വായ്പ ആവശ്യങ്ങള്‍ക്ക്, എസ്ബിഐ പോലെ 4-5 വലിയ ബാങ്കുകള്‍ വേണമെന്നാണ്. എസ്ബിഐക്ക് ഒപ്പം എത്തിക്കില്ലെങ്കിലും ലയനം, എല്ലാ മേഖലയിലും എച്ച്ഡിഎഫ്‌സിയുടെ കരുത്ത് വര്‍ധിപ്പിക്കും. എച്ച്ഡിഎഫ്‌സി- എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം കൊണ്ട് ഉണ്ടാവുന്ന 5 നേട്ടങ്ങള്‍ പരിശോധിക്കാം..

1. ഭവന വായ്പ രംഗത്തെ വളര്‍ച്ച

ഇരു സ്ഥാപനങ്ങളും ഒന്നിക്കുന്നതോടെ ബാങ്കിങ് പ്ലാറ്റ്‌ഫോമിന് കീഴില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന ഭവന വായ്പ സ്‌കീമുകള്‍ അവതരിപ്പിക്കാന്‍ എച്ച്ഡിഎഫ്‌സിക്ക് സാധിക്കും. നിലവില്‍ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ വായ്പകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി ഫീസ് ഈടാക്കുകയാണ് എച്ച്ഡിഎഫ്‌സി ബാങ്ക് ചെയ്യുന്നത്. ലയനത്തിലൂടെ സ്വന്തം ഭവന വായ്പ സ്‌കീമുകളിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബാങ്കിന് സാധിക്കും

2. ചെലവ് കുറഞ്ഞ ഫണ്ടുകളുടെ ലഭ്യത

നിലവില്‍ 6.8 കോടി ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആണ് എച്ച്ഡിഎഫ്‌സി. ലയനത്തിലൂടെ ബാങ്കിന് കീഴിലെത്തുന്ന ഫണ്ടുകളുടെ വലുപ്പം വര്‍ധിക്കും. ഇത് കുറഞ്ഞ ചെലവില്‍ കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ബാങ്കിനെ സഹായിക്കും.

3. 25.61 ലക്ഷം കോടിയുടെ ബാലന്‍സ് ഷീറ്റ്

ലയനം പൂര്‍ത്തിയാവുന്നതോടെ ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് 25.61 ലക്ഷം രൂപയായി ഉയരും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ ബാലന്‍സ് ഷീറ്റ് 45.34 ലക്ഷം കോടിയാണ്. ഐസിഐസി ബാങ്കിന്റേത് 17.74 ലക്ഷം കോടിയും. ഇപ്പോള്‍ തന്നെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് ആയ എച്ച്ഡിഎഫ്‌സിക്ക് ബാലന്‍സ് ഷീറ്റിലൂടെ ഉണ്ടാകുന്ന നേട്ടം സാമ്പത്തിക സേവനങ്ങള്‍ വിപുലീകരിക്കാന്‍ കരുത്തേകും.

4. ക്രോസ് സെല്ലിംഗ് അവസരങ്ങള്‍

എച്ച്ഡിഎഫ്‌സി ലിമിറ്റഡിന് രാജ്യത്തുടനീളം 445 ഓഫീസുകളുണ്ട്. ഈ ഓഫീസുകളിലൂടെ ഇനിമുതല്‍ എച്ച്ഡിഎഫ്‌സിക്ക് ബാങ്കിങ് സേവനങ്ങള്‍ കൂടി നല്‍കാനാവും. കൂടാതെ ഭവന വായ്പ രംഗത്ത് സ്‌പെഷ്യലൈസ് ചെയ്ത എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ജീവനക്കാര്‍ എച്ച്ഡിഎഫ്‌സി ബാങ്കിന് മുതല്‍ക്കൂട്ടാവും.

5. ഈടില്ലാത്ത വായ്പ കുറയും

നിര്‍ദ്ദിഷ്ട ലയനത്തിലൂടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈടില്ലാത്ത വായ്പകളുടെ എണ്ണം കുറയ്ക്കാനാവും. എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ ഭവന വായ്പകളില്‍ വലിയൊരു വിഭാഗവും ഈടുള്ളവയാണ്. ആകെ വായ്പകളില്‍ ഈടില്ലാത്തവയുടെ എണ്ണം കുറയ്ക്കാനായാല്‍ ക്രെഡിറ്റ് കാര്‍ഡ്/ വ്യക്തിഗത വായ്പ വിഭാഗത്തില്‍ ബാങ്കിന് സാന്നിധ്യം വര്‍ധിപ്പിക്കാം.

എച്ച്ഡിഎഫ്‌സി ബാങ്കില്‍ 41 ശതമാനം ഓഹരി പങ്കാളിത്തമാണ് നിര്‍ദ്ദിഷ്ട ലയനത്തിലൂടെ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് നേടുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ പാദത്തില്‍ ലയനം പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക്, സെബി, സി സി ഐ, നാഷണല്‍ ഹൗസിംഗ് ബോര്‍ഡ്, ഐആര്‍ഡിഎഐ, പിഎഫ്ആര്‍ഡിഎ, എന്‍ സി എല്‍ ടി, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, മറ്റ് റെഗുലേറ്ററി ഏജന്‍സികള്‍, ഓഹരിയുടമകള്‍ തുടങ്ങിയ വിവിധ തലങ്ങളില്‍ നിന്നുള്ള അനുമതികള്‍ ലയനത്തിന് മുമ്പ് നേടേണ്ടതുണ്ട്.

Tags:    

Similar News