ഈ പാലക്കാട്ടുകാരന്‍ ഇനി ബാങ്ക് ഓഫ് ഇന്ത്യയുടെ നായകന്‍; എം.ആര്‍. കുമാറിന് പുതിയ നിയോഗം

എല്‍.ഐ.സിയുടെ മുന്‍ ചെയര്‍മാനാണ് എം.ആര്‍. കുമാര്‍

Update: 2024-02-21 09:53 GMT

MR Kumar (Image courtesy LIC)

എല്‍.ഐ.സിയുടെ മുന്‍ ചെയര്‍മാനും പാലക്കാട് കല്‍പ്പാത്തി സ്വദേശിയുമായ എം.ആര്‍. കുമാറിനെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിക്കാന്‍ കേന്ദ്ര കാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റിയുടെ (ACC) അംഗീകാരം.
അടുത്ത മൂന്നുവര്‍ഷത്തേക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ നോണ്‍-ഒഫീഷ്യല്‍ ഡയറക്ടര്‍, ഡയറക്ടര്‍ ബോര്‍ഡിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ പദവികളിലേക്കാണ് നിയമനം.
2019 മാര്‍ച്ച് മുതല്‍ 2023 മാര്‍ച്ചുവരെയാണ് എം.ആര്‍. കുമാര്‍ എല്‍.ഐ.സിയുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചത്. ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനെ (LIC) പ്രാരംഭ ഓഹരി വില്‍പന (IPO) വഴി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 21,000 കോടി രൂപയുടെ സമാഹരണവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒയുമായിരുന്നു 2022 മേയില്‍ നടന്ന എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്‍പന.
രണ്ടുപേര്‍ കൂടി ഉന്നത സ്ഥാനത്തേക്ക്
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചെയര്‍മാനായി നിലവില്‍ ബാങ്ക് ഓഫ് ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനിവാസന്‍ ശ്രീധറിനെയും യൂകോ ബാങ്കിന്റെ ചെയര്‍മാനായി അറവമുദന്‍ കൃഷ്ണകുമാറിനെയും നിയമിക്കാന്‍ അപ്പോയിന്റ്‌മെന്റ്‌സ് കമ്മിറ്റി ഓഫ് ദ കാബിനറ്റ് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നു വര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം.
Tags:    

Similar News