ലാഭം കുതിച്ചു, കിട്ടാക്കടം കുറഞ്ഞു, ഓഹരിയിലും മുന്നേറ്റം; സൗത്ത് ഇന്ത്യന്‍ ബാങ്കിനെ മാറ്റിമറിച്ച് മുരളി രാമകൃഷ്ണന്‍

''ചെറിയ സമയം കൊണ്ട് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തു, അതുതന്നെയാണ് ഞാന്‍ ഏറ്റവും വലിയ നേട്ടമായി കാണുന്നത്'' - മുരളി രാമകൃഷ്ണന്‍ (എം.ഡി ആന്‍ഡ് സി.ഇ.ഒ)

Update:2023-07-26 10:40 IST

മുരളി രാമകൃഷ്ണൻ, എം.ഡി ആൻഡ് സി.ഇ.ഒ,​ സൗത്ത് ഇന്ത്യൻ ബാങ്ക്

മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ പദവിയില്‍ നിന്ന് സെപ്റ്റംബറില്‍ പടിയിറങ്ങുന്ന മുരളി രാമകൃഷ്ണന്‍ ധനംഓണ്‍ലൈന്‍.കോമിനോട് സംസാരിക്കുന്നു


സൗത്ത് ഇന്ത്യന്‍ ബാങ്കിനെ ചുരുങ്ങിയ കാലം കൊണ്ട് നേട്ടത്തിന്റെ ട്രാക്കിലേക്ക് ഉയര്‍ത്തിയ മുരളി രാമകൃഷ്ണന്‍ സെപ്റ്റംബറില്‍ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ (സി.ഇ.ഒ) കുപ്പായം അഴിക്കുകയാണ്. 2020 ഒക്ടോബര്‍ ഒന്നിനാണ് മുരളി രാമകൃഷ്ണന്‍ തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തലപ്പത്തെത്തിയത്.

ഉയര്‍ന്ന കിട്ടാക്കടം, കുറഞ്ഞ ലാഭക്ഷമത എന്നിങ്ങനെ ഏതാണ്ടെല്ലാ സാമ്പത്തിക ഘടകത്തിലും ബാങ്ക് പ്രതിസന്ധി നേരിടുന്ന കാലമായിരുന്നു അത്. എന്നാല്‍, ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കിനെ വിജയതീരത്തടുപ്പിച്ചു. അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) എട്ട് ശതമാനത്തിന് മേലെയായിരുന്നത് ഇപ്പോള്‍ 5 ശതമാനത്തിനടുത്താണ്. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) അഞ്ച് ശതമാനത്തിന് മുകളിലായിരുന്നത് 1.8 ശതമാനമായും കുറഞ്ഞിരിക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ബാങ്ക് 775 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി. 
അദ്ദേഹം ചുമതലയേല്‍ക്കുന്ന വേളയില്‍ ലാഭം 100 കോടി രൂപയ്ക്കടുത്തായിരുന്നു. 
നടപ്പുവര്‍ഷം ആദ്യപാദത്തില്‍ (2023-24 ജൂണ്‍പാദം) ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 75.42 ശതമാനം കുതിച്ച് 202.35 കോടി രൂപയിലെത്തി. 2020 സെപ്റ്റംബറില്‍ ശരാശരി 6 രൂപയായിരുന്നു സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വില. ഇപ്പോള്‍ 20 രൂപ. ഓഹരി ഉടമകള്‍ക്കും അദ്ദേഹത്തിന്റെ ചെറിയ കാലയളവിനകത്ത് ലഭിച്ചത് 300 ശതമാനത്തോളം നേട്ടമാണ് (റിട്ടേണ്‍).


മുരളി രാമകൃഷ്ണന്‍ 'ധനംഓണ്‍ലൈന്‍.കോമിനോട്' മനസ്സ് തുറക്കുന്നു.
'വെര്‍ട്ടിക്കല്‍' വിജയം
വാര്‍ഷികാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ മികച്ച പ്രവര്‍ത്തന ഫലമാണ് നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് രേഖപ്പെടുത്തിയത്. എന്താണ് വിജയ ഫോര്‍ഫുല?
നോക്കൂ, ഞാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ബാങ്കിന്റെ സ്ഥിതി മെച്ചമായിരുന്നില്ല. ചുമതലയേറ്റ് അധികം വൈകാതെ ഞാന്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നു.
അതില്‍ പ്രധാനം വായ്പകളിലും (Assets) നിക്ഷേപങ്ങളിലും (Liability) നടപ്പാക്കിയതാണ്. അസറ്റ് ബിസിനസ് വിഭാഗത്തില്‍ ഓരോ വായ്പാ വിഭാഗത്തെയും പ്രത്യേക ശ്രേണികളായി (Verticals) തിരിച്ചു. കോര്‍പ്പറേറ്റ്, എസ്.എം.ഇ., കാര്‍ഷികം, ഭവന, വ്യക്തിഗത, സ്വര്‍ണ, ഈടിന്മേല്‍ വായ്പകളും (LAP), ക്രെഡിറ്റ് കാര്‍ഡുമെല്ലാം ഇപ്പോള്‍ പ്രത്യേകം വെര്‍ട്ടിക്കലായാണ് പ്രവര്‍ത്തിക്കുന്നത്.
ഇതുപോലെ, നിക്ഷേപ വിഭാഗത്തിലും (Liability) മാറ്റം കൊണ്ടുവന്നു. ഓരോ റീജിയണല്‍ മേധാവിക്ക് കീഴിലും കുറഞ്ഞത് 50-60 ശാഖകളുണ്ടായിരുന്നു. ഇത് പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഞാന്‍ ഇവയുടെ പ്രവര്‍ത്തനത്തിനായി ക്ലസ്റ്റര്‍ ലെയറുകള്‍ (Cluster Layers) രൂപീകരിച്ചു. ഇപ്പോള്‍ ഓരോ റീജിയണല്‍ മേധാവിക്ക് കീഴിലും 5-6 ക്ലസ്റ്ററുകളുണ്ടാകും. ക്ലസ്റ്ററുകള്‍ക്ക് കീഴില്‍ 8-9 ശാഖകളും. ഇത് പ്രവര്‍ത്തനം എളുപ്പമാക്കി. മാത്രമല്ല, കൂടുതല്‍ ബിസിനസ് നേടാനും സഹായിച്ചു. കാസയിലും (CASA), തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ഫണ്ട് എന്നിവയുടെ വിതരണത്തിലും വലിയ നേട്ടം കൈവരിക്കാന്‍ ബാങ്കിന് സാധിച്ചു.
ഇതെല്ലാം പ്രവര്‍ത്തന ഘടനയില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ്. ഇവയ്ക്ക് പുറമേ ഉത്പന്നങ്ങളും സേവനങ്ങളും നിലവാരം മെച്ചപ്പെടുത്തി മികവുറ്റതാക്കി. ജീവനക്കാരെയും അതിനനുസരിച്ച് പ്രാപ്തരാക്കി. കിട്ടാക്കടങ്ങളുടെ തിരിച്ചുപിടിത്തം (Recovery), വായ്പ തിരിച്ചടവ് നേടല്‍ (Collection) എന്നിവ ഉഷാറാക്കി. റിക്കവറി മെച്ചപ്പെട്ടതോടെ കിട്ടാക്കടം (എന്‍.പി.എ) കുറഞ്ഞു.
മുരളിയുടെ 'പുതിയ പുസ്തകം'
മുന്നോട്ട് പോകുമ്പോള്‍ ബാങ്കിന്റെ പ്രധാന ഫോക്കസ് എന്തായിരിക്കണം എന്നാണ് താങ്കള്‍ കരുതുന്നത്?
നിലവിലെ പ്രവര്‍ത്തനതന്ത്രം (Strategy) തന്നെ തുടരണം. നടപ്പുവര്‍ഷം വായ്പാ ആസ്തികള്‍ (Assets) ഇന്ത്യന്‍ ജി.ഡി.പിയുടെ വളര്‍ച്ചാനിരക്കിനേക്കാള്‍ ഇരട്ടിയിലേറെ ഉയരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യ നടപ്പുവര്‍ഷം 6.5 ശതമാനം വളരുമെന്നാണ് വിലയിരുത്തല്‍. ഞങ്ങളുടെ അസറ്റ്‌സ് കുറഞ്ഞത് 13 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവില്‍ ബാങ്കിന്റെ മൊത്തം വായ്പ 74,000 കോടി രൂപയോളമാണ്. വര്‍ഷാന്ത്യത്തോടെ ഇത് 82,000 കോടി രൂപ കടക്കുമെന്നാണ് വിശ്വാസം. വായ്പാ-നിക്ഷേപ അനുപാതം (Credit-Deposit Ratio/CD Ratio) നിലവിലെ മികച്ചതലത്തിലുള്ള 75-77 ശതമാനമായി തുടരുമെന്നും കരുതുന്നു.
നിലവാരമുള്ള വായ്പാ ആസ്തിയില്‍ (quality of assets) ശ്രദ്ധയൂന്നാനാണ് ശ്രമം. ഇതിനായി എം.ഡിയായി ചുമതലയേറ്റ ശേഷം ഞാന്‍ പുതിയ ലോൺ ബുക്ക് (New Book) അവതരിപ്പിച്ചു. പഴയ ബുക്കിലെ 61 ശതമാനം കിട്ടാക്കടങ്ങളും ശുദ്ധീകരിച്ചു (Recovery). എന്റെ ന്യൂ ബുക്കിൽ  46,000 കോടി രൂപയുടെ വായ്പകളുള്ളതില്‍ നിഷ്‌ക്രിയ ആസ്തി (NPA) തീരെക്കുറവാണ്.

(സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒയായി ചുമതലയേറ്റശേഷം ബാങ്ക് നല്‍കിയ വായ്പകളെ മുരളി രാമകൃഷ്ണന്‍ പുതിയ ബുക്കില്‍ ഉള്‍പ്പെടുത്തി. തിരിച്ചടവ് ഉറപ്പിക്കാവുന്ന നിലവാരമുള്ള വായ്പകളിലായിരുന്നു ഊന്നല്‍. ഇത് കിട്ടാക്കടം കുറയ്ക്കാന്‍ സഹായകമായി)

കുറയുന്ന ബാദ്ധ്യത
ന്യൂ ബുക്ക് നേട്ടമായതെങ്ങനെ?
ന്യൂ ബുക്കില്‍ നിലവാരമുള്ള (കിട്ടാക്കടമാകാന്‍ സാദ്ധ്യത കുറവുള്ള) വായ്പകളില്‍ മാത്രമാണ് ശ്രദ്ധയൂന്നിയത്. ഇത് വൈകാതെ പ്രൊവിഷനിംഗും (കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാദ്ധ്യത) സ്ലിപ്പേജസും (നിഷ്‌ക്രിയ ആസ്തിയില്‍ പുതുതായി കൂട്ടിച്ചേര്‍ക്കുന്നത് - 90 ദിവസത്തിലധികം തിരിച്ചടവ് മുടങ്ങിയ വായ്പകള്‍) കുറയാന്‍ സഹായിക്കുമെന്ന് കരുതുന്നു.
ഈ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സ്ലിപ്പേജസ് 468 കോടി രൂപയാണ്. നടപ്പുവര്‍ഷം ഇത് 1,500 കോടി രൂപയില്‍ കൂടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. വായ്പകളുടെ റിക്കവറി കഴിഞ്ഞപാദത്തില്‍ 361 കോടി രൂപയായിരുന്നു. നടപ്പുവര്‍ഷം ആകെ ലക്ഷ്യമിടുന്നത് 1,850 കോടിരൂപയാണ്.
ന്യൂബുക്കില്‍ 45,268 കോടി രൂപയുടെ വായ്പകളാണുള്ളത്. ഇതില്‍ അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 0.06 ശതമാനം മാത്രമാണ്. മൊത്തം നിഷ്‌ക്രിയ ആസ്തി (GNPA) 0.16 ശതമാനവും. ഓള്‍ഡ് ബുക്കില്‍ 28,834 കോടി രൂപയുടെ വായ്പകളുണ്ട്. 4.51 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. മൊത്തം നിഷ്‌ക്രിയ ആസ്തി 12.8 ശതമാനവും. ന്യൂ ബുക്കിലൂടെ നടപ്പാക്കിയ മാറ്റങ്ങളുടെ നേട്ടം ഇതില്‍ നിന്ന് വ്യക്തമാണ്.
അധിക മൂലധന സമാഹരണം
ഈ വര്‍ഷം മൂലധന സമാഹരണം ഉദ്ദേശിക്കുന്നുണ്ടോ?
ഞങ്ങള്‍ക്ക് ഇപ്പോള്‍ 16.49 ശതമാനം മൂലധന പര്യാപ്തതാ അനുപാതമുണ്ട് (CAR). അത് മോശമല്ല. എന്നാല്‍, ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലെ 17.25 ശതമാനത്തെ അപേക്ഷിച്ച് കഴിഞ്ഞപാദത്തില്‍ അത് കുറഞ്ഞു. റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പുതിയ കോര്‍പ്പറേറ്റ് വായ്പാ നിബന്ധനയാണ് ഇതിന് കാരണമായത്.
ഞങ്ങളുടെ കാപ്പിറ്റല്‍ ഇന്‍ഫ്യൂഷന്‍ കമ്മിറ്റി ഉടന്‍ യോഗം ചേരും. നടപ്പുവര്‍ഷം മൂലധനം സമാഹരിക്കണോ, ഉണ്ടെങ്കില്‍ എത്ര തുക വേണം, ഏത് രീതിയില്‍ സമാഹരിക്കണം എന്നൊക്കെ കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിലെ യാത്ര
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ പദവിയില്‍ നിന്ന് താങ്കള്‍ പടിയിറങ്ങുകയാണ്. ബാങ്കിനൊപ്പം ഇതുവരെയുള്ള യാത്രയെക്കുറിച്ച്?
ഞാന്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്നാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്ക് വന്നത്. ഇരു ബാങ്കുകളുടെയും പ്രവര്‍ത്തനരീതി, സംസ്‌കാരം, വിപണിമൂല്യം എന്നിവയെല്ലാം തമ്മില്‍ വലിയ വ്യത്യാസമുണ്ടായിരുന്നു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് എനിക്ക് സമ്മാനിച്ചത് പുതിയ അനുഭവമാണ്. ഞാനത് ആസ്വദിച്ചു. മൂന്ന് വര്‍ഷത്തേക്കായിരുന്നു എന്റെ നിയമനം. ഈ സെപ്റ്റംബറില്‍ കാലാവധി കഴിയും. പുനര്‍നിയമനം നല്‍കേണ്ടെന്ന് ഞാന്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വയം വിലയിരുത്തുമ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ എന്തായിരുന്നു താങ്കള്‍ ഏറ്റവും വലിയ വിജയമായി കാണുന്നത്?
ഞാന്‍ എന്റെ ടീമുമായി ചേര്‍ന്ന് ഈ ബാങ്കിനെ വിജയതലത്തിലേക്ക് മാറ്റിമറിച്ചു. ഞാന്‍ ചുമതലയേല്‍ക്കുമ്പോള്‍ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം, കിട്ടാക്കടം, ലാഭക്ഷത തുടങ്ങി എല്ലാ രംഗത്തും പ്രതിസന്ധിയായിരുന്നു.
രണ്ടര വര്‍ഷം കൊണ്ട് പ്രതിസന്ധിയെല്ലാം തരണം ചെയ്തു; അതും കൊവിഡ് എന്ന മഹാമാരി നിറഞ്ഞ കാലത്ത്. ചെറിയ കാലയളവിനുള്ളില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടാണ് ഇതൊക്കെ സാധിച്ചത് എന്നത് തന്നെയാണ് ഞാന്‍ നേട്ടമായി കാണുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിനെ മുരളി രാമകൃഷ്ണന്‍ മാറ്റി മറിച്ചുവെന്നത് കണക്കുകളിലും വ്യക്തമാണ്. പ്രവര്‍ത്തന മികവിലെ മുഖ്യ സൂചകങ്ങളിലൊന്നായ കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ/CASA) അനുപാതം 2020-21ല്‍ 27.81 ശതമാനമായിരുന്നത് ഇപ്പോള്‍ 32.64 ശതമാനമാണ്. എഴുതിത്തള്ളല്‍ (write-off) ഉള്‍പ്പെടെയുള്ള പ്രൊവിഷന്‍ കവറേജ് റേഷ്യോ (PCR) 58.73 ശതമാനത്തില്‍ നിന്ന് 76.54 ശതമാനമായി മെച്ചപ്പെട്ടു. റൈറ്റ്-ഓഫ് ഇല്ലാതെയുള്ള പി.സി.ആര്‍ 33.99 ശതമാനമായിരുന്നത് 65.15 ശതമാനമായി. മൂലധന പര്യാപ്തതാ അനുപാതം (CAR) 13.94 ശതമാനത്തില്‍ നിന്നുയര്‍ന്ന് 16.49 ശതമാനത്തിലെത്തി.
അറ്റ പലിശ വരുമാനവും (NII), അറ്റ പലിശ മാര്‍ജിനും (NIM) മെച്ചപ്പെട്ടു. ലാഭക്ഷമതയുടെ അളവുകോലായ റിട്ടേണ്‍ ഓണ്‍ അസറ്റ്‌സ് (RoA) 0.46 ശതമാനത്തില്‍ നിന്ന് 0.73 ശതമാനത്തിലേക്കും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (RoE) 7.68 ശതമാനത്തില്‍ നിന്ന് 11.80 ശതമാനത്തിലേക്കും ഉയര്‍ന്നു.
വിഷന്‍ 2025
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിജയഗാഥ ഇവിടെ അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് മുരളി രാമകൃഷ്ണന്‍. 'വിഷന്‍-2025' എന്ന ലക്ഷ്യം ബാങ്ക് മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുപ്രകാരം 2025ല്‍ ഉന്നമിടുന്ന മൊത്തം വായ്പ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്. കാസ അനുപാതം 35 ശതമാനം കടക്കുമെന്ന് കരുതുന്നു. അറ്റ പലിശ മാര്‍ജിന്‍ (NIM) നിലവിലെ 3.34 ശതമാനത്തില്‍ നിന്ന് 3.5 ശതമാനം കടക്കും. റിട്ടേണ്‍ ഓണ്‍ അസറ്റ് ഒരു ശതമാനവും റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി 13 ശതമാനവും കടക്കുമെന്നും ബാങ്ക് കരുതുന്നു.
Tags:    

Similar News