എം ജി ജോര്‍ജ് മുത്തൂറ്റ്; വലിയ സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന ഭാവനാശാലി

അധികമാരും ചിന്തിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച ദീര്‍ഘവീക്ഷണവും കര്‍മ്മശേഷിയും തികഞ്ഞ പ്രതിഭാശാലിയായിരുന്നു എം ജി ജോര്‍ജ് മുത്തൂറ്റ്.

Update: 2021-03-06 09:56 GMT

വലുതായി ചിന്തിക്കുക, മറ്റാരും നടക്കാത്ത വഴിയിലൂടെ സഞ്ചരിക്കാന്‍ ധൈര്യം കാണിക്കുക. മോഹിപ്പിക്കുന്ന വളര്‍ച്ച സംരംഭകര്‍ക്ക് സ്വന്തമാക്കാമെന്ന് സ്വന്തം പ്രവര്‍ത്തന ശൈലി കൊണ്ട് തെളിയിച്ച പ്രതിഭാശാലിയായിരുന്നു ഇന്നലെ അന്തരിച്ച എം ജി ജോര്‍ജ് മുത്തൂറ്റ്. സ്വര്‍ണപ്പണയ രംഗത്തെ രാജ്യത്തെ മുന്‍നിര സ്ഥാപനമായി മുത്തൂറ്റ് ഫിനാന്‍സിനെ വളര്‍ത്തിയത് എം ജി ജോര്‍ജ് മുത്തൂറ്റിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ്.

20 ലേറെ വിഭിന്ന മേഖലകളിലേക്ക് പടര്‍ന്നുകയറിയ പ്രസ്ഥാനമായി മുത്തൂറ്റ് ഗ്രൂപ്പ് വളര്‍ന്നതിന് പിന്നില്‍ എം ജി ജോര്‍ജ് മുത്തൂറ്റിന്റെ ഭാവനശേഷിയും കര്‍മകുശലതയുമുണ്ട്. കരുത്തുറ്റ പാരമ്പര്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത കുടുംബ ബിസിനസിനെ ഇന്ത്യയിലെ തന്നെ മികച്ച കോര്‍പ്പറേറ്റ് കമ്പനിയായി വളര്‍ത്തുന്നതില്‍ അതി നിര്‍ണായക സംഭാവനയാണ് ഇദ്ദേഹം നല്‍കിയത്.

ദക്ഷിണേന്ത്യയില്‍ കരുത്തോടെ നിലനിന്നിരുന്ന മുത്തൂറ്റ് ഫിനാന്‍സിനെ ആ അതിര്‍വരമ്പിന് അപ്പുറത്തേക്ക് കൈപിടിച്ച് നയിച്ചത് എം. ജി ജോര്‍ജ് മുത്തൂറ്റായിരുന്നു. ദീര്‍ഘവീക്ഷണമുള്ള ഒരു പിതാവിന്റെ ശിക്ഷണമാണ് എം ജി ജോര്‍ജ് മുത്തൂറ്റിന് ഇങ്ങനെ വ്യത്യസ്തമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരണയായത്.

കുട്ടിക്കാലം മുതല്‍ പിതാവിനൊപ്പം സ്വര്‍ണപ്പണയ, ചിട്ടി നടത്തിപ്പില്‍ സജീവമായി ഇടപെട്ടിരുന്ന ജോര്‍ജ് മുത്തൂറ്റ്, പഠനശേഷം ജോലി ലഭിച്ച് അന്യ നഗരത്തില്‍ പോയപ്പോള്‍ അവിടെയും കണ്ടത് ബിസിനസ് അവസരങ്ങളാണ്.

1979 ഏപ്രില്‍ 23ന് ഫരീദാബാദില്‍ മുത്തൂറ്റ് ഫിനാന്‍സ് ശാഖ തുറന്നത് ഗ്രൂപ്പിന്റെ ചരിത്രത്തിലെ നാഴികകല്ലാണ്. അതേ വര്‍ഷം തന്നെ ഡല്‍ഹിയിലും രണ്ട് ശാഖകള്‍ തുറന്ന് ഒരു കേരള കമ്പനി തങ്ങളുടെ ദേശീയ തലത്തിലെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.

പ്രൊഫഷണലിസത്തിന്റെ കൈപിടിച്ച് വൈവിധ്യവല്‍ക്കരണത്തിലേക്ക്

മികവുറ്റ ടീമിനെ കെട്ടിപ്പടുക്കാനും മുത്തൂറ്റ് ഫിനാന്‍സിനെ രാജ്യത്തെ കുടുംബങ്ങളിലെ പരിചിത നാമമാക്കാനും ക്രിയാത്മക നടപടികളുമായി മുന്നില്‍ നടന്ന ജോര്‍ജ് മുത്തൂറ്റ് വളര്‍ച്ചാ സാധ്യതകളുള്ള പുതിയ മേഖലകള്‍ കണ്ടെത്തി അവയിലേക്ക് കുടുംബ ബിസിനസിന്റെ പ്രവര്‍ത്തനം വിപുലമാക്കാനും സദാ ശ്രദ്ധ കൊടുത്തിരുന്നു.

സ്വര്‍ണപ്പണയ രംഗത്ത് സുതാര്യമായ ബിസിനസ് ശൈലി കൊണ്ടുവരാനും ജോര്‍ജ് മുത്തൂറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചു. ഇടപാടുകാരെ മുന്നില്‍ കണ്ടായിരുന്നു ജോര്‍ജ് മുത്തൂറ്റ് ഏത് ബിസിനസ് സ്ട്രാറ്റജികളും തയ്യാറാക്കിയിരുന്നത്. അതിവേഗം സ്വര്‍ണപ്പണയ വായ്പ ലഭ്യമാക്കിയതും സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ എന്ന വാക്ക് സമൂഹം കേള്‍ക്കുന്നതിന് മുമ്പേ രാജ്യത്തെ വിദൂര ഗ്രാമങ്ങളിലേക്ക് പോലും മുത്തൂറ്റ് ഫിനാന്‍സ് കടന്നെത്തിയതുമെല്ലാം ഇതുകൊണ്ടാണ്.

സ്വര്‍ണപ്പണയ കമ്പനികള്‍ വട്ടി പലിശക്കാരല്ല, ഒരു സുസജ്ജമായ ബാങ്കിനു തുല്യം സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്ന ഇടമാണെന്ന ധാരണ ഇന്ത്യന്‍ സമൂഹത്തിലെത്തിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാരന്‍ ജോര്‍ജ് മുത്തൂറ്റാണ്. പിതാവിന്റെ മരണ ശേഷം മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പദവി ഏറ്റെടുത്ത അദ്ദേഹം സഹോദരന്മാരെയും കുടുംബത്തിലെ പുതിയ തലമുറയിലെ യുവസാരഥികളെയും ഒരുമിച്ചുചേര്‍ത്ത് മഹത്തായ ഒരു പ്രസ്ഥാനം കെട്ടിപ്പടുക്കുകയായിരുന്നു.

മൂത്തൂറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് എന്നിവരാണ് ജോര്‍ജ് മുത്തൂറ്റിന്റെ സഹോദരന്മാര്‍. എം ജി ജോര്‍ജ് മുത്തൂറ്റ് എന്ന ധിക്ഷണാശാലിയുടെ വേര്‍പാടോടെ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിന്റെയും സഹോദരന്മാരുടെയും ഉത്തരവാദിത്തവും ഏറുകയാണ്.

ജോര്‍ജ് എം ജോര്‍ജ്, അലക്‌സാണ്ടര്‍ എം ജോര്‍ജ്, പരേതനായ പോള്‍ എം ജോര്‍ജ് എന്നിവരാണ് എം ജി ജോര്‍ജ് മുത്തൂറ്റിന്റെ മക്കള്‍. കേരളത്തിലെ സംരംഭക സമൂഹത്തിന് അതിരുകളില്ലാതെ ചിന്തിക്കാനുള്ള ധൈര്യം പകരുന്ന ജീവിതമായിരുന്നു എം ജി ജോര്‍ജ് മുത്തൂറ്റിന്റേത്.


Tags:    

Similar News