മുത്തൂറ്റ് ഗ്രൂപ്പിന്റെ CSR മുഖം: ഒരുമിക്കുന്നു ബിസിനസ്, പാഷന്‍, പര്‍പ്പസ്
സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേറിട്ടൊരു മുഖമുണ്ടെന്ന് പറയുന്നു ഈ കോര്‍പ്പറേറ്റ് സാരഥി
കൊച്ചി നഗരത്തിനടുത്തുള്ള മൂലമ്പിള്ളിയില്‍ ഒരു അടിപൊളി സ്മാര്‍ട്ട് അംഗന്‍വാടിയുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യയും പുതുപുത്തന്‍ കളിപ്പാട്ടങ്ങളും കളിസ്ഥലവും ഒക്കെയായി കുരുന്നുകള്‍ക്കായൊരു സ്വര്‍ഗം!
കഴിഞ്ഞ ഓഗസ്റ്റില്‍ കൊച്ചി നഗരത്തില്‍ ഒരു ദിവസം കൊണ്ട് ഒരുലക്ഷം മെന്‍സ്ട്ര്വല്‍ കപ്പുകള്‍ വിതരണം ചെയ്തു, തീര്‍ത്തും സൗജന്യമായി. മാസങ്ങള്‍ നീണ്ട ബോധവല്‍ക്കരണ പരിപാടികളിലൂടെയും പൈലറ്റ് പ്രോജക്ട് നടപ്പാക്കി അതിന്റെ റിസര്‍ട്ട് കണ്ടറിഞ്ഞുമെല്ലാമാണ് 'കപ്പ് ഓഫ് ലൈഫ്' എന്ന പദ്ധതി നടപ്പാക്കിയത്. ഒടുവില്‍ ഇത് ഗിന്നസ് റെക്കോര്‍ഡിലേക്ക് നടന്നുകയറുകയും ചെയ്തു!
മഹാരാഷ്ട്രയിലെ തിപേശ്വര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വേനലില്‍ വെള്ളം കിട്ടാതെ വലയുന്ന കടുവകള്‍ക്കായി സൗരോര്‍ജ മോട്ടോര്‍ വെച്ച് വെള്ളം എത്തിക്കുന്ന ഒരു വലിയ കുളം സജ്ജമാക്കിയിട്ടുണ്ട്. അതിപ്പോള്‍ കടുവയ്ക്കു മാത്രമല്ല, ആ സങ്കേതത്തിലെ എല്ലാ പക്ഷി മൃഗാദികള്‍ക്കും ആശ്രയമാണ്.
രോഗം ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ പോകുന്ന ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സൗജന്യമായിഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നതിലൂടെ അടിയന്തിര ചികിത്സവേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിയും അല്ലാത്തവരെ മതിയായ മാര്‍ഗനിര്‍ദേശം നല്‍കിയും കൂടെ നിര്‍ത്തുന്ന ഒരുകൂട്ടം ഹെല്‍ത്ത് പ്രൊഫഷണലുകളുമുണ്ട്. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഓരോ വര്‍ഷവും 1,600 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി 1,60,000 സൗജന്യ ഹെല്‍ത്ത് ചെക്കപ്പുകളാണ് ഈ വിധം നടക്കുന്നത്.
ഇതെല്ലാം രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാതൃകമ്പനിയായ മുത്തൂറ്റ് ഗ്രൂപ്പിന്റെ സമൂഹ നന്മ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ചിലത് മാത്രം. ജോര്‍ജ് ജേക്കബ് മുത്തൂറ്റ് ചെയര്‍മാനും ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് മാനേജിംഗ് ഡയറക്റ്ററുമായ ഗ്രൂപ്പിന് കീഴില്‍ സ്വര്‍ണപ്പണയ വായ്പ, മൈക്രോഫിനാന്‍സ്, ഹോം ഫിനാന്‍സ്, പേഴ്‌സണല്‍ ലോണ്‍, ബിസിനസ് ലോണ്‍ എന്നുവേണ്ട എല്ലാവിധ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്.
രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് കമ്പനി മനുഷ്യരെയും പ്രകൃതിയെയും സമൂഹത്തെ ഒട്ടാകെയും ആഴത്തില്‍ സ്പര്‍ശിക്കുന്നു. അതുവഴി നല്ല മാറ്റങ്ങളും ഉണ്ടാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബിസിനസിലെ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം അഭിനയവും പാട്ടും യാത്രകളും ഒരുപോലെ ഇഷ്ടപ്പെടുന്ന, വേറിട്ട കാഴ്ച്ചപ്പാടുകളും ശൈലികളുമുള്ള മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് എം ജോര്‍ജും.
''രാജ്യമെമ്പാടും 5,800ലേറെ ശാഖകളും നാല്‍പ്പതിനായിരത്തിലേറെ ജീവനക്കാരും മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ഞങ്ങളുടെ സാന്നിധ്യവും താഴേത്തട്ടിലേക്ക് വരെ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയും കരുത്താക്കിയാണ് സാമൂഹ്യ നന്മ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഗ്രൂപ്പ് നേരിട്ട് തന്നെയാണ് ഇതെല്ലാം നടത്തുന്നത്. ഞങ്ങളെ സംബന്ധിച്ച് ഇത് കോര്‍പ്പറേറ്റ് തലത്തിലെ സാമൂഹ്യ പ്രവര്‍ത്തനമല്ല, മറിച്ച് ഗ്രൂപ്പ് ടീമംഗങ്ങളില്‍ ഓരോരുത്തരും നേരിട്ടിറങ്ങി നടത്തുന്ന ജനനന്മ ലക്ഷ്യമിട്ടുള്ള കാര്യങ്ങളാണ്'' ജോര്‍ജ് എം ജോര്‍ജ് പറയുന്നു.
ഡിഫറന്റാണ്, ഇംപാക്ട്ഫുള്ളും!
അധികമാരും കടന്നുചെല്ലാത്ത മേഖലകളില്‍ മാറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതിയാണ് മുത്തൂറ്റ്ഗ്രൂപ്പിന്റേത്. സ്മാര്‍ട്ട് അംഗന്‍വാടി ഉണ്ടാക്കുന്നതുമുതല്‍ വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാന്‍ വര്‍ഗത്തെ കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ''വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ മൂന്ന് മേഖലകളില്‍ ഊന്നിയാണ് ഞങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍.
ഹൈബി ഈഡന്‍ എം.പിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും എറണാകുളം ജില്ലാ ഭരണ കൂടവും മുത്തൂറ്റ് ഗ്രൂപ്പിനൊപ്പം ചേര്‍ന്ന് നടത്തിയ 'കപ്പ് ഓഫ് ലൈഫ്' എന്ന പദ്ധതി, ഈ മൂന്ന് മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു'' ജോര്‍ജ് എം ജോര്‍ജ് വിശദീകരിക്കുന്നു.
100 കോടി രൂപയ്ക്ക് മുകളിലാണ് മുത്തൂറ്റ് ഗ്രൂപ്പ്കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി-സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ വര്‍ഷവും വിനിയോഗിക്കുന്നത്. 2018 പ്രളയത്തില്‍ കേരളത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച്നല്‍കുന്നതു മുതല്‍ ഹരിയാനയിലെ ദരിദ്ര ഗ്രാമത്തില്‍ താമസിക്കാനിടമില്ലാത്തവരെ പുനരധിവസിപ്പിക്കുന്നതും കൊല്‍ക്കത്തയില്‍ കുടിവെള്ള വിതരണം ചെയ്യുന്നതുമെല്ലാം ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളില്‍ വിരലില്‍ എണ്ണാവുന്ന ചിലത് മാത്രം.
അളക്കുന്നുണ്ട് എല്ലാം!
സമൂഹനന്മയ്ക്കായി ചില മേഖലകള്‍ കണ്ടെത്തി, അതില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടുപോകുന്ന ഒഴുക്കന്‍ രീതിയല്ല ഗ്രൂപ്പിന്റേത്. 800 വര്‍ഷത്തെ പാരമ്പര്യമുള്ള, 19-ാം തലമുറയില്‍ എത്തിനില്‍ക്കുന്ന, മുത്തൂറ്റ് കുടുംബത്തിന്റെ പാരമ്പര്യവും ശൈലിയും ഒപ്പം സുസജ്ജമായ കോര്‍പ്പറേറ്റ് രീതികളും ഒരുമിച്ചു ചേര്‍ത്ത് അങ്ങേയറ്റം പ്രാഫഷണലായാണ് സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
''ഗ്രൂപ്പ് ഡയറക്റ്റര്‍മാരും ഇന്‍ഡിപെന്‍ഡന്റ് ഡയറക്റ്റര്‍മാരും ഉള്‍പ്പെടുന്ന സി.എസ്.ആര്‍ കമ്മിറ്റിയാണ് പദ്ധതികള്‍ തീരുമാനിക്കുന്നത്. രാജ്യം മുഴുവനും സി.എസ്.ആര്‍ മാനേജര്‍മാരുമുണ്ട്. പദ്ധതി നിര്‍വഹണം പൂര്‍ത്തിയായാല്‍ നിശ്ചിത കാലയളവ് കഴിയുമ്പോള്‍ ഇംപാക്ട് സ്റ്റഡിയും നടത്തും. വന്‍കിട പദ്ധതികള്‍ പുറത്തുനിന്നുള്ള സ്വതന്ത്ര ഏജന്‍സിയാണ് നടത്തുക. ചെറിയ പദ്ധതികള്‍ഞങ്ങള്‍ തന്നെ നേരിട്ട് വിലയിരുത്തും'' സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബു ജോണ്‍ മലയില്‍ വ്യക്തമാക്കുന്നു.
മുത്തൂറ്റ് ഗ്രൂപ്പിലെ ഓരോ അംഗവും പൂര്‍ണ മനസോടെയാണ് സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകുന്നതെന്ന് ജോര്‍ജ് എം ജോര്‍ജും ബാബു ജോണ്‍ മലയിലും ചൂണ്ടിക്കാട്ടുന്നു. ലഹരിക്കെതിരെ ലക്ഷദീപം പോലുള്ള പദ്ധതികളിലൂടെ മയക്കുമരുന്നിനെതിരെയും അതിന് അടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ഗ്രൂപ്പ് നടത്തുന്നുണ്ട്.
സമൂഹത്തിന് നന്മയുള്ള കാര്യം ചെയ്യുക എന്ന കാഴ്ച്ചപ്പാടോടെയാണ് മുത്തൂറ്റ് കുടുംബം സ്വര്‍ണപ്പണയരംഗത്തേക്ക് വരുന്നത് തന്നെ. കോര്‍പ്പറേറ്റുകള്‍ ലാഭത്തിന്റെ രണ്ട് ശതമാനം സി.എസ്.ആറിന് മാറ്റിവെയ്ക്കണമെന്ന നിയമം പാസാകുന്നതിന് മുമ്പേ ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്. ഇത്തരം നിശ്ചിത ശതമാനത്തിലൊതുങ്ങാതെ ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ ഗ്രൂപ്പ് സാരഥികള്‍ക്ക് ഒരു മടിയുമില്ല- ജോര്‍ജ് എം ജോര്‍ജ് വ്യക്തമാക്കുന്നു. ''2018 ലെ പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് അത് നിര്‍മിച്ചു നല്‍കാനാണ്
മുത്തൂറ്റ് ആഷിയാന പദ്ധതി ആരംഭിച്ചത്. ഇതിനായി ആദ്യം 20 കോടി രൂപയാണ് മാറ്റിവെച്ചത്. 200 വീടുകള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് ഇപ്പോള്‍ 250 വീടുകള്‍ ഈ പദ്ധതി പ്രകാരം നിര്‍മിച്ചു നല്‍കി.
ഹരിയാനയിലെ റെവാരിയില്‍ 20 വീടുകളാണ് നിര്‍മിച്ചത്. ഇനിയും അപേക്ഷകള്‍ വന്നുകൊണ്ടേയിരിക്കുന്നു. സ്വന്തമായി നല്ലൊരു വീട് ഇല്ലാത്തവര്‍ക്ക് അത് ലഭിക്കുമ്പോള്‍ മാറിമറിയുന്നത് അവരുടെ മാത്രം ജീവിതമല്ല,മറിച്ച് വരും തലമുറകളുടേത് കൂടിയാണ്. ഇത്തരമൊരു ഇംപാക്ടിനാണ് ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്''ജോര്‍ജ് എം ജോര്‍ജ് പറയുന്നു.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരെ ശാക്തീകരിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന കാഴ്ച്ചപ്പാടാണ് മുത്തൂറ്റ് ഗ്രൂപ്പിന്റേത്. കന്യാകുമാരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ശാസ്ത്രവിഷയങ്ങള്‍ക്കായി ലാബ് സ്ഥാപിക്കുന്നത് മുതല്‍ കോഴഞ്ചേരിയില്‍ ഏറ്റവും മികച്ച സൗകര്യങ്ങളോടെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസില്‍ എന്‍ജിനീയറിംഗ് പഠിക്കാനായി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ് സ്ഥാപിച്ചതില്‍ വരെയുള്ള വീക്ഷണവും ഇതുതന്നെ.
സി.എസ്.ആര്‍ രംഗത്തെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി പുരസ്‌കാരങ്ങളും ഗ്രൂപ്പിനെ തേടിയെത്തിയിട്ടുണ്ട്. ആഷിയാന ഹൗസിംഗ് പദ്ധതിക്ക് സി.എസ്.ആര്‍ ടൈംസ് അവാര്‍ഡ്, കപ്പ് ഓഫ് ലൈഫിന് സി.എസ്.ആര്‍ ജേണല്‍ എക്സലന്‍സ് അവാര്‍ഡ് എന്നിവ പട്ടികയില്‍ ചിലത് മാത്രം.
ഈവര്‍ഷം ജൂലൈയില്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ ജോര്‍ജ് എം ജോര്‍ജ് ലീഡര്‍ഷിപ്പ് ആന്‍ഡ് സോഷ്യല്‍വെല്‍ഫെയര്‍ രംഗത്തെ ഹുറൂണ്‍ അവാര്‍ഡും ഏറ്റുവാങ്ങി.
സമൂഹത്തെ ചേര്‍ത്തുനിര്‍ത്തുന്ന പദ്ധതികള്‍
സ്വര്‍ണപ്പണയം മുതല്‍ വെല്‍ത്ത് മാനേജ്മെന്റ്, മണി ട്രാന്‍സ്ഫര്‍, ഐ.ടി, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ഹൗസിംഗ് ഫിനാന്‍സ് എന്നിങ്ങനെ ഇരുപതോളം വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമുണ്ട് ആ വൈവിധ്യം. വിദ്യാഭ്യാസം, ജീവിത നിലവാരം ഉയര്‍ത്തല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം,ലിംഗസമത്വം ഉറപ്പാക്കലും സ്ത്രീശാക്തീകരണവും, പ്രകൃതിദുരന്തങ്ങളില്‍ പെടുന്നവര്‍ക്കുള്ള രക്ഷാസഹായം, നൈപുണ്യവികസനം, സമൂഹ നന്മയ്ക്കുതകുന്ന ബിസിനസ് പദ്ധതികളുടെ രൂപീകരണം, കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യമൊരുക്കല്‍, പരിസ്ഥിതി സംരക്ഷണം, സാങ്കേതിക വിദ്യയെയും ഇന്നൊവേഷനും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയെല്ലാമാണ് സി.എസ്.ആര്‍ പദ്ധതിക്ക് കീഴില്‍ ഗ്രൂപ്പ് നടപ്പാക്കുന്നത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഗ്രൂപ്പ് സി.എസ്.ആറിനായി വിനിയോഗിച്ച തുകയുടെ കണക്ക് താഴെ നല്‍കിയിരിക്കുന്നു.
മോട്ടോര്‍ സൈക്ലിസ്റ്റ്, നടന്‍, ഗായകന്‍ പിന്നെ റിസോര്‍ട്ട് ഉടമയും!
'സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ ബി.എ ഇക്കണോമിക്‌സിന് പ്രവേശനം ലഭിച്ചെങ്കിലും ഞാന്‍ ഹോസ്പിറ്റാലിറ്റി കോഴ്സ് പഠിക്കാന്‍ മണിപ്പാലിലേക്കാണ് ഇറങ്ങിപ്പുറപ്പെട്ടത്. എന്റെ പിതാവിന് അത് താല്‍പ്പര്യമില്ലായിരുന്നു. ഇന്നും പിന്തുടരുന്നത് എന്റെ പാഷനാണ്. എന്റെ ഒരു ദിവസം പോലും മറ്റൊന്നിന്റെ ആവര്‍ത്തനമല്ല'' ജോര്‍ജ് എം ജോര്‍ജ്പറയുന്നു. പാരീസിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഹോസ്പിറ്റാലിറ്റിയില്‍ മാസ്റ്റേഴ്സ് എടുത്ത ശേഷം റാഡിസണ്‍, ഇന്റര്‍കോണ്ടിനെന്റല്‍ ഗ്രൂപ്പുകളിലും ജോലി ചെയ്തു. പാരീസ് സര്‍വകലാശാലയിലെ പ്രൊഫസറുടെ വാക്കുകളില്‍ നിന്നാണ് കോസ്റ്റാറിക്കയെ ജോര്‍ജ് എം ജോര്‍ജ് അറിയുന്നത്.
''കേരളത്തേക്കാള്‍ പലമടങ്ങ് വലുപ്പമുള്ള ഈ രാജ്യത്ത് 40 ലക്ഷം ജനങ്ങള്‍ മാത്രമെ ഉള്ളൂ. അവര്‍ തന്നെ സ്വന്തം അധീനതയിലുള്ള സ്ഥലങ്ങള്‍ പോലുംകണ്‍സര്‍വേഷനായി സര്‍ക്കാരിന് വിട്ടുനല്‍കിക്കൊണ്ടേയിരിക്കുന്നു. ഇക്കോടൂറിസം എന്ന വാക്ക് പിറവിയെടുത്തത് കോസ്റ്റാറിക്കയിലാണ്'' ജോര്‍ജ് എം ജോര്‍ജ് വിശദീകരിക്കുന്നു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ ഡി.എം.ഡി ആയിരിക്കുമ്പോഴും ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഡിവിഷനായ സാന്‍ഡാരി റിസോര്‍ട്ട്സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് എം ജോര്‍ജാണ്. ''കമ്യൂണിറ്റി, കൊളാബൊറേഷന്‍, കണ്‍സര്‍വേഷന്‍ എന്നിങ്ങനെ മൂന്ന് പില്ലറുകളാണ് സാന്‍ഡാരിക്കുള്ളത്. മാരാരിക്കുളം, തേക്കടി, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ സാന്‍ഡാരി റിസോര്‍ട്ടുകളുണ്ട്. ഫോര്‍ട്ട് കൊച്ചിയിലേത് ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ആലപ്പുഴയില്‍ ഹൗസ്ബോട്ടുകളുമുണ്ട്. എവിടെയെല്ലാം സാന്‍ഡാരിയുണ്ടോ അതിന് ചുറ്റുമുള്ള ജനങ്ങള്‍ക്കു കൂടി അഭിവൃദ്ധി ഉണ്ടാകണമെന്ന ക്ഷ്യത്തോടെയാണ് അത് പ്രവര്‍ത്തിക്കുന്നത്. ഒരു സാന്‍ഡാരിയും മറ്റൊന്നിന് സമാനമല്ല. മറക്കാനാകാത്ത അനുഭവങ്ങള്‍ അതിഥികള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യവും'' ജോര്‍ജ് എം ജോര്‍ജ് പറയുന്നു.
ഇതുപോലെ വേറിട്ട അനുഭവങ്ങളും കാഴ്ചകളും തേടിയാണ് ജോര്‍ജ് എം ജോര്‍ജിന്റെ യാത്രകളും. പെറുവില്‍ 90 ദിവസം നീണ്ടുനില്‍ക്കുന്ന മോട്ടോര്‍സൈക്കിള്‍ യാത്രയും ഇദ്ദേഹം നടത്തിയിട്ടുണ്ട്. ബിസിനസിലും സി.എസ്.ആറിലും തന്റേതായ രീതി പിന്തുടരുന്ന ജോര്‍ജ് എം ജോര്‍ജ്, കൊച്ചിയില്‍ വല്ലാതെ മിസ്ചെ യ്യുന്ന ഒന്നുണ്ട്; പ്രൊഫഷണല്‍ തിയേറ്റര്‍ ക്ലബുകള്‍. കാരണം പഠിക്കുന്ന കാലം മുതല്‍ അഭിനയമാണ് ഇഷ്ടമുള്ള മേഖല. രണ്ടാമതായി പാട്ടും. സ്‌കൂളില്‍ ജോര്‍ജ് എം ജോര്‍ജിന്റെ മ്യൂസിക് ബാന്‍ഡിലെ ലീഡ് ഗിറ്റാറിസ്റ്റായ ഒരു വിദ്യാര്‍ത്ഥിയുണ്ടായിരുന്നു. ആ കുട്ടി ഇന്ന് മേഘാലയയുടെ മുഖ്യമന്ത്രിയാണ്, കോണ്‍റാഡ് സാംഗ്മ!
ഇവര്‍ വഴിവിളക്കുകള്‍
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനായിരുന്ന, അന്തരിച്ച എം.ജി. ജോര്‍ജ് മുത്തൂറ്റിന്റെ മൂത്തമകനാണ് ജോര്‍ജ് എം ജോര്‍ജ്. ''കുട്ടിക്കാലത്ത് പ്രത്യേക പരിഗണനയൊന്നും നല്‍കാതെയാണ് പിതാവ് എന്നെ വളര്‍ത്തിയത്. ഡല്‍ഹിയിലെ ഏറ്റവും മികച്ച സ്‌കൂളിലാണ് പഠിച്ചത്. പക്ഷേ സ്‌കൂളില്‍ പോകുന്നത് പബ്ലിക് ബസിലാണ്. ഒരു പുസ്തകംനഷ്ടപ്പെട്ടാല്‍ തല്ലുമെന്ന് മാത്രമല്ല, പുതിയത് വാങ്ങിത്തരുകയുമില്ല. സഹപാഠികളുടെ അടുത്തുനിന്ന് പുസ്തകം കടംവാങ്ങി പഠിക്കണം'' ജോര്‍ജ് എം ജോര്‍ജ് പറയുന്നു.
ചെറിയൊരു നിലയില്‍ തുടങ്ങി ഇന്ന് ഡല്‍ഹിയിലെ ടോപ് 5ല്‍ വരെ ഇടംനേടി മികച്ച സ്‌കൂളായി വളര്‍ന്ന ഡല്‍ഹി സെന്റ് ജോര്‍ജ് സ്‌കൂളിന്റെ അമരക്കാരി സാറാ ജോര്‍ജ് മുത്തൂറ്റാണ് അമ്മ. ''എന്നില്‍ സ്വാശ്രയത്വ ശീലം വളര്‍ത്തിയത് അമ്മയാണ്'' ജോര്‍ജ് എം ജോര്‍ജ് പറയുന്നു.
വിവിധതരത്തിലുള്ള സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതിനൊപ്പം രാജ്യത്തിനകത്തും പുറത്തും സാന്‍ഡാരി റിസോര്‍ട്ടുകള്‍ തുറക്കുക എന്നതും ജോര്‍ജ് എം ജോര്‍ജിന്റെ ലക്ഷ്യങ്ങളാണ്. Best is yet to come! നല്ലത് ഇനി വരാനിരിക്കുന്നതേയുള്ളൂ. ഇതാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ടാഗ്‌ലൈന്‍ തന്നെ.
(This article was originally published in Dhanam Magazine January 31st issue)