മുത്തൂറ്റ് മൈക്രോഫിന്നിന് ലാഭം 203 കോടി രൂപ; 155 ശതമാനം വര്‍ധന

കൈകാര്യം ചെയ്യുന്ന ആസ്തി 46 ശതമാനം വര്‍ധിച്ച് 9,209 കോടി രൂപയായി

Update: 2023-05-08 06:01 GMT

മുത്തൂറ്റ് മൈക്രോഫിന്‍ മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 155 ശതമാനം വര്‍ധനയോടെ 203.31 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം 79.7 കോടി രൂപയായിരുന്നു ലാഭം. 2023 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 9,209 കോടി രൂപയുടെ ആസ്തിയാണ് മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത്. 46 ശതമാനം വര്‍ധനയാണ് ഇക്കാര്യത്തില്‍ കൈവരിച്ചിട്ടുള്ളത്.

നിഷ്‌ക്രിയ ആസ്തി കുറഞ്ഞു

കമ്പനിയുടെ ആസ്തി നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി(GNPA) 6.26 ശതമാനത്തില്‍ നിന്ന് 2.97 ശതമാനമായി കുറഞ്ഞു. 2023 സാമ്പത്തിക വര്‍ഷത്തെ അറ്റ നിഷ്‌ക്രിയ ആസ്തി(NNPA) 0.60 ശതമാനമാണ്.

കമ്പനിയുടെ ഉപയോക്താക്കളുടെ എണ്ണം 20.5 കോടിയായിരുന്നത് 35 ശതമാനം ഉയര്‍ന്ന് 27.7 കോടിയായി. വായ്പ വിതരണം 68 ശതമാനം വര്‍ധിച്ച് 8,104 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വായ്പാ വിതരണം 4,800 കോടി രൂപയായിരുന്നു. 5 സ്റ്റാര്‍ ഇ.എസ്.ജി റേറ്റിംഗും മുത്തൂറ്റ് മൈക്രോഫിന്‍ കൈവരിച്ചിട്ടുണ്ട്.

Tags:    

Similar News