ചീഫ് അഡ്മിനിസ്‌ട്രേഷന്‍, വിജിലന്‍സ് ഓഫീസര്‍മാരെ നിയമിച്ച് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള ദീര്‍ഘകാല തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍

Update:2022-12-06 18:23 IST

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ചീഫ് അഡ്മിനിസ്‌ട്രേഷന്‍, വിജിലന്‍സ് ഓഫീസര്‍മാരെ നിയമിച്ചു. വി എല്‍ പോളിനെ ചീഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസറായും വിരമിച്ച ഐപിഎസ് ഓഫിസറായ ടോമി സെബാസറ്റിയനെ ചീഫ് വിജിലന്‍സ് ഓഫിസറായുമാണ് നിയമിച്ചത്. രാജ്യ വ്യാപകമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനുള്ള ദീര്‍ഘകാല തന്ത്രങ്ങളുടെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍.

ഭരണ, മാനേജ്‌മെന്റ് രംഗത്ത് നാലു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള വി എല്‍ പോളിന്റെ നിയമനം കമ്പനിയുടെ വളര്‍ച്ചാ പദ്ധതികളെ ത്വരിതപ്പെടുത്തുകയും പിന്തുണക്കുകയും ചെയ്യും. മുത്തൂറ്റ് മിനിയില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ ജനറല്‍ മാനേജറായും ഇസാഫ് സ്വാശ്രയയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായും പ്രവര്‍ത്തിച്ചിരുന്നു.

കമ്പനിയുടെ ആഭ്യന്തര നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നു എന്ന് ഉറപ്പാക്കുന്നതുമായിരിക്കും ചീഫ് വിജിലന്‍സ് ഓഫിസറായുള്ള ടോമി സെബാസ്റ്റ്യന്റെ നിയമനം. ഇന്ത്യന്‍ പോലീസ് സേനയില്‍ മൂന്നു ദശാബ്ദത്തിലേറെ പ്രവര്‍ത്തിച്ചിട്ടുള്ള ഉന്നത നിലയിയില്‍ വിരമിച്ച ഐപിഎസ് ഓഫിസറാണ് ടോമി സെബാസറ്റിയന്‍. കേരളാ പോലീസിലെ അദ്ദേഹത്തിന്റെ സേവനത്തിനിടെ കേരളാ ഡിജിപിയില്‍ നിന്ന് അദ്ദേഹത്തിന് 85 ഗുഡ് സര്‍വീസ് എന്‍ട്രികളും, 17 അപ്പ്രീസിയേഷന്‍സും, ഒരു കമന്റേഷനും, ഒരു എംഎസ്ഇയും ലഭിച്ചിട്ടുണ്ട്. 2000-ല്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും 2021-ല്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും അദ്ദേഹത്തിനു ലഭിച്ചിരുന്നു.

വി എല്‍ പോളിനെ ചീഫ് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസറായും ടോമി സെബാസ്റ്റ്യനെ ഐപിഎസ് (റിട്ട) ചീഫ് വിജിലന്‍സ് ഓഫിസറായും സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. അവരുടെ നേതൃത്വം പുതിയ ഉയരങ്ങള്‍ കീഴടക്കുവാനും ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വന്‍ ശക്തിയായി വളരുവാനും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2023 അവസാനത്തോടെ ഇപ്പോഴത്തെ 840-ല്‍ പരം ശാഖകള്‍ എന്നതില്‍ നിന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, യുപി, ഗോവ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുശ്ശേരിയിലുമായി 1000 ശാഖകളിലേക്കു വളരാനാണ് മുത്തൂറ്റ് മിനി ലക്ഷ്യമിടുന്നത്.

Tags:    

Similar News