കാത്തിരിപ്പിന്റെ 13 വര്‍ഷങ്ങള്‍; ദുരന്തമേഖലകളിലെ ഇന്‍ഷുറന്‍സ് യാഥാര്‍ത്ഥ്യമായില്ല

പ്രകൃതി ദുരന്തങ്ങളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

Update:2024-08-06 12:34 IST

Image : Canva

പ്രകൃതി ദുരന്തങ്ങള്‍ ജീവനാശം വിതക്കുന്ന ഇന്ത്യയില്‍ ഫലപ്രദമായ ഇന്‍ഷുറന്‍സ് പദ്ധതിക്കായുള്ള കാത്തിരിപ്പിന് അവസാനമില്ല. പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളില്‍ നശിക്കുന്ന വീടുകള്‍ക്കും മറ്റു സ്വത്തുക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ കൊണ്ടുവരുന്നതിനുള്ള നിര്‍ദേശം 13 വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ ഫയലില്‍ ഉറങ്ങുകയാണ്. ദുരന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു...മനുഷ്യര്‍ക്കൊപ്പം കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളും നശിക്കുന്നു. വയനാട്ടില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ കുറച്ചു പേര്‍ക്ക് മാത്രമാണ് നഷ്ടങ്ങള്‍ക്ക് അനുസൃതമായ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പലര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സ് ഉണ്ടാകാമെങ്കിലും വീടുകള്‍ക്കോ മറ്റു സ്വത്തുക്കള്‍ക്കോ പരിരക്ഷയുണ്ടാകില്ല. മാത്രമല്ല, രേഖകള്‍ നഷ്ടപ്പെട്ടതിനാല്‍ പലര്‍ക്കും ഇന്‍ഷുറന്‍സ് ക്ലെയിം വെല്ലിവിളിയാകും. പല ഇന്‍ഷുറന്‍സ് കമ്പനികളും ക്ലെയിം നിബന്ധനകള്‍ ലഘൂകരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ടെന്നത് ആശ്വാസമായിട്ടുണ്ട്.

കെട്ടിക്കിടക്കുന്നത് നിരവധി നിര്‍ദേശങ്ങള്‍

2010 ല്‍ തമിഴ്‌നാട്ടില്‍ കൊടുങ്കാറ്റ് വ്യാപക നാശം വിതച്ചപ്പോഴാണ് പ്രകൃതി ദുരന്തങ്ങളെ മുന്നില്‍ കണ്ടുള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് ദേശീയ തലത്തില്‍ നിര്‍ദേശം വന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയും മുന്‍കയ്യെടുത്ത് രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയിലെ വിദഗ്ധരുമായി  ചര്‍ച്ച ചെയ്ത് ഒരു ദുരന്ത പരിരക്ഷാ പദ്ധതിക്ക് രൂപം നല്‍കി. 5,000 കോടി രൂപ മൂല്യമുള്ള പദ്ധതിയായിരുന്നു ഇത്. ദുരന്തങ്ങളുണ്ടാകുന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉപയോഗപ്പെടുത്താമെന്നായിരുന്നു ലക്ഷ്യം. ദുരന്തത്തിന്റെ ഇരകള്‍ക്കും സര്‍ക്കാരുകള്‍ക്കും ഏറെ ആശ്വാസമാകും ഇതെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഈ പദ്ധതി പ്രാരംഭ ചര്‍ച്ചകള്‍ക്കപ്പുറം മുന്നേറിയില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഈ പദ്ധതിയെ വീണ്ടും പൊടിതട്ടിയെടുത്ത് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ചര്‍ച്ചകള്‍ക്കപ്പുറം ഇപ്പോഴും മുന്നോട്ടു നീങ്ങുന്നില്ല. കഴിഞ്ഞ വര്‍ഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച് ഒരു പഠനം നടത്തിയിരുന്നു. 2020 ല്‍ രാജ്യത്തുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ മൂലമുള്ള സാമ്പത്തിക നഷ്ടം 52,500 കോടി രൂപയാണെന്ന് ഈ പഠനത്തില്‍ കണ്ടെത്തി. ഇതില്‍ 11 ശതമാനം മാത്രമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ ദുരന്തങ്ങളില്‍ 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായതായാണ് കണക്കാക്കിയിരുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തതിനാല്‍ ദുരന്തഭൂമികളുടെ പുനര്‍നിര്‍മ്മാണം സര്‍ക്കാരിന് അപ്രതീക്ഷിതമായ ഭാരിച്ച ചെലവുകളുണ്ടാക്കുന്നതായും വിലയിരുത്തപ്പെട്ടു.

വയനാട് ദുരന്തം കണ്ണു തുറപ്പിക്കുമോ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് ജില്ലയിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും സംഭവിച്ചത്. മേഘവിസ്‌ഫോടനമായും പ്രളയമായും ഉരുള്‍പൊട്ടലുകളായും ദുരന്തങ്ങള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ സ്ഥിരമായി വേട്ടയാടുന്നുണ്ട്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വര്‍ഷം തോറും നൂറുകണക്കിന് പേരാണ് ഇത്തരം പ്രകൃതി ദുരന്തങ്ങളില്‍ മരിക്കുന്നത്. കെട്ടിടങ്ങള്‍ ഉള്‍പ്പടെ വിലയേറിയ സ്വത്തുക്കളും നിലംപൊത്തുന്നു. ലോകത്ത് പ്രകൃതി ദുരന്തങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് മുന്നില്‍. ഇന്ത്യയില്‍ പ്രളയമാണ് പ്രധാന ഭീഷണി. ദുരന്തങ്ങളുണ്ടാക്കുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍ ഇനിയെങ്കിലും ഇന്‍ഷുറന്‍സ് പദ്ധതി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. വയനാട് ദുരന്തം കേന്ദ്രസര്‍ക്കാരിന്റെയും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റിയുടെയും കണ്ണു തുറപ്പിക്കുമോ എന്നാണ് ഇന്‍ഷുറന്‍സ് മേഖല ഉറ്റുനോക്കുന്നത്.

Tags:    

Similar News