ഇനി ഓടിക്കുന്നതിന് അനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം, നല്ല ഡ്രൈവര്‍മാര്‍ക്ക് ഇളവുകള്‍

ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഫ്‌ലോട്ടിംഗ് പോളിസികള്‍ക്കും അനുമതി

Update:2022-07-07 10:49 IST

മോട്ടോര്‍ ഒഡി (Own Damage) ഇന്‍ഷുറന്‍സുകള്‍ക്ക് പുതിയ രീതികള്‍ ആവിഷ്‌കരിക്കാന്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുവാദം നല്‍കി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (Irdai). വാഹന ഉടമകളുടെ ഉപയോഗത്തിന് അനുസരിച്ച് പ്രീമിയം തുകയില്‍ മാറ്റം വരുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി എത്രദൂരം വാഹനം ഓടിക്കുന്നു( pay as you drive), എത്ര സുരക്ഷിതമായി വാഹനം ഓടിക്കുന്നു (pay how you drive) തുടങ്ങിയ ഓപ്ഷനുകള്‍ അഡ് ഓണ്‍ ചെയ്യാന്‍ സാധിക്കും.

അതായത് മാസം 200-300 കി.മീ വാഹനം ഓടിക്കുന്ന ഒരാളും 1200-1500 കി.മീ വാഹനം ഓടിക്കുന്നവരും ഒരേ പ്രീമിയം അടയ്‌ക്കേണ്ടി വരില്ല. ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥാതയിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഫ്‌ലോട്ടിംഗ് പോളിസികള്‍ നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഒരു പോളിസിയുടെ കീഴില്‍ ഒന്നിലധികം വാഹനങ്ങള്‍ കവര്‍ ചെയ്യാന്‍ സാധിക്കുന്ന രീതി ഉടമകള്‍ക്ക് സൗകര്യപ്രദമാവും. പല തീയതികളില്‍ ഇന്‍ഷുറന്‍സ് പുതുക്കുന്നതിന്റെ ബുദ്ധിമുട്ടും സമയ നഷ്ടവും അധിക ചെലവും ഇതിലൂടെ ഒഴിവാക്കാനാവും.

നിലവില്‍ റെഗുലേറ്ററി അതോറിറ്റിയുടെ സാന്‍ഡ്‌ബോക്‌സ് പദ്ധതിക്ക് കീഴില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ടെക്-അധിഷ്ടിതമായ വിവിധ സേവനങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. വാഹനം ഓടുമ്പോള്‍ ഇന്‍ഷുറന്‍സ് ആക്ടിവേറ്റ് ചെയ്യപ്പെടുന്ന edelweiss ജനറല്‍ ഇന്‍ഷുറന്‍സിന്റെ സ്വിച്ച് പോളിസി  ഇതിന് ഉദാഹരണമാണ്.

Tags:    

Similar News