ബാങ്ക് ജീവനക്കാര്‍ക്ക് ഉടന്‍ ശമ്പളം കൂടും; ജോലി ആഴ്ചയില്‍ 5 ദിവസമാകും
15-20 ശതമാനം ശമ്പള വര്‍ധനയാണ് നടപ്പാക്കുക
ബാങ്ക് ജീവനക്കാരുടെ ശമ്പള വര്‍ധന, പ്രവൃത്തി ദിനങ്ങള്‍ എന്നിവ സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 15-20 ശതമാനം വര്‍ധനയാണുണ്ടാകുക എന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത മാസം പകുതിയോടെ ശമ്പള പരിഷ്‌കരണം ഉണ്ടായേക്കും. കൂടാതെ ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനവുമായേക്കും. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് യൂണിയനുകളും ചേര്‍ന്നുള്ള പന്ത്രണ്ടാമത് ബൈ പാര്‍ട്ടി സെറ്റില്‍മെന്റ് ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനം അറിയാമെന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
15 ശതമാനം മുതലാണ് ശമ്പള വര്‍ധന പരിഗണിക്കുന്നതെങ്കില്‍ ബാങ്കിംഗ് വേതന ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും അത്തരത്തില്‍ ഒരു കാര്യം നടക്കുക എന്ന് ഐ.ബി.എയുമായി ബന്ധമുള്ളവര്‍ പറയുന്നത്. ഐ.ബി.എയ്ക്ക് കീഴിലുള്ള എല്ലാ ബാങ്കുകൾക്കും പുതിയ മാറ്റം ബാധകമായിരിക്കും.
ആഴ്ചയില്‍ അഞ്ച് ദിവസം പ്രവൃത്തി ദിനമാക്കാനുള്ള തീരുമാനം ശമ്പള വര്‍ധനയ്‌ക്കൊപ്പമോ അല്ലെങ്കില്‍ ശമ്പള വര്‍ധന സംബന്ധിച്ച തീരുമാനം പുറത്തു വന്നതിനു ശേഷമോ അറിയാന്‍ കഴിഞ്ഞേക്കും. വാരാന്ത്യത്തില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കുമെങ്കിലും സാധാരണ പ്രവൃത്തി ദിനങ്ങളിലെ സമയ ക്രമം പോലെയാവില്ല അതെന്നും സൂചനയുണ്ട്.
നേരത്തെ ബാങ്ക് തുറന്ന് സാധാരണ അടയ്ക്കുന്നതിനേക്കാള്‍ 30-45 മിനിറ്റ് വൈകിയാകും അടയ്ക്കുക. കൂടുതല്‍ പ്രവര്‍ത്തന സമയത്തിലൂടെയാകും സേവനങ്ങള്‍ ക്രമീകരിക്കുക.
പൊതുമേഖല ബാങ്ക് ജീവനക്കാരുടെ നിലവിലെ വേജ് എഗ്രിമെന്റ് 2022 നവംബര്‍ ഒന്നിന് കാലാവധി കഴിഞ്ഞതാണ്. പൊതു മേഖല ബാങ്കുകള്‍ക്കൊപ്പം ഗ്രാമീണ്‍ ബാങ്കുകളുടെ (regional rural banks) ശമ്പള പരിഷ്‌കരണവും നടന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.