കേന്ദ്രത്തിനുള്ള ലാഭവിഹിതം: സാവകാശം തേടാന്‍ പൊതുമേഖലാ ബാങ്കുകള്‍

കിട്ടാക്കട പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ മൂലധനം സമാഹരിക്കണം. ഈ അവസ്ഥയില്‍ ലാഭവിഹിതം നല്‍കുക പ്രയാസം

Update:2023-03-28 17:45 IST

കിട്ടാക്കട പ്രതിസന്ധി പൂര്‍ണമായും നിയന്ത്രണവിധേയമാകും വരെ കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ പൊതുമേഖലാ ബാങ്കുകളുടെ നീക്കം. തുടര്‍ച്ചയായി 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെയാണ് ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി (കിട്ടാക്കടം) കണക്കാക്കുന്നത്.

കിട്ടാക്കടനിരക്ക് കുറച്ച് ബാലന്‍സ് ഷീറ്റ്‌ല മെച്ചപ്പെടുത്താനായി നിലവില്‍ ബാങ്കുകള്‍ മൂലധനത്തില്‍ നിന്ന് നിശ്ചിതതുക മാറ്റിവയ്ക്കുന്നുണ്ട് (പ്രൊവിഷനിംഗ്). ബാങ്കുകള്‍ ഇനിമുതല്‍ പ്രതീക്ഷിത കിട്ടാക്കട അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞ്, ആനുപാതികമായി തുക വകയിരുത്തണമെന്ന് കഴിഞ്ഞ ജനുവരിയില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. അതായത്, കിട്ടാക്കടമാകാന്‍ സാദ്ധ്യതയുള്ള വായ്പകള്‍ക്കായും പ്രൊവിഷനിംഗ് തുക വകയിരുത്തണം.
ഇത് ബാങ്കുകള്‍ക്ക് മൂലധനത്തില്‍ കൂടുതല്‍ ഞെരുക്കം സൃഷ്ടിക്കും. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന് ലാഭവിഹിതം നല്‍കുന്നതില്‍ നിന്ന് താത്കാലികമായെങ്കിലും ഒഴിവ് നല്‍കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.
വേണം കൂടുതല്‍ തുക
റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം പാലിക്കാന്‍ വലിയ പൊതുമേഖലാ ബാങ്കുകള്‍ മാത്രം 6,000 കോടി രൂപയ്ക്കുമേല്‍ വകയിരുത്തേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. അതായത്, ഇത്രയും തുക മൂലധനത്തില്‍ നിന്ന് ബാങ്കുകള്‍ കണ്ടെത്തണം.
പൊതുമേഖലാ ബാങ്കുകള്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി മികച്ച ലാഭമാണ് കുറിക്കുന്നത്. കിട്ടാക്കടനിരക്ക് (മൊത്തം നിഷ്‌ക്രിയ ആസ്തി/ജി.എന്‍.പി.എ) 2018 മാര്‍ച്ചിലെ 11.5 ശതമാനത്തില്‍ നിന്ന് 2022 സെപ്തംബറില്‍ 5 ശതമാനമായി കുറഞ്ഞതും നേട്ടമായി. എന്നാല്‍, പ്രൊവിഷനിംഗ് നിരക്ക് കഴിഞ്ഞ 25 വര്‍ഷത്തെ ഉയരത്തിലാണുള്ളത്.
കേന്ദ്രത്തിനുള്ള വിഹിതം
ലാഭത്തില്‍ നിന്ന് പൊതുമേഖലാ ബാങ്കുകള്‍ 2015-16ല്‍ സംയുക്തമായി 5,757 കോടി രൂപയാണ് കേന്ദ്രത്തിന് നല്‍കിയത്. 2015-16ല്‍ 2,290 കോടി രൂപയും 2016-17ല്‍ 2,690 കോടി രൂപയും നല്‍കി. തുടര്‍ന്നുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലും പ്രതിസന്ധി മൂലം ലാഭവിഹിതം നല്‍കിയില്ല. 2020-21ല്‍ 3,796 കോടി രൂപ നല്‍കി. 2021-22ല്‍ 12,172 കോടി രൂപയും നല്‍കി.
Tags:    

Similar News